ടോൾപ്ലാസ വഴി പോയവരും മോഷ്ടിച്ച കാറുമായി പോയവരും ഒറ്റപ്പാലം മായന്നൂരിന് സമീപം വീണ്ടും ഒത്തുകൂടി. മോഷ്ടിച്ച കാർ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതെ വന്നതോടെ പാതയോരത്ത് ഉപേക്ഷിച്ച് എറണാകുളത്തേക്ക് മടങ്ങി.

ആലത്തൂർ: അഞ്ചുകോടി രൂപയുടെ സ്വർണാഭരണവുമായി വരുകയാണെന്ന് തെറ്റിദ്ധരിച്ച് തൃശ്ശൂർ സ്വദേശിയുടെ കാർ തട്ടിയെടുത്ത് കടന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. കോട്ടയം നീണ്ടൂർ സ്വദേശി അനന്തു(30), അതിരമ്പുഴ സ്വദേശി ഷംനാസ് (37), തലയോലപ്പറമ്പ് സ്വദേശി അഖിൽ (35) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ അഞ്ചുപേരേക്കൂടി പിടികൂടാനുണ്ടെന്ന് ആലത്തൂർ പോലീസ് പറഞ്ഞു. തൃശ്ശൂർ ഒല്ലൂർ അഞ്ചേരി കോടിയാട്ടിൽ സുബീഷ് കുമാറിന്റെ (46) കാറാണ് ഇവർ തട്ടിയെടുത്തത്.
സ്വർണപ്പണിക്കാരനായ സുബീഷ് കുമാർ കോയമ്പത്തൂരിൽ പോയി സ്വർണാഭരണം വിറ്റ് തൃശ്ശൂരിലേക്ക് മടങ്ങുമ്പോഴാണ് രണ്ടു കാറുകളിലായി എത്തിയവർ കാർ തട്ടിയെടുത്തത്. വ്യാഴാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് കുഴൽമന്ദം പുതുക്കോടിന് സമീപം ദേശീയപാതയിൽ കാർ കുറുകേ നിർത്തി സുബീഷിന്റെ വാഹനം ഇവർ തടയാൻ ശ്രമിച്ചത്. സംഘത്തിന്റെ കാറിൽ തന്റെ കാർ ഇടിച്ചെങ്കിലും പന്തികേട് മനസ്സിലാക്കിയ സുബീഷ് മുന്നോട്ടുപോയി. ഇവരുടെ കൈവശം ചുറ്റികയും ആയുധങ്ങളും കണ്ടതായി സുബീഷ് പറയുന്നു. രണ്ടുകാറുകളിലായി പിന്തുടർന്നു.
ആലത്തൂർ ഇരട്ടക്കുളം സിഗ്നലിൽ എത്തിയപ്പോൾ തെന്നിലാപുരം പാതയിൽനിന്ന് വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന സമയമായിരുന്നു. മുന്നോട്ടുപോകാനാവാതെ സുബീഷ് കാർ നിർത്തി വണ്ടിയിലുണ്ടായിരുന്ന കുറച്ച് ആഭരണങ്ങളും പണവുമെടുത്ത് ഇറങ്ങിയോടി. പ്രതികൾ നിർത്തിയിട്ട കാറിൽ ചുറ്റികകൊണ്ട് ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കാറുമായി തെന്നിലാപുരം പാതവഴി കടന്നു. ഇവർ വന്ന ഒരു കാർ പാലിയേക്കര ടോൾപ്ലാസ വഴിയും മറ്റേ കാർ മോഷ്ടിച്ച കാറിന് പിന്നാലെയും പോയി.
ഒന്നും കിട്ടിയില്ല;കാർ ഉപേക്ഷിച്ചു
ടോൾപ്ലാസ വഴി പോയവരും മോഷ്ടിച്ച കാറുമായി പോയവരും ഒറ്റപ്പാലം മായന്നൂരിന് സമീപം വീണ്ടും ഒത്തുകൂടി. മോഷ്ടിച്ച കാർ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതെ വന്നതോടെ പാതയോരത്ത് ഉപേക്ഷിച്ച് എറണാകുളത്തേക്ക് മടങ്ങി. ഇതിനിടെ സുബീഷ് ആലത്തൂർ പോലീസിലെത്തി ഉണ്ടായ സംഭവങ്ങൾ അറിയിച്ചു. ജില്ലാ പോലീസ് മേധാവി അബ്ദുൾ റാഷിയുടെ നിർദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി. എ.ജെ. ജോൺസൺ, ഇൻസ്‌പെക്ടർ സോണി മത്തായി, എസ്.ഐ. എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
കുടുങ്ങിയത് ഏലൂരിൽ
ആലത്തൂർ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഏലൂരിൽ പോലീസിന്റെ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്നംഗ സംഘത്തെ പിടികൂടി. ചോദ്യംചെയ്യലിൽ എറണാകുളം പാലാരിവട്ടത്ത് പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ തലയോലപ്പറമ്പ് സ്വദേശി അഖിലിനെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തു. ഇയാളെ വാരാപ്പുഴ കോടതി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിൽ അനന്തുവും ഷംനാസും പാലക്കാട് കാർ തട്ടിയെടുത്ത കാര്യം സമ്മതിച്ചു. ഇവരെ ആലത്തൂർ പോലീസ് അറസ്റ്റുചെയ്ത് പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷ്ടിച്ച കാർ മായന്നൂരിൽനിന്ന് കണ്ടെടുത്തു. മറ്റൊരു കാറിൽ രക്ഷപ്പെട്ട മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Alathur Police arrested three members of an eight-member gang that ambushed and hijacked a Thrissur-based jeweller's car under the mistaken belief that it was carrying ₹5 crore worth of gold ornaments.
Published: 26 Jul 2026, 04:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented