'എനിക്കൊരു കുഞ്ഞുണ്ട്', ഫ്‌ളോറിഡ കോറല്‍സ്പ്രിങ്‌സിലെ ആശുപത്രിക്ക് പുറത്ത് കുത്തേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുമ്പോള്‍ മെറിന്‍ ജോയ് പറഞ്ഞത് അത് മാത്രമാണ്. ഭര്‍ത്താവിന്റെ കൊലക്കത്തിക്കിരയായി പിടഞ്ഞുവീണപ്പോഴും അന്ന് രണ്ടുവയസ്സുപ്രായമുണ്ടായിരുന്ന മകള്‍ നോറയെക്കുറിച്ച് മാത്രമാണ് അവസാനനിമിഷങ്ങളിലും മെറിന്‍ ചിന്തിച്ചത്. മലയാളികളെ ഒന്നടങ്കം നടുക്കിയ ആ ക്രൂരകൃത്യത്തില്‍ മൂന്നുവര്‍ഷത്തിന് ശേഷം കോടതി വിധി പറഞ്ഞിരിക്കുന്നു. മെറിന്‍ ജോയിയെ നിഷ്‌കരുണം കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു(നെവിന്‍-34)വിന് ജീവപര്യന്തം ശിക്ഷയാണ് യു.എസിലെ കോടതി വിധിച്ചത്. ഇത് പരോളില്ലാത്ത ജീവപര്യന്തമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. യു.എസില്‍ ജീവപര്യന്തം ശിക്ഷയെന്നത് മരണംവരെയായതിനാല്‍ പ്രതി ഇനിയുള്ള കാലം അഴിക്കുള്ളില്‍ തന്നെയാകും. 

To advertise here,

2020 ജൂലായ് 28-നാണ് കോട്ടയം മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്‌സി ദമ്പതിമാരുടെ മകള്‍ മെറിന്‍ ജോയി(27)യെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു അതിക്രൂരമായി കൊലപ്പെടുത്തിയത്. കോറല്‍സ്പ്രിങ്‌സിലെ ആശുപത്രിയില്‍ നഴ്‌സായിരുന്ന മെറിനെ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. 17 തവണയാണ് ഇയാള്‍ ഭാര്യയെ കത്തി കൊണ്ട് കുത്തിയത്. ഇതിനുശേഷം കുത്തേറ്റുവീണ മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റിയും അയാളുടെ ക്രൂരത തുടര്‍ന്നു. ഒടുവില്‍ സംഭവസ്ഥലത്തുനിന്ന് കാറില്‍ രക്ഷപ്പെട്ട ഫിലിപ്പിനെ ഒരുഹോട്ടലില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയശേഷം ഹോട്ടലിലെത്തിയ ഇയാളെ കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. 

ഹംപിന് മുകളിലൂടെന്ന പോലെ കാറോടിച്ച് കയറ്റി...

2020 ജൂലായ് 28-ന് കോറല്‍സ്പ്രിങ്‌സിലെ ബ്രോവാഡ് ഹെല്‍ത്ത് സെന്ററില്‍ മെറിന്റെ അവസാനദിനമായിരുന്നു. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് കോറല്‍സ്പ്രിങ്‌സിലെ ജോലി രാജിവെച്ച് താമ്പയിലേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചിരുന്ന മെറിന്‍, പുതിയ നഗരത്തില്‍ പുതിയ താമസസ്ഥലവും കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 15-ന് പുതിയസ്ഥലത്ത് പുതുജീവിതം തുടങ്ങാനുള്ള കാത്തിരിപ്പിനിടെയായിരുന്നു മെറിന്‍ കൊല്ലപ്പെട്ടത്. 

placeholder
Photo: Facebook.com/Justice For Merin Joy 

ജൂലായ് 28-ന് രാവിലെ എല്ലാവരോടും യാത്രപറഞ്ഞ് ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയ മെറിനെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു കാത്തിരുന്ന് വകവരുത്തുകയായിരുന്നു. മെറിനെ തടഞ്ഞുനിര്‍ത്തിയ ഇയാള്‍ കത്തി കൊണ്ട് നിരന്തരം കുത്തിപരിക്കേല്‍പ്പിച്ചു. ശരീരമാസകലം 17 തവണയോളം കുത്തേറ്റ മെറിന്‍ പിടഞ്ഞുവീണു. പിന്നാലെ കാറില്‍ കയറിയ പ്രതി മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റി. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു ഇത്. ഒരു ഹംപിന് മുകളിലൂടെ കയറ്റുന്നത് പോലെയാണ് ഫിലിപ്പ് മെറിന്റെ ദേഹത്തുകൂടെ കാര്‍ ഓടിച്ചുകയറ്റിയതെന്നായിരുന്നു സംഭവത്തിന് സാക്ഷിയായ ഒരു സഹപ്രവര്‍ത്തക പ്രതികരിച്ചത്. 

2016-ല്‍ വിവാഹം, ഉപദ്രവം പതിവ്, വിവാഹമോചനത്തിനും തീരുമാനിച്ചു...

2016 ജൂലായിലാണ് ചങ്ങനാശ്ശേരി സ്വദേശിയായ ഫിലിപ്പ് മാത്യുവും നഴ്‌സായ മെറിന്‍ജോയിയും വിവാഹിതരായത്. പ്ലസ്ടു വരെ നാട്ടില്‍ പഠിച്ച ഫിലിപ്പ് മാത്യു ഇതിനുശേഷമാണ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നത്. ഇയാളുടെ ഉപരിപഠനവും ജോലിയുമെല്ലാം അമേരിക്കയിലായിരുന്നു. ഇതിനിടെയാണ് നഴ്‌സായ മെറിനെ വിവാഹം കഴിച്ചത്. 

ഫിലിപ്പ് മെറിനെ പലതവണ ഉപദ്രവിച്ചിരുന്നതായും പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കിയതായും കുടുംബം പറഞ്ഞിരുന്നു. ഒരിക്കല്‍ മെറിനെ ആക്രമിച്ചതിന് ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെറിന്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ വീട് അടച്ചുപൂട്ടിയിരിക്കുന്നതായിരുന്നു ഫിലിപ്പിന്റെ പതിവ്. ഒരിക്കല്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചപ്പോള്‍ ഉറങ്ങിപ്പോയതാണെന്നായിരുന്നു ഇയാളുടെ മറുപടി. 2018-ലാണ് ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞുണ്ടായത്. എന്നാല്‍, നോറ ജനിച്ചശേഷം ഓണ്‍ലൈനില്‍പോലും കുഞ്ഞിനെ കാണാന്‍ മെറിന്റെ അച്ഛനെ ഫിലിപ്പ് അനുവദിച്ചിരുന്നില്ല. മെറിന്‍ നാട്ടിലെ കുടുംബവുമായി സംസാരിക്കുന്നതും ഇയാള്‍ വിലക്കിയിരുന്നു. 

2019 ഡിസംബറിലാണ് കുഞ്ഞുമായി ദമ്പതിമാര്‍ അവസാനമായി നാട്ടിലെത്തിയത്. ഈ സമയത്താണ് ചങ്ങനാശ്ശേരിയിലെ ഭര്‍തൃവീട്ടില്‍വെച്ചും മെറിനെ ഫിലിപ്പ് ആക്രമിച്ചത്. ഉപദ്രവത്തെത്തുടര്‍ന്ന് ഒരിക്കല്‍ മെറിന്‍ വീട്ടുകാരെ വിവരമറിയിച്ചു. പിതാവും ബന്ധുക്കളും മെറിനെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുവരാനായി ഭര്‍തൃവീട്ടിലെത്തി. എന്നാല്‍, ഈ സമയം കുഞ്ഞുമായി ഫിലിപ്പ് മുറിയില്‍ കതകടച്ചിരുന്നു. ഏറെനേരത്തെ തര്‍ക്കത്തിന് ശേഷമാണ് ഇയാള്‍ മുറിയില്‍നിന്ന് പുറത്തുവന്നത്. അന്ന് കുഞ്ഞുമായി മെറിന്‍ സ്വന്തംവീട്ടിലേക്ക് മടങ്ങി. പിന്നാലെ ചങ്ങനാശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നതായും ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. 

placeholder
Photo: Facebook.com/Justice For Merin Joy 

ഉപദ്രവം സഹിക്കവയ്യാതെയാണ് നാട്ടിലായിരുന്ന സമയത്ത് വിവാഹമോചനത്തിനായി മെറിന്‍ കോടതിയെ സമീപിച്ചത്. മെറിന്‍ പരാതി നല്‍കിയതും കോടതിയെ സമീപിച്ചതും അറിഞ്ഞതോടെ കേസില്‍ കുടുങ്ങുമെന്ന് ഭയന്ന് ഫിലിപ്പ് നേരത്തെ തന്നെ നാട്ടില്‍നിന്ന് മടങ്ങി. 2020 ജനുവരി 20-ന് ഒരുമിച്ച് അമേരിക്കയിലേക്ക് മടങ്ങാനാണ് ഇരുവരും നേരത്തെ ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ മെറിന്‍ പരാതി നല്‍കിയതോടെ ഇയാള്‍ ജനുവരി ഒന്നാംതീയതി തന്നെ നാട്ടില്‍നിന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ച് ജനുവരി 29-ന് മെറിനും അമേരിക്കയിലേക്ക് മടങ്ങി. 

ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ച ഭര്‍ത്താവ്....

ഫിലിപ്പിന് അമേരിക്കയില്‍ കാര്യമായ ജോലിയൊന്നും ഇല്ലെന്നായിരുന്നു മെറിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. മകളുടെ ശമ്പളം പൂര്‍ണമായും ചെലവഴിച്ചിരുന്നത് ഭര്‍ത്താവായിരുന്നുവെന്നും നേരത്തെയും ഇയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും മെറിന്റെ പിതാവ് പറഞ്ഞിരുന്നു. മെറിനെ ആക്രമിച്ചിരുന്ന പ്രതി, ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നതായും ഇദ്ദേഹം ആരോപിച്ചിരുന്നു. 

placeholder
Photo: Facebook.com/Justice For Merin Joy 

മെറിന്റെ കൊലപാതകത്തിന് പിന്നാലെ കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ബന്ധുക്കളും കുടുംബാംഗങ്ങളും യു.എസിലെ മലയാളി സമൂഹവും ഇടപെട്ടിരുന്നു. മെറിന്റെ മകളുടെ ഭാവിക്കായി അമേരിക്കയിലെ മലയാളിസംഘടനകള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനശേഖരണവും നടത്തി. കുഞ്ഞിന്റെ കാര്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായിരിക്കും ഈ തുക വിനിയോഗിക്കുകയെന്നും ഇതിന് നേതൃത്വം നല്‍കിയവര്‍ പ്രതികരിച്ചിരുന്നു.