
തിരുവനന്തപുരം: ആനക്കൊമ്പ് കേസിലെ പ്രതിയും കസ്റ്റഡി മര്‍ദനത്തിന് ഇരയുമായിരുന്ന അജിബ്രൈറ്റിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സി.ബി.ഐ.യുടെ ചെന്നൈ യൂണിറ്റാണ് അജിബ്രൈറ്റിനെ തിരുവനന്തപുരം പേട്ടയില്‍നിന്ന് പിടികൂടിയത്. 2016-ല്‍ കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ. നടപടിയെന്നാണ് വിവരം. എന്നാല്‍ ഈ കേസിനെ സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും അറിയില്ലെന്ന് അജിയുടെ സഹോദരന്‍ പ്രതികരിച്ചു. തമിഴ്‌നാട് വനംവകുപ്പില്‍നിന്നോ സി.ബി.ഐ.യില്‍നിന്നോ ഈ കേസിനെ സംബന്ധിച്ചുള്ള നോട്ടീസോ മറ്റോ ലഭിച്ചിട്ടില്ലെന്നും അജിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹോദരന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പാല്‍ വിതരണത്തിനിടെ നാടകീയമായാണ് അജിബ്രൈറ്റിനെ സി.ബി.ഐ സംഘം പിടികൂടിയത്. വാഹനം തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത ശേഷം അജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം സഹോദരനെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. അജിബ്രൈറ്റുമായി സി.ബി.ഐ. സംഘം കോയമ്പത്തൂരിലേക്ക് മടങ്ങിയെന്നും അതല്ല, തിരുവനന്തപുരത്തെ ഓഫീസില്‍ തന്നെയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
ഏറെ വിവാദമായ ഇടമലയാര്‍ ആനക്കൊമ്പ് കേസിലെ പ്രതികളിലൊരാളാണ് അജിബ്രൈറ്റ്. ഈ കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് താന്‍ ക്രൂരമായ കസ്റ്റഡി മര്‍ദനത്തിനിരയായെന്ന് അജി വെളിപ്പെടുത്തിയത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ദമ്പതിമാരുമായ ആര്‍. കമലഹാര്‍, ടി. ഉമ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു പരാതി.
മര്‍ദനാരോപണത്തില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെയാണ് അജിബ്രൈറ്റിനെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡി മര്‍ദനക്കേസ് അട്ടിമറിക്കാനായാണ് പുതിയ നീക്കങ്ങളെന്നാണ് അജിയുടെ ബന്ധുക്കളുടെ ആരോപണം.
Content Highlights: Idamalayar elephant poaching case accused aji bright arrested by CBI
Published: 18 Jan 2022, 03:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented