
കൊല്ലപ്പെട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും രത്നങ്ങളും വിഗ്രഹങ്ങളും അടക്കം കോടികണക്കിന് രൂപയുടെ നിധി സൂക്ഷിച്ച ഹരിഹര വര്‍മ്മ എന്ന രത്ന വ്യാപാരിയെക്കുറിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. യഥാര്‍ത്ഥത്തില്‍ ആരാണ് ഹരിഹരവര്‍മ്മയെന്ന് ഇതുവരെ കണ്ടത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ പേര് പോലും ഇത് തന്നെയാണോ എന്ന് വ്യക്തമല്ല. രത്നങ്ങളും വിഗ്രഹങ്ങളുമെല്ലാം എവിടെ നിന്നാണ് അദ്ദേഹത്തിന്റെ കയ്യിലെത്തിയതെന്നും അറിയില്ല. 300 കോടിയോളം രൂപ വിലവരുന്നതാണ് തന്റെ രത്നശേഖരമെന്നായിരുന്നു വര്‍മ്മയുടെ തന്നെ അവകാശ വാദം. ഈ നിധിശേഖരമാണ് ഹരിഹരവര്‍മ്മയുടെ ജീവനെടുത്തതും. രത്നങ്ങള്‍ വാങ്ങാനെന്ന പേരിലെത്തിയ സംഘമാണ് വര്‍മ്മയെ കൊലപ്പെടുത്തിയത്. തന്നെക്കുറിച്ച് ഹരിഹര വര്‍മ്മ ചുറ്റമുള്ളവരോട് പറഞ്ഞതെല്ലാം കളവായിരുന്നു. ഒരു ഘട്ടത്തില്‍ സുകുമാരക്കുറുപ്പെന്ന കൊലപാതകിയാണോ ഹരിഹരവര്‍മ്മ എന്ന പേരില്‍ അറിയപ്പെട്ടതെന്ന് പോലും പോലീസ് സംശയിച്ചു.
ഹരിഹരവര്‍മ്മയെ കൊലപ്പെടുത്തിയ പ്രതികളുടെ ശിക്ഷ സുപ്രീംകോടതി വരെ ശരിവച്ചിട്ടും കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണെന്ന അപൂര്‍വ്വതയുണ്ട്. തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും വര്‍മ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ചിത്രം അടക്കമുള്ള വിവരങ്ങള്‍ മറ്റൊരാളുടെ കൈവശമുണ്ടാകുന്നത് വര്‍മ്മ ഇഷ്ടപ്പെട്ടിരുന്നില്ല. ഫോട്ടോ എടുക്കുന്നവരോട് കയര്‍ത്ത സംഭവങ്ങളുമുണ്ടായിരുന്നു.
ഉത്തരേന്ത്യന്‍ രത്നവ്യാപാരികളുമായി വര്‍മ്മയ്ക്ക് ഇടപാടുകളുണ്ടായിരുന്നു. രത്നങ്ങള്‍ വാങ്ങാനെത്തുന്നവരെ ആദ്യം ഇവ കാണിക്കാറില്ല. വാങ്ങാനാണെന്ന് ഉറപ്പ് വന്നാല്‍ മാത്രം കുറച്ചെണ്ണം കാണിക്കും. ഇതിന് സ്വന്തം വീട്ടിലേക്കും ആരേയും വരുത്താറില്ല. വര്‍മ്മയുടെ കൂട്ടുകാരനായ ഹരിദാസിന്റെ മകളുടെ ഒഴിഞ്ഞ വീട്ടിലോ തമ്പാനൂരിലോയും പരിസര പ്രദേശങ്ങളിലേയും ലോഡ്ജുകളിലോ വച്ചാണ് വ്യാപാരികളുമായുള്ള കൂടിക്കാഴ്ചകള്‍ നടത്തുന്നത്. ആദ്യ തവണ രത്നങ്ങള്‍ കാണിക്കുന്നതിന് 'ഷോ മണി' എന്ന പേരില്‍ പണം വാങ്ങിയിരുന്നു. ഒരു പ്രാവശ്യം കാണിക്കുന്ന രത്നങ്ങളല്ല അടുത്ത തവണ വര്‍മ്മ വ്യാപാരികളെ കാണിക്കുന്നത്. രത്നങ്ങളുടെ വിലയെക്കുറിച്ചോ ശുദ്ധിയെക്കുറിച്ചോ സംശയിക്കുന്നവരെ ദേഷ്യപ്പെട്ട് ഇറക്കിവിടുകയും ചെയ്യുമായിരുന്നു. ലണ്ടന്‍, ഗള്‍ഫ് രാജ്യങ്ങള്‍, ബംഗളൂരു എന്നിവിടങ്ങളിലെ ലാബുകളില്‍ നിന്നുള്ള രത്നങ്ങളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും വര്‍മ്മയുടെ കൈവശം ഉണ്ടായിരുന്നു.
ഹരിഹര വര്‍മ്മയില്‍ നിന്ന് 3647 രത്നങ്ങളാണ് കൊലപാതകം നടത്തിയവര്‍ തട്ടിയെടുത്തത്. രത്നങ്ങള്‍ക്ക് കോടികള്‍ വിലവരുമെന്നാണ് പോലീസ് നടത്തിയ പരിശോധനയിലും കണ്ടെത്തിയിട്ടുള്ളത്. രത്നങ്ങളില്‍ 3306 എണ്ണം പ്രകൃതിദത്തമായവയാണ്. 341 എണ്ണത്തില്‍ വിളക്കിച്ചേര്‍ക്കലുകളുണ്ടെന്നും കണ്ടെത്തിയിരുന്നു. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ നിന്ന് രത്നങ്ങളും പാലക്കാട്ടെ വീട്ടില്‍ നിന്ന് പുരാതന വിഗ്രഹങ്ങളടക്കമുള്ളവയും പോലീസ് കണ്ടെത്തി. പവിഴം, മരതകം, വൈഡ്യൂര്യം, മാണിക്യം, പുഷ്യരാഗം, തുടങ്ങിയവയും മരതക ഗണപതി, ശംഖ്, തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.
വര്‍മ്മയെന്ന പേരും രാജകുടുംബ ബന്ധവും വ്യാജം?
ഹരിഹവര്‍മ്മയുടെ ഭൂതകാലം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ കോടതികള്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രാജ്യമൊട്ടാകെ അന്വേഷണവും നടത്തി. കൊല്ലപ്പെടുന്നതിന് 12 വര്‍ഷം മുമ്പ് വരെയുള്ളയുള്ള ജീവിത കാലത്തെക്കുറിച്ച് മാത്രമാണ് കണ്ടെത്താനായത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ആദ്യ വിവാഹം കഴിച്ചതിന് ശേഷമുള്ള ജീവിതം മാത്രമാണ് പോലീസിനും അറിയാവുന്നത്.
മാവേലിക്കര, പൂഞ്ഞാര്‍ എന്നീ രാജകുടുംബങ്ങളുടെ പേരാണ് ഹരിഹരവര്‍മ്മ തന്നെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നത്. ഈ രണ്ട് കുടുംബങ്ങളുടെ പേരും തരം പോലെ മാറി മാറി പറഞ്ഞിരുന്നു. പിതാവിന്റെ പേര് ഭാസ്‌കര വര്‍മ്മ എന്നാണെന്നാണ് പറഞ്ഞിരുന്നത്. പൂഞ്ഞാര്‍ രാജകൂടുംബത്തിലെ ട്രസ്റ്റിയാണെന്നുള്ളതിന്റേയും കൊട്ടാരം വക സ്വത്തുക്കളുടെ ക്രയവിക്രിയത്തിന് അവകാശമുണ്ടെന്നുമുള്ളതിന്റേയും രേഖകള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. രത്നവ്യാപാരത്തിന് വിശ്വാസ്യത നല്‍കാനായിരുന്നു രാജകുടുംബങ്ങളുടെ പേര് ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ഹരിഹര വര്‍മ്മ എന്ന പേരും വ്യാജമാണെന്നാണ് പോലീസ് പറയുന്നത്.
രണ്ട് രാജകുടുംബങ്ങളുടെ തായ് വഴികളിലും ഇങ്ങനെ ഒരാളില്ലെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. രണ്ട് കൊട്ടാരങ്ങളുടെ തായ് വഴികളിലും അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം പ്രദേശങ്ങളിലുമെല്ലാം പോലീസ് വിശദമായ പരിശോധനകള്‍ നടത്തി. മാവേലിക്കര കുടുംബാംഗമല്ലെന്ന് പറഞ്ഞ് കുടുംബ ട്രസ്റ്റ് രംഗത്തെത്തുകയും ചെയ്തിരുന്നു. വര്‍മ്മയുടെ കൈവശമുണ്ടായിരുന്ന രേഖകളും വ്യാജമാണെന്ന് പോലീസ് പറയുന്നു.
ആദ്യഭാര്യയോട് മാവേലിക്കര രാജകുടുംബാംഗമെന്നാണ് വര്‍മ്മ പറഞ്ഞിരുന്നത്. പാലക്കാട്ടുള്ള മറ്റൊരു സ്ത്രീയേയും ഹരിഹര വര്‍മ്മ വിവാഹം കഴിച്ചിരുന്നു. ഇവരോട് പൂഞ്ഞാര്‍ രാജകുടുംബാംഗമെന്നാണ് പരിചയപ്പെടുത്തിയത്. കമ്പം, തേനി ഭാഗത്ത് 2000 ഏക്കര്‍ തോട്ടമുണ്ടെന്നും പറഞ്ഞിരുന്നു. പാലക്കാട്ടും, ആറ്റിങ്ങലിലും വര്‍മ്മയ്ക്ക് സ്വന്തമായി വീടുകളുണ്ടായിരുന്നു. രണ്ട് സ്ത്രീകള്‍ക്കും ഹരിഹരവര്‍മ്മയുടെ ബന്ധുക്കളെക്കുറിച്ച് അറിയില്ല. ബന്ധുക്കളുമായി അകന്ന് കഴിയുകയാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. മരണം വലിയ വാര്‍ത്തയായിട്ടും ഈ രണ്ടു പേരുമല്ലാതെ മറ്റ് ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഹരിഹര വര്‍മ്മയെ തേടിയെത്തിയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ആദ്യ ഭാര്യയുമൊത്ത് വട്ടിയൂര്‍ക്കാവില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് 2013 ല്‍ ഹരിഹരവര്‍മ്മ കൊല്ലപ്പെടുന്നത്. 2001 ലാണ് കടയ്ക്കാവൂര്‍ സ്വദേശിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് 2010 ല്‍ പാലക്കാട് സ്വദേശിയായ സ്ത്രീയേയും രഹസ്യമായി വിവാഹം കഴിച്ചു.
രാജ്യം മൊത്തം തിരഞ്ഞെങ്കിലും നിരാശരായി പോലീസ്
ഹരിഹര വര്‍മ്മയുടെ ചിത്രം അടക്കമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ദേശിയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയില്‍ വരെ പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. മരിച്ച ആളുടെ ഭൂതകാലം കണ്ടെത്താനാവാത്തതിന് കോടതികള്‍ മൂന്ന് തവണ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.
ഹരിഹര വര്‍മ്മയുടെ വീട്ടില്‍ നിന്നും ലഭിച്ച സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്നാലെയായിരുന്നു ആദ്യം പോലീസ് പോയത്. പക്ഷേ കൊച്ചിയിലെ ഗുജറാത്തി സ്‌കൂളിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നു. അവിടെ ഈ പേരിലൊരു വിദ്യാര്‍ഥി പഠിച്ചിട്ടില്ല.
തിരുവനന്തപുരത്ത് നിന്നെടുത്ത പാസ്‌പോര്‍ട്ടിലെ വിലാസം തേടി കോയമ്പത്തൂരിലെത്തിയെങ്കിലും കാര്യമുണ്ടായില്ല. രാമനാഥപുരത്തെ കരുണാനിധി നഗറിലെ വാടകവീടിന്റെ മേല്‍വിലാസമായിരുന്നു അത്. ഇവിടെ 17 ഉം 18 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളുമായി ചിത്രത്തിലുള്ള ആള്‍ താമസിച്ചിരുന്നതായി വിവരം കിട്ടി. ഒപ്പമുണ്ടായിരുന്നവര്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളായിരുന്നുവെന്ന സൂചന ലഭിച്ചു. കോയമ്പത്തൂരും ഊട്ടിയിലുമെല്ലാം പോലീസ് അരിച്ചു പെറുക്കി. പക്ഷേ ഈ വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല. ഇദ്ദേഹം അഡയാര്‍, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയിരുന്നതായി പോലീസിന് വിവരം കിട്ടി. പക്ഷേ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനുള്ള മറ്റ് തുമ്പുകളൊന്നും ലഭിക്കാതെ വന്നതോടെ അന്വേഷണ സംഘം മടങ്ങി. ഹരിഹര വര്‍മ്മ പാസ്‌പോര്‍ട്ട് പുതുക്കിയതും തിരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡ് എടുത്തതും ആദ്യ ഭാര്യയുടെ കടയ്ക്കാവൂരിലെ വിലാസത്തിലാണ്.
ഹരിഹരവര്‍മ്മ രാജകുടുംബാഗമല്ലെന്നും കോയമ്പത്തൂര്‍ സ്വദേശി ഭാസ്‌കരന്റെ മകനാണെന്നും വിചാരണ കോടതിയില്‍ കൊലക്കേസിലെ ഒന്നാം പ്രതി ജിതേഷ് വാദിച്ചിരുന്നു. എന്നാല്‍ പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മരിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് വരെയുള്ള വര്‍മ്മയുടെ ഫോണ്‍ രേഖകളും വീട്ടില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ രേഖകളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ല. വര്‍മ്മയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരുടെ തിരച്ചറിയല്‍ രേഖകളായിരുന്നു പോലീസിന് കിട്ടിയത്.
സുകുമാരക്കുറുപ്പാണോയെന്നും സംശയം
സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണാതായവരുടേയും പിടികിട്ടാത്ത പ്രതികളുടേയുമെല്ലാം വിവരങ്ങള്‍ വര്‍മ്മയുടേതുമായി പോലീസ് ഒത്തുനോക്കിയിരുന്നു. ഒരു ഘട്ടത്തില്‍ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പാണോ ഹരിഹരവര്‍മ്മയെന്ന സംശയവും പോലീസിനുണ്ടായി. രണ്ടു പേരുടെ കാര്യത്തിലുമുണ്ടായിരുന്ന ചില സമാനതകളാണ് സംശയത്തിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്. ഹരിഹര വര്‍മ്മ സ്വദേശമായി ചൂണ്ടിക്കാട്ടിയ മാവേലിക്കരക്ക് സമീപമാണ് സുകുമാരക്കുറുപ്പിന്റെ സ്ഥലമായ ചെറിയനാട്. കൂടാതെ ഇരുവരുടേയും കണ്ണുകള്‍ക്കും സാമ്യമുണ്ട്. ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് അലോചിച്ചിരുന്നു. എന്നാല്‍ കാലഗണനയും പ്രായവ്യത്യാസവും നോക്കുമ്പോള്‍ ഒരാളാവാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. ഹരിഹരവര്‍മ്മ മരിക്കുമ്പോള്‍ 55 വയസുണ്ടായിരുന്നു. സുകുമാരക്കുറുപ്പിന് ഹരിഹരവര്‍മ്മ മരിക്കുന്ന സമയത്ത് 64 വയസ് പ്രായമുണ്ടാകണം. സുകുമാരക്കുറുപ്പ് ചാക്കോ വധത്തിന് ശേഷം 1984 ലാണ് ഒളിവില്‍പ്പോയത്. ഹരിഹര വര്‍മ്മ വ്യാജ വയസാണ് പറഞ്ഞതെങ്കിലും 64 വരില്ലെന്നാണ് പോലീസ് പറയുന്നത്.
കോടികളുടെ രത്നങ്ങള്‍ കൈക്കലാക്കാന്‍ കൊലപാതകം
ഹരിഹരവര്‍മ്മയുടെ കൈവശമുള്ള രത്നങ്ങള്‍ കൈക്കലാക്കാനായിരുന്നു അദ്ദേഹത്തെ കൊലപ്പെടുത്തിയത്. പൂഞ്ഞാര്‍ കോവിലകത്ത് നിന്ന് പൈതൃകമായി കിട്ടിയ രത്നങ്ങളും വൈഡ്യൂര്യങ്ങളുമാണ് വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്നാണ് വര്‍മ്മ ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കൊലപാതക സംഘം വിശ്വസിച്ചിരുന്നില്ല. രത്നങ്ങള്‍ വാങ്ങാനെന്ന പേരില്‍ നടത്തിയ ചര്‍ച്ചകളില്‍ വര്‍മ്മയുടെ ഇടപെടലുകളില്‍ ഇവര്‍ക്ക് ദുരൂഹതകള്‍ തോന്നിയിരുന്നതായും വര്‍മ്മ എവിടെ നിന്നോ രത്നങ്ങള്‍ തട്ടിയെടുത്തതാണെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാന്‍ പോലീസിനായിട്ടില്ല. വര്‍മ്മയുടെ സുഹൃത്ത് ഹരിദാസിന്റെ വട്ടിയൂര്‍ക്കാവ് പുതൂര്‍ക്കോണത്തെ വീട്ടില്‍ വച്ച് 2012 ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു കൊലപാതകം. ക്ലോറോഫോം മണപ്പിച്ച ശേഷം കഴുത്തിലും മുഖത്തും അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ കോളേജില്‍ പഠിച്ചിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേരെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. കൊലപാതകം നടന്ന് ഒമ്പത് ദിവസത്തിനകം പ്രതികളെ പിടികൂടി തൊണ്ടി മുതലുകള്‍ അന്വേഷണ സംഘം പിടിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ കോഴിക്കോട് റൂറല്‍ എസ്.പി.യായ കെ.ഇ.ബൈജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.
ആദ്യ നാല് പ്രതികളായ ജിതേഷ്, രഖില്‍ അജീഷ്, രാഗേഷ് എന്നിവര്‍ക്ക് വിചാരണ കോടതി വിധിച്ച ഇരട്ട ജീവരപര്യന്തം ഹൈക്കോടതിയും ശരിവച്ചു. അഞ്ചാം പ്രതി ജോസഫിനെ വെറുതെ വിട്ടു. ഒന്നാം പ്രതിയുടെ അപ്പില്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. വര്‍മ്മയുടെ സുഹൃത്തായിരുന്ന ഹരിദാസിനെ പോലീസ് ആറാം പ്രതിയാക്കിയെങ്കിലും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ വിചാരണ കോടതി വെറുതേ വിടുകയായിരുന്നു. ഹരിദാസിന്റെ അറിവോടെയായിരുന്നു കൊലപാതകമെന്നായിരുന്നു പോലീസിന്റെ വാദം.
Content Highlights: Harihara Varma unsolved mystery jeweler murder Kerala crime stolen jewels royal family fake identity
Published: 03 Mar 2025, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented