പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പരിയാരം പോലീസ് അറിയിച്ചു.
തലശ്ശേരി ചിറക്കരയിൽ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാർ ജലിന്തർ നിഗമും കുടുംബവുമാണ് കവർച്ചയ്ക്കിരയായത്. പെരിന്തൽമണ്ണയിൽ എം.എസ്.കെ. ഗോൾഡ് വർക്‌സ് നടത്തുന്ന ഇയാൾ ഡ്രൈവറുമായി തലശ്ശേരിയിലെ സുഹൃത്തിന്റെ കാറിൽ ഭാര്യയും രണ്ട് മക്കളുമായി മഹാരാഷ്ട്രയിൽനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. എടാട്ട് ദേശീയപാതയിലെത്തിയപ്പോൾ രണ്ട് കാറുകളിലായെത്തിയ ആറംഗസംഘം ആക്രമിച്ച് കാർ തട്ടിയെടുത്ത് 25 ഗ്രാം സ്വർണാഭരണം കവർന്നുവെന്നാണ് മൊഴി.
പുലർച്ചെ അഞ്ചിന് സംഭവം നടന്നശേഷം, ഇവർ പയ്യന്നൂരിലേക്ക് ഓട്ടോയിൽ പോയി അവിടെനിന്ന് ബസിന് തലശ്ശേരിയിലെത്തി 10 മണിക്ക് ശേഷമാണ് പരാതിപ്പെട്ടത്. ആദ്യം 60 ലക്ഷത്തോളംരൂപ നഷ്ടപ്പെട്ടുവെന്ന് വാക്കാൽ പരാതിപ്പെട്ടതായും പറയുന്നു.
പിലാത്തറയിൽ പാതി തകർത്ത കാർ കണ്ടെത്തിയ വാർത്ത പരന്നതോടെ പരിയാരം പോലീസെത്തി അന്വേഷണം തുടങ്ങുമ്പോഴാണ് തലശ്ശേരിയിൽ പരാതിക്കാരുള്ളതായി അറിഞ്ഞത്.
തുടർന്ന് അവരെ പരിയാരത്തെത്തിച്ച് മൊഴിയെടുക്കുമ്പോൾ 25 ഗ്രാം ആഭരണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് പറഞ്ഞത്. ഇവരുടെ മൊഴികളിൽ പോലീസിന് സംശയമുണ്ട്. മൊഴി നൽകി തലശ്ശേരിക്ക് പോയ സ്വർണവ്യാപാരിയെ വീണ്ടും വിളിച്ച് ചോദ്യംചെയ്യും. അക്രമം നടന്ന എടാട്ട് പോലീസെത്തി പരിശോധിച്ചപ്പോൾ കാറിന്റെ ചില്ല് തകർന്നതിന്റെ അവശിഷ്ടം കണ്ടെടുത്തു.
കാറുമായി അക്രമിസംഘം എത്തിയ പിലാത്തറ പയിച്ച സഹകരണ കോളേജിനടുത്ത ഒഴിഞ്ഞ പറമ്പിൽ ഫൊറൻസിക് വിഭാഗവും പോലീസും നടത്തിയ പരിശോധനയിൽ പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. ദേശീയപാതയിലും പിലാത്തറ ടൗണിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
പിലാത്തറയിൽ മാസങ്ങൾക്കുമുൻപ് സ്വർണവ്യാപാര, കുഴൽപ്പണ സംഘങ്ങൾ ഏറ്റുമുട്ടി കാർ തകർത്ത് ഉപേക്ഷിച്ച് പോയിരുന്നു.
അലക്യംപാലത്തിൽ രണ്ടുവർഷം മുൻപ് സമാനരീതിയിൽ ദുരൂഹസാഹചര്യത്തിൽ കാർ പോലീസ് പിടിച്ചെടുത്തിരുന്നു.
Content Highlights: A gold merchant from Sangli, Maharashtra, reported a carjacking and robbery in Pilathara., Significant inconsistencies found between the merchant's initial verbal claims and formal statements., Delay in reporting the incident has raised suspicions among local police., Police are currently reviewing CCTV footage from the National Highway and Pilathara town., Historical context of similar incidents in the region is being considered by investigators.
Published: 04 Jun 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented