കോട്ടയം: പുതിയകാലത്തെ തൊഴിൽമേഖലയിലേക്ക് കടക്കാനും എല്ലാവരുടെയും സംഘടനയായിമാറാനും കർമപദ്ധതി തയ്യാറാക്കി സി.ഐ.ടി.യു.. സംസ്ഥാനസമ്മേളനത്തിൽ ഡിജിറ്റൽ രീതിയിലാണ് പദ്ധതിയുടെ അവതരണം നടന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണംമാത്രമല്ല, തൊഴിലാളികളെ കണ്ടെത്തി അവരിലേക്ക് എത്താനുള്ള ‘ഡിജിറ്റൽ സംഘടനാമാപ്പ്’ അടക്കം തയ്യാറാക്കി പുതിയ രീതിയിലാണ് സി.ഐ.ടി.യു. മാറാനൊരുങ്ങുന്നത്.

To advertise here,

സമരമുഖംമാത്രമുള്ള ‘കൊടികുത്തുന്ന’ സംഘടന എന്നനിലയിൽനിന്ന് ടെക്കി, യുവജന-സ്ത്രീപക്ഷ സംഘടനയായി മുഖംമാറുന്നതാണ് ലക്ഷ്യമിടുന്ന പദ്ധതി. എല്ലായിടത്തും പദവിയും പരിഗണനയും ലഭിക്കുന്നവിധത്തിൽ സ്ത്രീകൾക്കായി യൂണിയനുകളിൽ ‘നേതൃത്വമാർഗരേഖ’യും സമ്മേളനം തയ്യാറാക്കിയിട്ടുണ്ട്.

‘സംഘടനാവിപുലീകരണ പദ്ധതി’ എന്നതാണ് സി.ഐ.ടി.യു. തയ്യാറാക്കിയ ‘മാസ്റ്റർപ്ലാനി’ന്റെ പേര്. പരമ്പരാഗത തൊഴിലാളികൾമുതൽ ടെക്‌നോളജി രംഗത്തുള്ളവർവരെ യൂണിയനിലെത്തണം. ആധുനിക സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തി സംഘടനയെ വിപുലീകരിക്കണം. ഇതാണ് കർമപദ്ധതിയുടെ ലക്ഷ്യം. ഡേറ്റ സർവേയാണ് ആദ്യഘട്ടം. എല്ലാ സംഘടനകൾക്കും ഡിജിറ്റൽ സംഘടനാമാപ്പ് ലഭ്യമാക്കും.

ഇതിലൂടെയാണ് പ്രാദേശിക, ജില്ലാ, സംസ്ഥാന തലത്തിൽ, ഓരോ മേഖലയിലെയും തൊഴിൽശാലകളെ അടിസ്ഥാനമാക്കി ഡേറ്റ ശേഖരണം നടത്തേണ്ടത്. എല്ലാവിഭാഗം തൊഴിലാളികളുടെയും വിവരം ശേഖരിക്കും. ഇതിൽ സി.ഐ.ടി.യു.വിൽ അംഗമായവരെയും മറ്റുയൂണിയനുകളിൽ ഉൾപ്പെട്ടവരെയും പ്രത്യേകമായി രേഖപ്പെടുത്തും.

ഒരു യൂണിയനിലും ഉൾപ്പെടാത്തവരെക്കുറിച്ച് വേറെ നൽകണം. ഇവരിലേക്ക് എത്താനാകും ഡേറ്റ അടിസ്ഥാനമാക്കിയുള്ള ആദ്യ പ്രവർത്തനപ്ലാൻ തയ്യാറാക്കുക. ചിന്നിച്ചിതറിക്കിടക്കുന്ന തൊഴിലാളികളെ എങ്ങനെ ഒന്നിപ്പിക്കും എന്നതിനും പദ്ധതിയിൽ നിർദേശമുണ്ട്. തൊഴിലിടംമാത്രമല്ല, വാസസ്ഥലവും പ്രവർത്തനമേഖലയാക്കണമെന്നാണ് ഇതിനുള്ള നിർദേശം.

കുടിയേറ്റത്തൊഴിലാളികൾ, ഗിഗ്-പ്ലാറ്റ്‌ഫോം രംഗത്തുള്ളവർ, അനൗപചാരിക തൊഴിലിലേർപ്പെട്ടവർ ഇവരെയൊക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യൂണിയന്റെ പരിവർത്തനരീതിയുടെ പ്രധാനലക്ഷ്യമായി കണക്കാക്കുന്നത് യുവതയെയും സ്ത്രീകളെയുമാണ്.

സ്ത്രീകളെ വെറും അംഗങ്ങളാക്കി നിർത്തരുത്. എല്ലാ കമ്മിറ്റികളിലും ഗണ്യമായ പദവി നൽകണം. സംഘാടകരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. എല്ലാ വേദികളിലും ഭാരവാഹിത്വങ്ങളിലും സ്ഥാനമുണ്ടാകണം. ഇതൊക്കെ ഉറപ്പാക്കുന്നതിനാണ് ‘നേതൃത്വമാർഗരേഖ’ കൊണ്ടുവന്നത്.

യുവതയുടെ തൊഴിലിടങ്ങളിൽ പ്രത്യേകം സംഘടനയും സബ്കമ്മിറ്റികളും ഉണ്ടാക്കണം. അവരെ നേതൃതലത്തിലേക്ക് എത്തിക്കുന്നവിധത്തിൽ കാര്യങ്ങൾ പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉയർത്തിക്കൊണ്ടുവരണം. ഇങ്ങനെ 19 ന്യൂജൻ നിർദേശവും അഞ്ചുവർഷത്തേക്ക് അഞ്ചുഘട്ട പ്രവർത്തനരീതിയും ഉൾപ്പെടുന്നതാണ് സി.ഐ.ടി.യു. തയ്യാറാക്കിയ പദ്ധതിരേഖ.

ട്രേഡ് യൂണിയൻ എങ്ങനെ മാറണമെന്ന്‌ പരിശോധിക്കും

ആധുനികകാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനം എങ്ങനെ മാറണമെന്നതാണ് ഈ പ്രവർത്തനപദ്ധതിയിലൂടെ പരിശോധിക്കുന്നതെന്ന്, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

‘1.25 കോടി തൊഴിലാളികളാണ് കേരളത്തിലുള്ളത്. അവരെ എല്ലാവരെയും ഉൾക്കൊള്ളുന്ന സംഘടനയായിമാറുകയാണ് ഡിജിറ്റൽ മാർഗരേഖയിലൂടെ സി.ഐ.ടി.യു. ഉദ്ദേശിക്കുന്നത്. അസംഘടിതരായ തൊഴിലാളികൾ കൂടുകയാണ്. അവർക്ക് ഒരു സുരക്ഷയുമില്ല. ആരെയും നിർബന്ധിച്ച് യൂണിയനിൽ ചേർക്കുകയല്ല, അവരുടെ ആവശ്യങ്ങൾക്ക് കൂടെനിൽക്കുകയാണ് ചെയ്യുക’ എന്നും അദ്ദേഹം പറഞ്ഞു.