ലോകത്തെ ഞെട്ടിച്ച ഏറ്റവും വലിയ പകല്‍ക്കൊള്ളകളിലൊന്നായിരുന്നു കഴിഞ്ഞ ഞായറാഴ്ച പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ നടന്ന മോഷണം. നെപ്പോളിയന്‍ ഒന്നാമന്‍റെയും മൂന്നാമന്‍റെയും കാലത്തുള്ള ഒന്‍പത് അമൂല്യ ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയപ്പോള്‍ അതിന്റെ മൂല്യമായി കണക്കാക്കുന്നത് ഏകദേശം 10.2 കോടി ഡോളറാണ് (ഏകദേശം 894 കോടി രൂപ). മോഷണം നടന്നിട്ട് നാല് ദിവസം കഴിഞ്ഞിട്ടും മോഷ്ടാക്കളെ കുറിച്ച് ഒരു വിവരവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. ഇതോടെ ലോകം ശ്രദ്ധിച്ച മോഷണ പരമ്പരകളുടെ ഒടുവിലത്തെ അധ്യായമായും ലൂവ്ര് മ്യൂസിയത്തിലെ മോഷണം മാറി.

To advertise here,

ലൂവ്ര് മ്യൂസിയത്തില്‍ ഇതാദ്യമായല്ല മോഷണം നടക്കുന്നത്. 1911-ലായിരുന്നു ആദ്യത്തേത്. മ്യൂസിയത്തിലെ ഏറെ ശ്രദ്ധേയവും വിലമതിപ്പേറിയതുമായ മൊണാലിസ ചിത്രമായിരുന്നു അന്ന് മോഷണം പോയത്. മ്യൂസിയം ജീവനക്കാരനായിരുന്ന വിന്‍സെന്‍സോ പെരുഗിയ ആയിരുന്നു മോഷ്ടാവ്. മ്യൂസിയത്തിന് അകത്തേക്ക് കടന്ന പെരുഗിയ ചിത്രം കോട്ടിനുള്ളിലാക്കുകയും പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. മോഷണം നടന്ന് രണ്ടുവര്‍ഷത്തിന് ശേഷം ഫ്ളോറന്‍സില്‍ വച്ചാണ് ഈ ചിത്രം പിന്നീട് തിരിച്ചുകിട്ടിയത്. ഇതിനു പുറമെ മറ്റ് മോഷണ ശ്രമങ്ങളും ലൂവ്രില്‍ നടന്നു. മോഷണം നടന്നിട്ട് വര്‍ഷങ്ങളായിട്ടും ഇന്നും തിരിച്ചു കിട്ടാത്ത ഏറെ ശ്രദ്ധേയമായ മറ്റ് ചില ഉദാഹരണങ്ങളും ലോകത്തിന് മുന്നിലുണ്ട്. ലൂവ്രിന്റെ പശ്ചാത്തലത്തില്‍ ഇതുകൂടി ചര്‍ച്ചയാവുകയാണ്.

  • ഇസബല്ല സ്റ്റ്യൂവര്‍ട്ട് ഗാര്‍ഡന്‍; 4150 കോടിയുടെ മോഷണം

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോഷണം എന്നാണ് 1990 മാര്‍ച്ച് 18-ന് ബോസ്റ്റണിലെ ഇസബല്ല സ്റ്റുവര്‍ട്ട് ഗാര്‍ഡന്‍ മ്യൂസിയത്തില്‍ നടന്ന മോഷണത്തെ വിശേഷിപ്പിക്കുന്നത്. 4150 കോടി(500 മില്ല്യണ്‍) മൂല്യമുള്ള വസ്തുക്കളായിരുന്നു അന്ന് പോലീസ് ഉദ്യോഗസ്ഥരുടെ വേഷമിട്ടെത്തിയവര്‍ ഇവിടെ നിന്ന്  കടത്തിക്കൊണ്ടുപോയത്. രാത്രി വൈകി ബോസ്റ്റണ്‍ പോലീസിന്റെ വേഷത്തിലെത്തിയ മോഷ്ടാക്കള്‍ സ്റ്റ്യൂവര്‍ട്ട് ഗാര്‍ഡന്‍ മ്യൂസിയത്തിലെത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യാമം വച്ച് ബന്ധനസ്ഥരാക്കിയ ശേഷം മ്യൂസിയം അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ശേഷം 81 മിനിറ്റോളം ഇവിടെ ചിലവിട്ട ഉദ്യോഗസ്ഥര്‍ വെര്‍മീര്‍ കലാസൃഷ്ടിയായ ദ കണ്‍സേര്‍ട്ടും റെംബ്രാന്‍ഡിന്റെ ദ സ്റ്റോം ഓണ്‍ ദ സീ ഓഫ് ഗാലീ എന്ന പെയിന്റിങ്ങും കടത്തിക്കൊണ്ടുപോവുകയും ചെയ്തു.ഇവ രണ്ടും ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമോഷണം എന്ന വിളിപ്പേര് കിട്ടിയ ഇസബല്ല സ്റ്റ്യൂവര്‍ട്ട് ഗാര്‍ഡന്‍ മ്യൂസിയത്തിലെ മോഷണത്തിന്റെ ഓര്‍മയ്ക്കായി ആ ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്ന ഫ്രെയിമുകള്‍ മ്യൂസിയത്തില്‍ ഇന്നും തൂക്കിയിട്ടിട്ടുണ്ട്. ഇത് സന്ദര്‍ശകര്‍ക്ക് നീറുന്ന ഓര്‍മകളും സമ്മാനിക്കുന്നു. മോഷണവുമായി ബന്ധപ്പെട്ട് പല തുമ്പുകളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും ഇതൊന്നും മോഷണം പോയ കലാസൃഷ്ടികള്‍ തിരിച്ചെത്തിക്കുന്നതിലേക്ക് നയിച്ചില്ല. ബോസ്റ്റണിലെ തെരുവുകള്‍ മുതല്‍ അന്താരാഷ്ട്ര ബ്ലാക്ക്മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട് പോലും അന്വേഷണം നീട്ടിയിട്ടും പരിഹാരമായില്ല.

  • 100 കിലോ ഭാരം; അന്ന് മോഷ്ടിച്ചത് ലോകത്തിലെ ഏറ്റവും ഭാരമുള്ള നാണയം

2017-മാര്‍ച്ച് 27 ന് ആയിരുന്നു ബെര്‍ലിന്‍ ബോഡോ മ്യൂസിയത്തില്‍ നിന്ന് 100 കിലോ തൂക്കമുള്ള സ്വര്‍ണനാണയം മോഷ്ടിക്കപ്പെട്ടത്. 10 ലക്ഷം ഡോളര്‍  (ഏതാണ്ട് 8.4 കോടി രൂപ) ആയിരുന്നു അന്ന് ഇതിന്റെ മുഖവില. എന്നാല്‍ സ്വര്‍ണത്തില്‍ ഉപയോഗിച്ചിരിക്കുന്ന നാണയത്തിന്റെ ഉയര്‍ന്ന പരിശുദ്ധി കണക്കിലെടുക്കുമ്പോള്‍ അതിന്റെ ഭൗതിക മൂല്യം ഏകദേശം നാല്‍പത് ലക്ഷത്തോളം ഡോളര്‍ (ഏതാണ്ട് 33 കോടി രൂപ) വരും(മോഷണ സമയത്ത്). എലിസബത്ത് രാജ്ഞിയുടെ മുഖത്തോട് കൂടിയുള്ള പരിശുദ്ധ സ്വര്‍ണം കൊണ്ടുണ്ടാക്കിയ നാണയം അങ്ങനെ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തിരുന്നു. ഇതാണ് ബിഗ് മേപ്പിള്‍ ലീഫ് എന്നറിയപ്പെട്ടത്.

2007-ല്‍ ആണ് റോയല്‍ കനേഡിയന്‍ മിന്റ് ബിഗ് മേപ്പിള്‍ ലീഫ് പുറത്തിറക്കിയത്. മ്യൂസിയത്തിന്റെ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കൾ നാണയവുമായി കടന്നുകളഞ്ഞതാണെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. എന്നാല്‍ മോഷണം നടന്ന് വര്‍ഷങ്ങളായിട്ടും നാണയം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ ഇത് ഉരുക്കി സ്വര്‍ണം കടത്തിക്കളഞ്ഞിട്ടുണ്ടാവാമെന്നാണ് പോലീസ് കരുതുന്നത്. നിരവധി പേരെ അന്വേഷണത്തിന്റ ഭാഗമായി ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും റിമാന്‍ഡില്‍ താമസിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും നാണയം കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല.

 

അഞ്ചു കോയിനുകളുടെ ഒരു സെറ്റായിട്ടായിരുന്നു 2007-ല്‍ റോയല്‍ കനേഡിയന്‍ മിന്റ് ബിഗ് മേപ്പിള്‍ ലീഫ് പുറത്തിറക്കുകയും ബെര്‍ലിന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നത്. ഇതില്‍ ഒന്നായിരുന്നു മോഷ്ടിക്കപ്പെട്ടത്. നിലവിലെ മാര്‍ക്കറ്റ് മൂല്യം കണക്കാക്കുമ്പോള്‍ 99.6 കോടി രൂപ മൂല്യം വരും. 2011-വരെ ബിഗ് മേപ്പിള്‍ ലീഫ് ആയിരുന്നു ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ നാണയം. എന്നാല്‍ 1000 കിലോയുള്ള ഓസ്ട്രേലിയന്‍ ഗോള്‍ഡ് നഗ്ഗറ്റ് (ദ ഓസ്ട്രേലിയന്‍ കംഗാരു)പെര്‍ത്ത് മിന്റ് പുറത്തിറക്കിയതോടെ  ഇതായി ഏറ്റവും വലിയ നാണയം. 2012-ല്‍ പുറത്തിറക്കിയ നാണയത്തിന് 1000 കിലോയാണ് തൂക്കം.

 

  • ബ്ലെനിം കൊട്ടാരത്തിലെ സ്വര്‍ണക്കക്കൂസ് മോഷണം

ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള ബ്ലെനിം കൊട്ടാരത്തിലെ സ്വര്‍ണക്കക്കൂസ് മോഷണം പോയതും ലോകം ശ്രദ്ധിച്ച മോഷണങ്ങളിലൊന്നായിരുന്നു. 2019 സെപ്റ്റംബര്‍ 15-ന് പുലര്‍ച്ചെയായിരുന്നു മോഷണം. കൊട്ടാരത്തില്‍ അതിക്രമിച്ചു കയറിയ സംഘം 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച കക്കൂസ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടിക്കുന്ന സമയത്ത് പത്ത് ലക്ഷം പൗണ്ട്(ഏകദേശം 8.88 കോടി രൂപ) വില മതിപ്പുണ്ടായിരുന്ന കക്കൂസ് കൊട്ടാരം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നു.

ഇറ്റാലിയന്‍ കലാകാരനായ മൗറീസോ കറ്റാലിന്‍ ആയിരുന്നു ഈ കക്കൂസിന്റെ ഡിസൈനിങ്ങിന് പിന്നില്‍. ലോക സമ്പന്നതയെയും ആഡംബരത്തെയും പരിഹസിക്കുന്ന സൃഷ്ടി ലോകത്തെമ്പാടുമുള്ള സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇക്കാലമത്രയും കക്കൂസ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഉരുക്കി പല ഭാഗങ്ങളാക്കി മാറ്റി വിപണിയില്‍ വിറ്റിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ മോഷ്ടിച്ച കാറ് ഉപയോഗിച്ച് കൊട്ടാരത്തിന്റെ ഗേറ്റ് തകര്‍ക്കുകയും അകത്ത് കടക്കുകയുമായിരുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച 18-ാം നൂറ്റാണ്ടിലെ കൊട്ടാരത്തിന് മരഗേറ്റുകളായിരുന്നു. അകത്ത് കടന്ന് മോഷ്ടാക്കൾ നേരത്തെ നിശ്ചയിച്ച പ്രകാരം ശൗചാലയ ജനല്‍ തകര്‍ത്ത് അകത്ത് കടക്കുകയും വാതില്‍ തകര്‍ത്ത് സ്വര്‍ണക്കക്കൂസുമായി രക്ഷപ്പെടുകയും ചെയ്തു. കൊട്ടാരത്തിലെ സുരക്ഷാ ചുമതലയുള്ള ആളുകളുടെ വലിയ വീഴ്ചയായിരുന്നു മോഷണത്തിന് പിന്നില്‍. ആവശ്യത്തിന് സിസിടിവിയും ഉണ്ടായിരുന്നില്ല. മോഷ്ടാക്കൾ

നേരത്തെ തന്നെ കൊട്ടാരത്തിലെത്തി ഗേറ്റിന്‍റെയും ശൗചാലയ വാതിലിന്‍റെയും സ്വര്‍ണക്കക്കൂസിന്‍റെയുമെല്ലാം ഫോട്ടോ എടുത്തു പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

 

  • ആന്‍വേര്‍ബിലെ വജ്രമോഷണം

ലോകത്തിലെ വജ്രമോഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നായിരുന്നു 2003-ല്‍ ബെല്‍ജിയം ആന്‍വെര്‍ബ് ഡയമണ്ട് സെന്ററില്‍ നടന്ന വജ്രമോഷണം. നൂറ്റാണ്ടിന്റെ മോഷണം എന്നാണ് ഇതിനെ അറിയപ്പെടുന്നത്. 2003-ഫെബ്രുവരി 15 നും 16 നും ഇടയില്‍ നടന്ന മോഷണത്തില്‍ ഏകദേശം 100 മില്യൺ ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ് നഷ്ടപ്പെട്ടത്. ഇന്നത്തെ മൂല്യം അനുസരിച്ച് 830 കോടി വിപണി മൂല്യം വരും. വജ്രം സ്വര്‍ണം എന്നിവയെല്ലാം ഉള്‍പ്പെടുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

ഇറ്റാലിയന്‍ പ്രൊഫഷണല്‍ മോഷ്ടാക്കളില്‍ പ്രമുഖരായ ലിയനാര്‍ഡോ നോട്ടര്‍ബാര്‍ട്ടലോ ആണ് മോഷണത്തിന് നേതൃത്വം നല്‍കിയത്. എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് സുരക്ഷയൊരുക്കിയാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നതെങ്കിലും ഇതിനെയെല്ലാം വിദഗ്ധമായി മറികടക്കാന്‍ മോഷ്ടാക്കള്‍ക്കായി.

ലോകത്തിലെ ഏറ്റവും കൂടുതല്‍ വജ്രവ്യാപാരം നടക്കുന്ന ഇടമായിരുന്നു ആന്‍വേര്‍ബ്. വജ്രങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഇടനിലക്കാരുമെല്ലാമായി എപ്പോഴും തിരക്കുപിടിച്ച ഇടം. അതുകൊണ്ടുതന്നെ വന്‍ സുരക്ഷാ സംവിധാനങ്ങളുടെ ബലത്തിലായിരുന്നു വ്യാപരം മുന്നോട്ടുകൊണ്ടുപോയിരുന്നത്. പ്രത്യേക അനുമതിയും തിരിച്ചറിയല്‍ രേഖയുമില്ലാതെ ഉള്ളിലേക്ക് പ്രവേശനം പോലും വിലക്കപ്പെട്ട ഇടം.

ഇന്‍ഫ്രാറെഡ്, മാഗ്‌നെറ്റിക്, തെര്‍മല്‍ സെന്‍സര്‍, ക്യാമറകള്‍ എന്നിവയെല്ലാം സുരക്ഷയൊരുക്കി. ഒപ്പം ആയുധധാരികളായ പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മോഷ്ടാക്കള്‍ മറികടന്നു.

മോഷണം ലക്ഷ്യമിട്ട് ലിയനാര്‍ഡോ വജ്രവ്യാപാരി എന്ന വ്യാജേന ആന്‍വേര്‍ബ് ഡയമണ്ട് സെന്ററില്‍ ഒരു ഓഫീസ് മുറി വാടകയ്ക്കെടുക്കുകയാണ് ആദ്യം ചെയ്തത്. മോഷണത്തിന് മുമ്പ് ഏകദേശം രണ്ട് വര്‍ഷത്തോളം ഈ ഓഫീസ് പ്രവര്‍ത്തിക്കുകയും ചെയ്തു. ഡയമണ്ട് സെന്ററുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കുകയുമായിരുന്നു ഓഫീസ് തുറക്കുന്നത് കൊണ്ടുള്ള ലക്ഷ്യം. രണ്ട് വര്‍ഷത്തിനിടെ ഡയമണ്ട് സെന്ററിലെ നിലവറയുമായി ബന്ധപ്പെട്ട് എല്ലാ രഹസ്യങ്ങളും ചോര്‍ത്തിയെടുക്കുകയും ചെയ്തു. നിലവറയുടെ വ്യാജ താക്കോല്‍ വരെ ഉണ്ടാക്കുകയും ചെയ്തു. ഇത് ഉപയോഗിച്ചാണ് മോഷണം നടത്തിയത്.

മോഷണവുമായി ബന്ധപ്പെട്ട് ലിയനാര്‍ഡോയെയും സംഘത്തേയും പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും ഇതുവരെ മോഷണ മുതല്‍ പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം 109 ലോക്കറുകളിലെ വജ്രാഭരണങ്ങളായിരുന്നു മോഷ്ടിക്കപ്പെട്ടത്. ലോകം ഞെട്ടിയ ഈ മോഷണത്തെ ആസ്പദമാക്കി പുസ്തകങ്ങളും ഡോക്യുമെന്ററികളുമെല്ലാം ഇറങ്ങിയിട്ടുണ്ട്.