
കോഴിക്കോട്: ''ഇതെന്റെ പുനര്‍ജന്മമാണ്. പൊള്ളലേറ്റ ഞാന്‍ രക്ഷപ്പെടുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഇപ്പോഴും ചികിത്സ കഴിഞ്ഞിട്ടില്ല. എലത്തൂര്‍ തീവണ്ടി തീവെപ്പില്‍ പരിക്കേറ്റശേഷം ഈ മാര്‍ച്ച് 25-നാണ് വീണ്ടും ജോലിക്കുവന്നത്. അതുപോലും പേരിന് വന്നെന്നേയുള്ളൂ...'' -തലശ്ശേരി കതിരൂര്‍ കൂത്തുപറമ്പ് റോഡിലെ അനില്‍ കുമാറിന്റെ വാക്കിലുണ്ട്, ഇപ്പോഴും ആ പൊള്ളലും ഞെട്ടലും. 2023 ഏപ്രില്‍ രണ്ട്-രാത്രി 9.30. എലത്തൂരില്‍വെച്ച് ഡല്‍ഹിക്കാരന്‍ ഷാരൂഖ് സെയ്ഫി തീവണ്ടിയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഉള്ളുലയ്ക്കുന്ന ദിവസം. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവിലെ ഡി വണ്‍ കോച്ചിലാണ് ഷാരൂഖ് തീയിട്ടതും കുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതും. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു
ദുരന്തംനടന്ന് ഒരു വര്‍ഷമാകുമ്പോഴും പലരുടെയും മനസ്സിലെ തീ അണഞ്ഞിട്ടില്ല. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഷാരൂഖ് വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ്. ഒക്ടോബറില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ഇനി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിക്കണം.
പൊള്ളുന്ന ഓര്‍മകള്‍
അന്ന് തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴായിരുന്നു എല്ലാവരുടെയും മനസ്സില്‍ തീകോരിയിട്ട സംഭവം. അജ്ഞാതനായൊരാളെത്തി കുപ്പിയില്‍നിന്ന് പെട്രോളൊഴിച്ച് കംപാര്‍ട്ടുമെന്റിന് തീവെച്ചു. പരിഭ്രാന്തരായ യാത്രക്കാര്‍ക്കിടയിലൂടെ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, അപ്പോഴൊന്നും കുട്ടിയുള്‍പ്പെടെയുള്ള മൂന്നുപേര്‍ മരിച്ചതായി അറിഞ്ഞിരുന്നില്ല. നാലുമണിക്കൂര്‍ കഴിഞ്ഞാണ് റെയില്‍വേപ്പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തലശ്ശേരി കോടതിയിലെ അഭിഭാഷകന്‍ വി.കെ. ശ്യാമപ്രസാദിന്റെ ക്ലര്‍ക്കായ അനില്‍കുമാര്‍ ആ ദിവസം ഓര്‍മിച്ചെടുക്കുന്നു.
''എന്റെ ജന്മദിനമായിരുന്നു അന്ന്. എനിക്കൊപ്പം ഭാര്യ സജിഷയ്ക്കും മകന്‍ അദ്വൈതിനും പൊള്ളലേറ്റു. മേയ് 26 വരെ മെഡിക്കല്‍ കോളേജിലായിരുന്നു ഞാന്‍. തലയും മുഖവുമെല്ലാം ആകെ പൊള്ളിക്കറുത്തു. പിന്നെ തലശ്ശേരി ആശുപത്രിയില്‍ 85 ദിവസം ചികിത്സ. ഇടതുകൈയുടെ മൂന്ന് വിരലുകള്‍ ഇപ്പോഴും ഒന്നിച്ചുചേര്‍ന്നിട്ടാണുള്ളത്. അത് മാറ്റാന്‍ ഇനി ശസ്ത്രക്രിയ വേണം. കൈയുടെ തൊലിയൊക്കെ ശരിയായിട്ടേ അത് പറ്റൂ. ഇനിയുമെത്രകാലം ദുരിതം പേറേണ്ടിവരുമെന്ന് അറിയില്ല...'' -അനില്‍കുമാറിന്റെ വാക്കുകളില്‍ വേവലാതിയുടെ തീ അണയുന്നില്ല. അന്ന് പരിക്കേറ്റ അശ്വതി ഇപ്പോഴും ആയുര്‍വേദ ചികിത്സ തുടരുന്നുണ്ട്. എല്ലാവര്‍ക്കുമുണ്ട് പല പ്രശ്‌നങ്ങള്‍. ചിലര്‍ക്ക് നഷ്ടപരിഹാരം പാസായി. മറ്റ് ചിലര്‍ക്ക് അതുമില്ല. പാസായ തുക ചികിത്സയ്ക്കുപോലും പര്യാപ്തമല്ലെന്ന പരാതിയുമുണ്ട്.
ജിഹാദി പ്രവര്‍ത്തനം
ഇത്രയും വലിയ തീവെപ്പുണ്ടായിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി ഷാരൂഖ് രക്ഷപ്പെട്ടു. മൂന്നാം ദിവസം പുലര്‍ച്ചെ മഹാരാഷ്ട്ര രത്‌നഗിരി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് അയാള്‍ പിടിയിലായത്. പൊള്ളലേറ്റ പ്രതി പരിക്കുമായാണ് ഈ ദിവസങ്ങളില്‍ ഒളിച്ചിരുന്നത്.

പെട്രോള്‍ നിറച്ച കുപ്പി, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, വസ്ത്രം എന്നിവയെല്ലാം അവിടെനിന്ന് കണ്ടെത്തിയ ബാഗിലുണ്ടായിരുന്നു. ഡയറിയില്‍നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകള്‍ ലഭിച്ചിരുന്നു. അതിലെ പേരുകളും യുട്യൂബ് ചാനലിന്റെ പേരും അന്വേഷണത്തിന് സഹായകമായി. സംഭവംനടന്ന ദിവസം രാവിലെയാണ് ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തിയതെന്നും ഷൊര്‍ണൂരില്‍നിന്നാണ് പെട്രോള്‍ വാങ്ങിയതെന്നുമെല്ലാം പിന്നീട് കണ്ടെത്തി.
തീവ്രവാദബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെ കേസ് എന്‍.ഐ.എ.യ്ക്ക് കൈമാറാന്‍ ഏപ്രില്‍ 18-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ഷാരൂഖ് മാത്രമാണ് പ്രതിയെന്നും ജിഹാദിപ്രവര്‍ത്തനമാണ് ലക്ഷ്യമെന്നുമായിരുന്നു കുറ്റപത്രത്തില്‍. പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്ര ഇസ്ലാമിക പ്രബോധകരെ ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പിന്തുടര്‍ന്നിരുന്നു. തിരിച്ചറിയാതിരിക്കാനാണ് കേരളം തിരഞ്ഞെടുത്തതെന്നും യാത്രക്കാരെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു തീവെപ്പെന്നും പ്രതി സമ്മതിച്ചിരുന്നു. യു.എ.പി.എ., പൊതുമുതല്‍ നശീകരണ നിരോധനനിയമം എന്നിവയെല്ലാം ചേര്‍ത്താണ് കേസ് ചുമത്തിയത്.
Content Highlights: elathur train fire case
Published: 02 Apr 2024, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented