ഗാസിയാബാദ്: ഗാസിയാബാദിൽ സഹോദരിമാരായ മൂന്ന് കുട്ടികൾ ഫ്‌ളാറ്റിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. മൂന്ന് പെൺകുട്ടികളിൽ ഒരാളാണ് ഫ്‌ളാറ്റിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയതെന്നും മറ്റ് രണ്ട് കുട്ടികൾ ഇത് തടയാൻ ശ്രമിച്ചപ്പോൾ താഴേക്ക് വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷിയായ യുവാവ് പറഞ്ഞു. ഫ്‌ളാറ്റ് സമുച്ചയത്തിലെ മറ്റൊരു താമസക്കാരനായ അരുൺ സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

To advertise here,

ഗാസിയാബാദിലെ ഫ്‌ളാറ്റിൽ താമസക്കാരായ പാഖി(12) പ്രാച്ചി(14) വിശിഖ(16) എന്നിവരാണ് ഒൻപതാം നിലയിലെ ഫ്‌ളാറ്റിൽനിന്ന് ചാടി മരിച്ചത്. ബുധനാഴ്ച പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. അതേസമയം, പെൺകുട്ടികളിലൊരാളാണ് ചാടാൻ ശ്രമിച്ചതെന്നും മറ്റു രണ്ടുപേർ ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെ വീണതെന്നുമാണ് ഇവിടത്തെ താമസക്കാരനായ അരുൺസിങ് പറയുന്നത്.

''ഉറങ്ങുന്നതിന് മുൻപ് രണ്ടുമണിക്കാണ് ഞാൻ എന്റെ ബാൽക്കണിയിലേക്ക് വന്നത്. ആ സമയത്താണ് ഈ സംഭവം കണ്ടത്. ദൂരെയായതിനാൽ അവിടത്തെ ബാൽക്കണിയിൽനിന്ന് ചാടാൻ ശ്രമിക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്നൊന്നും എനിക്ക് മനസിലായില്ല. ഉടൻതന്നെ ഭാര്യയെ വിളിച്ച് ആരോ അവിടെ ചാടാൻ ശ്രമിക്കുന്നുണ്ടെന്നും എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു. അത് ഏതെങ്കിലും ദമ്പതിമാർ തമ്മിലുള്ള കലഹമായിരിക്കുമെന്നാണ് ഭാര്യ അപ്പോൾ പറഞ്ഞത്. അതിനിടെ ഒരു പെൺകുട്ടി വന്ന് ബാൽക്കണിയിലെ കൈവരിയിൽ ഇരിക്കുന്നയാളെ താഴേക്ക് വലിച്ചിടാൻ ശ്രമിച്ചിരുന്നു. അങ്ങനെ അയാൾ താഴേക്ക് വീണു. എന്നാൽ, പെട്ടെന്നുതന്നെ അതേ വ്യക്തി വീണ്ടും കൈവരിയിൽ കയറി. അപ്പോൾ ഒരു പെൺകുട്ടിയെത്തി അയാളെ മുറുകെ കെട്ടിപ്പിടിച്ചു. ആ സമയം ഞാൻ ഫോണെടുത്ത് ആരെയെങ്കിലും വിളിച്ച് അവരുടെ ചാടാനുള്ള ശ്രമം തടയാൻ ശ്രമിച്ചു. പക്ഷേ, അതിനുമുൻപേ അവർ മൂവരും താഴേക്ക് വീഴുകയായിരുന്നു'', അരുൺ സിങ് പറഞ്ഞു.

പെൺകുട്ടികൾ വീണതിന് പിന്നാലെ അരുൺ സിങ് താഴേക്ക് ഓടിയെത്തി പോലീസിനെയും ആംബുലൻസിനെയും വിളിച്ചിരുന്നു. എന്നാൽ, പോലീസും ആംബുലൻസും സ്ഥലത്തെത്താൻ ഒരുമണിക്കൂറോളം വൈകിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ''പിസ്സയും ബർഗറും 10 മിനിറ്റുകൊണ്ട് എത്തിച്ചുനൽകുന്ന രാജ്യത്ത് ഒരു ആംബുലൻസ് എത്താൻ ഒരു മണിക്കൂറെടുത്തു. ഇത് വളരെ ദുഃഖകരമായ യാഥാർഥ്യമാണ്. 10-15 തവണയാണ് ഞാൻ അവരെ ഫോണിൽ വിളിച്ചത്. ഓരോ തവണ വിളിക്കുമ്പോഴും ഓരോ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു'', അദ്ദേഹം ആരോപിച്ചു.

കൊറിയൻ ഗെയിമുകൾക്ക് അടിപ്പെട്ടു, സോറി പപ്പാ എന്ന് കുറിപ്പ്...

ഫ്‌ളാറ്റിൽനിന്ന് ചാടി മരിച്ച മൂന്ന് കുട്ടികളും ഓൺലൈൻ കൊറിയൻ ഗെയിമുകൾക്ക് അടിപ്പെട്ടിരുന്നതായും ഇത് മാതാപിതാക്കൾ നിയന്ത്രിക്കാൻ ശ്രമിച്ചതാണ് സംഭവത്തിന് കാരണമായതെന്നുമാണ് പോലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച് പെൺകുട്ടികളുടെ ആത്മഹത്യാക്കുറിപ്പിലും വിശദീകരിക്കുന്നുണ്ട്.

എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പെൺകുട്ടികൾ ഒരു ഡയറിയിൽ എഴുതിവെച്ചിരുന്നത്. ഡയറിയിൽ എഴുതിയത് മുഴുവൻ വായിക്കണമെന്നും കാരണം ഇതെല്ലാം സത്യമാണെന്നുമുള്ള കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. സോറി പപ്പാ എന്ന് എഴുതിയ ഈ കുറിപ്പ്, കരയുന്ന ഇമോജിയോടെയാണ് അവസാനിക്കുന്നത്.

ഗെയിമുകളും പാട്ടുകളും ടിവി ഷോകളും അടക്കം കൊറിയൻ ഭാഷയോടും കൊറിയൻ രീതികളോടും മൂന്നുപേർക്കും അമിതമായ ആസക്തിയുണ്ടായിരുന്നതായി പിതാവ് ചേതൻ കുമാറും പ്രതികരിച്ചു. മൂന്നുപേരും അവർക്കായി മൂന്ന് കൊറിയൻ പേരുകളും സ്വീകരിച്ചു. രണ്ടാമത്തെ മകളായ പ്രാച്ചിയായിരുന്നു എല്ലാത്തിനും മുൻകൈ എടുത്തിരുന്നത്. ഇത്തരമൊരു തീരുമാനത്തിന് പിന്നിലും അവൾ തന്നെയായിരിക്കുമെന്നാണ് സംശയിക്കുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു.

പപ്പാ ക്ഷമിക്കണം, കൊറിയയാണ് ഞങ്ങളുടെ ജീവിതമെന്നാണ് അവർ പറഞ്ഞിരുന്നത്. കൊറിയയോടായിരുന്നു അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. എന്തുപറഞ്ഞാലും അത് ഉപേക്ഷിക്കാൻ കഴിയില്ലെന്നും മക്കൾ പറഞ്ഞിരുന്നതായും ചേതൻകുമാർ വെളിപ്പെടുത്തി.

മുറിയുടെ വാതിൽ അടച്ചു, സ്റ്റൂളുകൾ അടുക്കിവെച്ച് കയറി...

ബാൽക്കണിയിൽനിന്ന് ചാടുന്നതിന് മുൻപ് പെൺകുട്ടികൾ മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നതായി പോലീസ് പറഞ്ഞു. ബാൽക്കണിയിലെ കൈവരിയിൽ കയറാനായി സ്റ്റൂളുകൾ ഉപയോഗിച്ചിരുന്നു. മുറിയിലെ ചുവരിൽ 'ഞാൻ ഒറ്റയ്ക്കാണ്' എന്നതടക്കമുള്ള എഴുത്തുകൾ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

സംഭവസമയം കുട്ടികളുടെ മാതാപിതാക്കൾ ഉറക്കത്തിലായിരുന്നു. കുട്ടികൾ താഴെവീണത് ശ്രദ്ധയിൽപ്പെട്ട മറ്റുതാമസക്കാരും സുരക്ഷാജീവനക്കാരും വിവരമറിയിച്ചപ്പോഴാണ് ഇവർ വിവരമറിഞ്ഞത്. മൂവരും പിതാവിന്റെ മൊബൈൽഫോണാണ് ഉപയോഗിച്ചിരുന്നത്. അടുത്തിടെ മാതാപിതാക്കൾ ഇവരുടെ മൊബൈൽ ഉപയോഗം നിയന്ത്രിച്ചിരുന്നു. സംഭവത്തിൽ മൊബൈൽഫോണും ഡയറിയും അടക്കം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം, രണ്ടുവർഷമായി മൂന്ന് പെൺകുട്ടികളും സ്‌കൂളിൽ പോയിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ചും പോലീസ് പരിശോധന നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)