കൊച്ചി: ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രം എടുത്തതിന്റെ പേരില്‍ മാതൃഭൂമി ന്യൂസിനെതിരെയുള്ള കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തലാകുമെന്ന് ഹൈക്കോടതി ചോദിച്ചു. തിരിച്ചറിയല്‍ പരേഡ് നടത്തണമെങ്കില്‍ പ്രതിയുടെ മുഖം മറച്ചു കൊണ്ട് വരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമപ്രവര്‍ത്തകന്റെ ജോലിയാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സൈഫിയുടെ ചിത്രങ്ങള്‍ എടുത്തതിന്റെ പേരില്‍ മാതൃഭൂമി ന്യൂസിനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ പല നിര്‍ണായക ചോദ്യങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഒരു ക്രിമിനല്‍ കേസ് പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമപ്രവര്‍ത്തകന്റെ ജോലിയാണ്. അതിന്റെ പേരില്‍ എങ്ങനെ ക്രിമിനല്‍ കേസ് നിലനില്‍ക്കും? പ്രതിയുടെ ചിത്രം എടുത്തതിന്റെ പേരില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന് പറഞ്ഞ് പോലീസിന് എങ്ങനെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ കഴിയും എന്നും ഹൈക്കോടതി ആരാഞ്ഞു.
കേസില്‍ പോലീസ് സ്വീകരിച്ച ഓരോ നടപടിയേയും എണ്ണം പറഞ്ഞ് കോടതി വിമര്‍ശിച്ചു. അനാവശ്യമായി കേസിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുകയാണ്. പ്രതി ചേര്‍ക്കാത്തത് കൊണ്ട് കോടതിയില്‍ എത്തി കേസ് റദ്ദാക്കാനായി ഹര്‍ജി നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ മാതൃഭൂമി ന്യൂസിനോട് നിര്‍ദേശിച്ചു. ഒപ്പം, മാതൃഭൂമിയും മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്ററും ഡി.ജി.പിക്ക് നല്‍കിയ രണ്ട് പരാതികളില്‍. മാതൃഭൂമി ന്യൂസിന്റെ ഭാഗം കൂടി കേട്ടുകൊണ്ട് ഒരു തീരുമാനം എടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ പേരില്‍ മാതൃഭൂമി പ്രതിനിധികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.അതിനിടെ, കേസുമായി ബന്ധപ്പെട്ട് പോലീസ് അനാവശ്യമായ ഒരു പീഡനത്തിനും പോകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതിനേയും അതിരൂക്ഷമായി ഹൈക്കോടതി വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള വിവരങ്ങള്‍ ലഭിക്കും. അതില്‍ ഏത് വാര്‍ത്തയായി നല്‍കണം എന്നത് അവരാണ് തീരുമാനിക്കുന്നത്. വിവരങ്ങള്‍ കണ്ടെത്താന്‍ വേണ്ടി മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുന്നത് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന സങ്കല്‍പ്പത്തിന് തന്നെ വിരുദ്ധ നടപടിയാണ് എന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. മാതൃഭൂമിക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു ഹാജരായി.
Content Highlights: high court criticize kerala police case abourt mathrubhumi news
Published: 12 Jul 2023, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented