കണ്ണൂരിലെത്തിയ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ യുവാവ് സഹയാത്രികരെ തീകൊളുത്തിയ ബോഗിയിൽ പോലീസ് പരിശോധന നടത്തുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ/ മാതൃഭൂമി
തീപിടിത്തം, യാത്രക്കാരുടെ കൂട്ടനിലവിളി, പൊള്ളലേറ്റത് ഒമ്പതുപേര്‍ക്ക്, മണിക്കൂറുകള്‍ക്ക് ശേഷം പിഞ്ചുകുഞ്ഞടക്കം മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്തയും. കഴിഞ്ഞദിവസം രാത്രി ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ(16307) യാത്രക്കാര്‍ സാക്ഷ്യംവഹിച്ചത് അതിദാരുണമായ സംഭവത്തിനാണ്. ഒരാള്‍ ട്രെയിനിലെ യാത്രക്കാരെ തീകൊളുത്തിയെന്ന വിവരം പുറത്തറിഞ്ഞത് മുതല്‍ നിലനില്‍ക്കുന്ന ദുരൂഹത 12 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നീങ്ങിയിട്ടില്ല. ട്രെയിനിലെ യാത്രക്കാരെ തീകൊളുത്തിയ അക്രമിയെ കണ്ടെത്താനായി പോലീസും റെയില്‍വേ പോലീസും ഊര്‍ജിതമായ അന്വേഷണം തുടരുന്നു. സംശയകരമായരീതിയില്‍ ബാഗും ചില കുറിപ്പുകളും കണ്ടെടുത്തതോടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ദേശീയ അന്വേഷണ ഏജന്‍സിയും സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
അടിമുടി ദുരൂഹത, സംഭവം ഇങ്ങനെ....
ഞായറാഴ്ച ഉച്ചയ്ക്ക് 2.50-ന് ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്(16307) രാത്രി 09.08-നാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നത്. കോഴിക്കോട് പിന്നിട്ടാല്‍ പിന്നീട് ട്രെയിനിലെ യാത്രക്കാര്‍ കുറയും. ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൊയിലാണ്ടി മുതല്‍ കണ്ണൂര്‍ വരെയുള്ള സ്റ്റേഷനുകളില്‍ ഇറങ്ങേണ്ട യാത്രക്കാരുമായി ട്രെയിന്‍ നാലുമിനിറ്റിന് ശേഷം 09.12-ഓടെ കോഴിക്കോട് സ്‌റ്റേഷനില്‍നിന്നും യാത്ര തുടര്‍ന്നു. എന്നാല്‍ ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ടതിന് പിന്നാലെ കേരളത്തെ നടുക്കിയ സംഭവങ്ങള്‍ക്കാണ് എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് സാക്ഷ്യം വഹിച്ചത്.
രാത്രി 9.20, D1- കോച്ചില്‍ യാത്രക്കാരെ തീകൊളുത്തി...
എലത്തൂര്‍ സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെ രാത്രി 09.20-ഓടെയാണ് എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ അക്രമസംഭവം അരങ്ങേറുന്നത്. കൈയില്‍ പെട്രോള്‍നിറച്ച കുപ്പിയുമായി D1 കോച്ചിലെത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു. യാത്രക്കാരുടെ ദേഹത്തും ട്രെയിനിനകത്തും ഇതോടെ തീ ആളിപ്പടര്‍ന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി. കൂട്ടനിലവിളി ഉയര്‍ന്നു. ഇതിനിടെ തീയണയ്ക്കാനുള്ള ശ്രമങ്ങളും യാത്രക്കാര്‍ നടത്തി.
റിസര്‍വേഷന്‍ കോച്ചായ D1-ല്‍ തീ കണ്ടതോടെ മറ്റുകോച്ചുകളിലുള്ളവരാണ് ട്രെയിനിലെ അപായച്ചങ്ങല വലിച്ചതെന്നാണ് യാത്രക്കാര്‍ നല്‍കിയ പ്രാഥമികവിവരം. ട്രെയിനിന് തീപിടിച്ചെന്നായിരുന്നു മറ്റുകോച്ചുകളിലെ യാത്രക്കാര്‍ ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഒരാള്‍ തീകൊളുത്തിയതാണെന്ന വിവരമറിഞ്ഞത്. അതേസമയം, അപായച്ചങ്ങല വലിച്ചപ്പോള്‍ ട്രെയിനിന്റെ മിക്ക കോച്ചുകളും കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ഇതുകാരണം പരിക്കേറ്റവരെ പുറത്തെത്തിക്കാനും താമസം നേരിട്ടു. മറ്റുകോച്ചുകളിലൂടെയാണ് ഇവരെ ട്രെയിനിന് പുറത്തേക്ക് ഇറക്കിയത്.
സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ പോലീസ് സ്ഥലത്തെത്തി. പൊള്ളലേറ്റവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ട്രെയിനില്‍ ചില തര്‍ക്കമുണ്ടായെന്നും ഇതിനുപിന്നാലെ ഒരാള്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയെന്നുമായിരുന്നു പുറത്തുവന്ന ആദ്യവിവരങ്ങള്‍. സ്ത്രീയെ ലക്ഷ്യമിട്ടാണ് തീകൊളുത്തിയെന്നും സൂചനകളുണ്ടായി. എന്നാല്‍ D1 കോച്ചിലെ യാത്രക്കാരുടെ പ്രതികരണങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമായത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീകൊളുത്തിയതെന്നായിരുന്നു അതേ കോച്ചിലുണ്ടായിരുന്ന മറ്റുയാത്രക്കാരുടെ പ്രതികരണം. സംഭവത്തിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ ട്രെയിനില്‍നിന്ന് ചാടിയിറങ്ങിപ്പോയെന്നാണ് സംശയമെന്നും ഇവര്‍ പറഞ്ഞിരുന്നു.
പൊള്ളലേറ്റത് ഒമ്പതുപേര്‍ക്ക്, രണ്ടുപേരുടെ നിലഗുരുതരം...
ബോഗിക്ക് ഉള്ളില്‍ വച്ച് പൊള്ളലേറ്റ ഒമ്പത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളായ വക്കീല്‍ ഗുമസ്തന്‍ കതിരൂര്‍ നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍ (50), മകന്‍ അദ്വൈദ് (21) എന്നിവരാണവര്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അനില്‍ കുമാറിന്റെ ഭാര്യ സജിഷ (47), കണ്ണൂര്‍ പട്ടുവം നീലിമ വീട്ടില്‍ റൂബി (52), തൃശ്ശൂര്‍ മണ്ണൂത്തി മാനാട്ടില്‍ വീട്ടില്‍ പ്രിന്‍സ് (35), ഭാര്യ അശ്വതി (26), തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), കണ്ണൂര്‍ സ്വദേശി പ്രകാശന്‍ (34) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിനിടെ പൊള്ളലേറ്റ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റാസിഖ് കൊയിലാണ്ടിയിലെ ആശുപത്രിയിലും ചികിത്സ തേടി.
രണ്ടുപേരെ കാണാനില്ലെന്ന് പരാതി, കണ്ടെത്തിയത് മൂന്നുമൃതദേഹങ്ങള്‍...
സംഭവത്തിന് ശേഷം 50 മിനിറ്റോളം വൈകി ട്രെയിന്‍ എലത്തൂരില്‍നിന്ന് യാത്ര തുടര്‍ന്നിരുന്നു. തുടര്‍ന്ന് ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോളാണ് യാത്രക്കാരനായ മട്ടന്നൂര്‍ സ്വദേശി റാസിഖ് ഇവിടെയിറങ്ങി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവിടെവെച്ച് രാത്രി 11.30-ഓടെയാണ് തന്റെ കൂടെ ട്രെയിനിലുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ലെന്ന പരാതി ഇയാള്‍ പോലീസിനെ അറിയിച്ചത്. ഇതോടെ ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തു. പിന്നാലെ എലത്തൂര്‍ മുതല്‍ റെയില്‍വേ ട്രാക്കില്‍ തിരച്ചിലും ആരംഭിച്ചു.

അര്‍ധരാത്രി ഒരുമണിയോടെയാണ് എലത്തൂരിലെ റെയില്‍വെ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റൊരു ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹങ്ങള്‍ കണ്ടവിവരം ആദ്യം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഒരു സ്ത്രീയുടെയും കുഞ്ഞിന്റെയും ഒരു പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെ മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45), ഇവരുടെ സഹോദരിയുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്‌റാമത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷം മരിച്ച മൂന്നാമത്തെയാള്‍ മട്ടന്നൂര്‍ പട്ടാന്നൂര്‍ സ്വദേശി നൗഫീഖാണെന്നും സ്ഥിരീകരിച്ചു.

അക്രമി എവിടെ? കണ്ടെടുത്ത ബാഗും കുറിപ്പുകളും...
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ, പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പോലീസ് കണ്ടെടുത്തിരുന്നു. റെയില്‍വേട്രാക്കിന് സമീപത്തുള്ള വഴിയില്‍നിന്നെത്തി പ്രധാനറോഡില്‍നിന്ന് ഒരു സ്‌കൂട്ടറില്‍ കയറിപ്പോകുന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയത്. പ്രതി ധരിച്ചിരുന്നത് ചുവപ്പ് ഷര്‍ട്ടും പാന്റ്‌സുമാണെന്ന് യാത്രക്കാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലുള്ള യുവാവും ഇതേ വേഷം തന്നെയാണ് ധരിച്ചിരിക്കുന്നത്. ഇതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം സിസിടിവിയില്‍ കണ്ടയാളല്ല പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു.
അതേസമയം, സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നരീതിയിലുള്ള ചില കുറിപ്പുകളാണ് റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്ന് പോലീസിന് കിട്ടിയത്. ഒരുകുപ്പി പെട്രോള്‍, നോട്ടുപുസ്തകം, വസ്ത്രങ്ങള്‍, കണ്ണട,പേഴ്‌സ്,ടിഫിന്‍ ബോക്‌സ്, ഭക്ഷണം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സമീപത്തുനിന്നായി ഒരു മൊബൈല്‍ഫോണും കണ്ടെടുത്തിരുന്നു.

ബാഗില്‍നിന്ന് കിട്ടിയ നോട്ടുപുസ്തകത്തില്‍ ഒട്ടേറെ ദുരൂഹതയുണര്‍ത്തുന്ന കുറിപ്പുകളാണുള്ളത്. ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിര്‍ത്തണം, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. ചിറയിന്‍കീഴ്, കഴക്കൂട്ടം, കന്യാകുമാരി, തിരുവനന്തപുരം തുടങ്ങിയ സ്ഥലപ്പേരുകളും എഴുതിയിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളില്‍ പലതും അവ്യക്തമാണ്. പല ആകൃതിയിലും വലിപ്പത്തിലും എസ് എന്ന ഇംഗ്ലീഷ് അക്ഷരം നോട്ടുപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ട്രാക്കിന് സമീപത്തുനിന്ന് കിട്ടിയ മൊബൈല്‍ഫോണില്‍ പല സന്ദേശങ്ങളും മായ്ച്ചുകളഞ്ഞനിലയിലാണ്. ഇതെല്ലാം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
രേഖാചിത്രം തയ്യാറാക്കുന്നു, തീവ്രവാദ വിരുദ്ധ സ്‌ക്വാഡും രംഗത്ത്...
അക്രമിയെ എത്രയുംവേഗം പിടികൂടാനായി പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നത്. എലത്തൂരില്‍ ട്രെയിന്‍ നിര്‍ത്തിയതിന് പിന്നാലെ ചാടിയിറങ്ങി രക്ഷപ്പെട്ട അക്രമി അധികദൂരം പോയിട്ടുണ്ടാകില്ലെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. സംഭവത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കോഴിക്കോടെത്തി അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജന്‍സിയും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
Content Highlights: kerala train fire kozhikode elathur executive express fire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..