1950 ഡിസംബര്‍ 18 റിപ്പര്‍ ചന്ദ്രന്റെ ജന്മദിനമാണ്. ഒരു കൊടും കൊലയാളിയുടെ ജന്മദിനമൊന്നും ആരുടെയും ഓര്‍മയില്‍ വരില്ല. എന്നാല്‍ ജന്മദിനത്തിലും തൂക്കിലേറ്റിയ ദിനത്തിലും മാത്രമല്ല ജീവിതത്തിലെ ഓരോ ദിനവും റിപ്പര്‍ ചന്ദ്രനെ ഓര്‍ക്കുന്ന ഒരാളുണ്ട്. കോടതി ഉത്തരവനുസരിച്ച് ചന്ദ്രനെ തൂക്കിലേറ്റിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍.ബി. കരുണാകരന്‍. സേവനത്തില്‍നിന്ന് വിരമിച്ച അദ്ദേഹം ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്.

To advertise here,

1990 മാര്‍ച്ച് 16-ന് വയനാട് വാകേരി ചിരട്ടമ്പത്ത് ബാലകൃഷ്ണനെയും 1991 ജൂലായ് ആറിന് കാസര്‍കോട് നീലേശ്വരം കരിന്തളം സ്വദേശി റിപ്പര്‍ ചന്ദ്രന്‍ എന്ന മുതുകുറ്റി ചന്ദ്രനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. ആരാച്ചാരുടെ തസ്തിക ഇല്ലാത്തതിനാല്‍ അന്നത്തെ ജയില്‍ സൂപ്രണ്ട് അഴീക്കോട് കാപ്പിലപ്പീടിക സ്വദേശി എന്‍.ബി. കരുണാകരന് ഈ കൃത്യം ഏറ്റെടുക്കേണ്ടിവന്നു.

തൂക്കിക്കൊല്ലുകയെന്ന കോടതി ഉത്തരവ് നടപ്പാക്കി മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോഴും ഇരുവരുടെയും സൗഹൃദവും മരണപ്പിടച്ചിലും ഓര്‍ത്ത് തിരകളൊടുങ്ങാത്ത മനസ്സുമായി കഴിയുകയാണ് കരുണാകരന്‍. 14 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത റിപ്പര്‍ ചന്ദ്രന്റെ മനസ്സിലും അവസാനകാലത്ത് പശ്ചാത്താപമുണ്ടായിരുന്നെന്ന് അദ്ദഹം ഓര്‍ത്തെടുക്കുന്നു. നാലുവര്‍ഷം ഏകാന്തതടവില്‍ കഴിഞ്ഞ ചന്ദ്രന്‍ കാലങ്ങളോളം കരുണാകരന്റെ മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കുറ്റബോധം തോന്നിയ വ്യക്തിയുടേതാണ്.

മരണദൂതന്‍

1950 ഡിസംബര്‍ 15-ന് നീലേശ്വരം കരിന്തളത്ത് ജനിച്ച മുതുകുറ്റി ചന്ദ്രന്‍ അച്ഛന്‍ മരിച്ചതോടെ പഠനം നിര്‍ത്തിയതാണ്. ഇരുട്ടിന്റെ മറവില്‍ ആയുധം കൈയിലേന്തി വരുന്ന മരണദൂതന്‍ എന്നാണ് റിപ്പര്‍ ചന്ദ്രന് സമൂഹം കൊടുക്കുന്ന നിര്‍വചനം. നിരപരാധികളായ 14 പേരെ കൊലപ്പെടുത്തിയയാള്‍. ആക്രമണത്തിരയായ നിരവധിപേര്‍ തളര്‍ന്നും ബോധരഹിതരായി മരണംവരെ കിടന്നു. 1985-86 കാലഘട്ടത്തില്‍ വടക്കന്‍ കേരളത്തെ വിറപ്പിച്ചയാള്‍. സന്ധ്യ മയങ്ങിയാല്‍ റിപ്പറെ ഭയന്ന് ആളുകള്‍ പുറത്തിറങ്ങാതെയായി.

പോലീസ് നെട്ടോട്ടമോടി

കര്‍ണാടക ജയിലില്‍നിന്ന് പരിചയപ്പെട്ട തിമ്മയ്യയാണ് മുതുകുറ്റി ചന്ദ്രന് റിപ്പര്‍ ചന്ദ്രനിലേക്കുള്ള പാത തുറന്നത്. കൂട്ടുപ്രതികളായി നടത്തിയ നിരവധി മോഷണങ്ങള്‍ക്കൊടുവില്‍ തിമ്മയ്യയെ പോലീസ് അറസ്റ്റ് ചെയ്ത് കര്‍ണാടക ജയിലിലടച്ചു. ഇതോടെയാണ് ചന്ദ്രന്‍ തനിച്ച് മോഷണം ആരംഭിക്കുന്നത്. റിപ്പര്‍ ചന്ദ്രന്‍ നടത്തിപ്പോന നിഷ്ഠുരവും വ്യത്യസ്തവുമായ കവര്‍ച്ചാരീതിയെക്കുറിച്ച് കരുണാകരന്‍ ഓര്‍മിക്കുന്നതിങ്ങനെ: വലിയ വീടുകളില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കാറില്ല. പണക്കാര്‍ പണവും ആഭരണങ്ങളും ബാങ്ക് ലോക്കറിലാണ് സൂക്ഷിക്കുക. വലിയ മതിലുണ്ടാകും. അത് ചാടിക്കടക്കുക പ്രയാസമാകും. വളര്‍ത്തുനായയുമുണ്ടാകും. റോഡുകളോടും റെയില്‍പ്പാളങ്ങളോടും ചേര്‍ന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളിലാണ് കൊലയും കൊള്ളയും നടത്തുന്നത്.

റിപ്പറുടെ ജയില്‍ജീവിതം

പതിനാല് കൊലപാതകങ്ങളില്‍ ദമ്പതിമാരെ കൊലപ്പെടുത്തിയ ഒരു കേസില്‍ മാത്രമാണ് വധശിക്ഷ ലഭിച്ചത്. മറ്റുള്ളവയില്‍ ജീവപര്യന്തം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രത്യേക ബ്ലോക്കില്‍ ഏകാന്തതയിലും ആത്മസംഘര്‍ഷത്തിലുമായിരുന്നു റിപ്പര്‍ ചന്ദ്രന്റെ അവസാന നാളുകള്‍. ജയിലിലെ ആദ്യ നാളുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെ വിറപ്പിച്ചയാളാണ്. ഒരിക്കല്‍ ജഡ്ജി ജയിലില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ രോഷാകുലനായ ചന്ദ്രന്‍ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. മനസ്സ് ശാന്തമായി തുടങ്ങിയതോടെ ചന്ദ്രന്‍ എഴുത്തും വായനയും പഠിച്ച് പുസ്തകവായന ആരംഭിച്ചു. സാഹസികജീവിതം നയിച്ചവരുടെ കഥകളോടായിരുന്നു ആദ്യമാക്കെ താത്പര്യം. പിന്നീട് ആത്മീയപുസ്തകങ്ങളിലേക്ക് മാറി.

ജയിലിലെ അവസാനനാളുകള്‍

വധശിക്ഷ ഉറപ്പായശേഷവും ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു റിപ്പര്‍ ചന്ദ്രന്. ചെയ്ത അപരാധങ്ങള്‍ പലപ്പോഴും ഏറ്റുപറഞ്ഞു. ശിക്ഷയില്‍ ഇളവുനേടാനുള്ള എല്ലാ നിയമവഴികളും അടഞ്ഞപ്പോള്‍ വൈകാരിക പിന്തുണ നേടാനും ശ്രമം നടത്തി. സുകുമാര്‍ അഴീക്കോടിനെ കാണാനുള്ള ആഗ്രഹം വധശിക്ഷ കാത്തുകിടന്ന ബാലകൃഷ്ണനും റിപ്പര്‍ ചന്ദ്രനും സൂപ്രണ്ട് കരുണാകരനെ അറിയിച്ചു. അദ്ദേഹം ജയിലില്‍ എത്തിയപ്പോള്‍ വധശിക്ഷ ജീവപര്യന്തമാക്കാന്‍ ഇടപെടണമെന്നാണ് ഇരുവരുടെയും അഭ്യര്‍ഥന. സുപ്രീംകോടതി ശിക്ഷ ശരിവെക്കുകയും രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും ചെയ്തതോടെ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു.

'ധീരന്‍മാര്‍ ഒരിക്കലേ ജീവിതത്തില്‍ മരിക്കൂ. പക്ഷേ, ഭീരുക്കള്‍ പലതവണ മരിക്കും. ധൈര്യമായിരിക്കുക'- സുകുമാര്‍ അഴീക്കോട് പറഞ്ഞ ഈ വാക്കുകളാണ് പിന്നീടുള്ള ചന്ദ്രന്റെ ജീവിതത്തില്‍ ആത്മധൈര്യം പകര്‍ന്നത്. തൂക്കുകയറിലേക്ക് മനസ്സിനെ പാകപ്പെടുത്തിയത് ഈ വാക്കുകളാണ്. പിന്നീട് തൂക്കിലേറ്റുന്ന ദിവസംവരെ ശാന്തനും സൗമ്യനുമായിരുന്നു ചന്ദ്രന്‍.

ഞാന്‍ തയ്യാറാണ് സാര്‍...!

തൂക്കിലേറ്റുമ്പോള്‍ 41 വയസ്സാണ് ചന്ദ്രന്റെ പ്രായം. തലേദിവസം ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയതുമില്ല. പുലര്‍ച്ചെ മൂന്നിന് കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ചു. അവസാനത്തെ ആഗ്രഹം എന്തെങ്കിലുമുണ്ടോയെന്ന് സൂപ്രണ്ട് കരുണാകരന്‍ ചോദിച്ചപ്പോള്‍ 'ഒന്നുമില്ലെ'ന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. തുടര്‍ന്ന് ജയിലിലെ ഇടനാഴിയിലൂടെ നേരേ തൂക്കുമരത്തിലേക്ക് ശാന്തനായി നടന്നു. കൈകള്‍ പിറകിലേക്ക് കെട്ടി മുഖംമൂടി ധരിപ്പിച്ചു. തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തുള്ള രണ്ടുപേരും ജയില്‍ ജീവനക്കാരും സൂപ്രണ്ടും ചേര്‍ന്ന് ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നു. തൂക്കിലേറ്റാന്‍ ഒരുമിനിറ്റ് മാത്രം ബാക്കി നില്‍ക്കെ, കനത്ത നിശ്ശബ്ദത. റിപ്പര്‍ ചന്ദ്രന്റെ ഹൃദയമിടിപ്പ് അരികിലുള്ളവര്‍ക്ക് വ്യക്തമായി കേള്‍ക്കാം. സമീപത്തെ ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പും കൂട്ടിക്കൊണ്ടിരുന്നു. ആരും പരസ്പരം നോക്കുകപോലും ചെയ്തില്ല. കോടതി വിധി നടപ്പാക്കാന്‍ പോകുകയാണെന്ന് മുഴുവന്‍ ധൈര്യവും സംഭരിച്ച് സൂപ്രണ്ട് പറഞ്ഞു. പതിഞ്ഞ സ്വരത്തില്‍ ചന്ദ്രന്‍ പറഞ്ഞു- 'ഞാന്‍ തയ്യാറാണ് സാര്‍...'

തൂക്കുകയര്‍ മനിലയില്‍നിന്ന്

മനിലയില്‍നിന്നാണ് തൂക്കുകയര്‍ എത്തിച്ചത്. തൂക്കിലേറ്റുന്നയാളുടെ രണ്ടിരട്ടി ഭാരം താങ്ങാന്‍ ശേഷിയുള്ള കയറില്‍തീര്‍ത്ത കുരുക്ക് കഴുത്തില്‍ മുറുക്കി. ലിവര്‍ വലിച്ചതോടെ നിമിഷാര്‍ധത്തില്‍ ചന്ദ്രന്‍ തൂങ്ങിയാടി. മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും വന്നില്ല. നാട്ടില്‍ കൊണ്ടുപോയാല്‍ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന ഭയം സഹോദരന്‍ അറിയിച്ചു. ജീവിച്ചിരിക്കുന്ന ചന്ദ്രനെ മാത്രമല്ല മരിച്ച ചന്ദ്രനെയും ജനങ്ങള്‍ക്ക് പേടിയുണ്ട്. തൂക്കിലേറ്റിയ മൃതദേഹം ജയിലിനകത്ത് സംസ്‌കരിച്ചു.

മരിച്ചെന്ന് ഉറപ്പുവരുത്തി റെക്കോഡ് എഴുതുമ്പോള്‍ കൈവിറയലുണ്ടായതായി കരുണാകരന്‍ ഓര്‍ക്കുന്നു. പിന്നീടിങ്ങോട്ട് മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോഴും മനസ്സിന്റെ വിറയല്‍ മാറിയിട്ടില്ല.