ഭോപാല്: 'മികച്ച മോഷ്ടാവാകാന്' പ്രായപൂര്ത്തിയാകുന്നതിന് മുന്പേ ഫീസ് നല്കി പരിശീലനം, പരിശീലനം കഴിഞ്ഞാല് ഫീസിനത്തില് മുടക്കിയതിന്റെ ഇരട്ടിയിലേറെ 'വരുമാനം'. കേള്ക്കുമ്പോള് അത്ഭുതപ്പെടേണ്ട, അങ്ങനെ ചില 'പരിശീലനകേന്ദ്രങ്ങളുണ്ട്' ഇന്ത്യയില്. മധ്യപ്രദേശിലെ കാഡിയ, ഗുല്ഖേഡി, ഹല്ഖേഡി എന്നീ മൂന്ന് ഗ്രാമങ്ങളിലാണ് ക്രിമിനലുകളുടെ 'നഴ്സറി'കള് പ്രവര്ത്തിക്കുന്നതെന്നാണ് എന്.ഡി.ടി.വി.യുടെ റിപ്പോര്ട്ട്. അടുത്തിടെ ജയ്പുരില് ഒരുവിവാഹചടങ്ങിനിടെ നടന്ന വന്മോഷണത്തോടെയാണ് 'കുട്ടിക്കള്ളന്മാരെ' പരിശീലിപ്പിക്കുന്ന ഇത്തരം 'നഴ്സറി'കളെ സംബന്ധിച്ചുള്ള കൂടുതല്വിവരങ്ങള് പുറത്തുവന്നത്.
മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപാലില്നിന്ന് 117 കിലോമീറ്ററോളം അകലെ രാജ്ഗഢ് ജില്ലയിലാണ് മൂന്നുഗ്രാമങ്ങളും സ്ഥിതിചെയ്യുന്നത്. ചെറുപ്രായത്തിലെ കുട്ടികളെ മോഷണവും പിടിച്ചുപറിയും കൊള്ളയുമെല്ലാം 'പഠിപ്പിച്ചെടുക്കുന്നതിലൂടെയാണ്' ഈ ഗ്രാമങ്ങള് കുപ്രസിദ്ധി നേടിയത്. നിരവധി ക്രിമിനല്സംഘങ്ങള് പ്രവര്ത്തിക്കുന്ന ഇവിടെ ഓരോവര്ഷവും പുതിയ 'അഡ്മിഷനും' നടക്കുന്നു.
ഈ ഗ്രാമങ്ങളില്നിന്നുള്ള രണ്ടായിരം പേര്ക്കെതിരേ ഏകദേശം 8000-ലേറെ ക്രിമിനല്കേസുകളുണ്ടെന്നാണ് പോലീസ് നല്കുന്നവിവരം. പക്ഷേ, വിദ്യാഭ്യാസസൗകര്യങ്ങളുടെ അപര്യാപ്തതയും കുടുംബങ്ങളിലെ ദാരിദ്ര്യവുമെല്ലാം കാരണം പുതിയ തലമുറയും 'മോഷണകല'യിലേക്ക് ആകര്ഷരാകുന്നുവെന്നും പോലീസ് പറയുന്നു.
12-13 വയസ്സില് 'ക്ലാസിലേക്ക്', പുറത്തിറങ്ങുന്നത് ക്രിമിനലായി...
12,13 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് മോഷണം 'പഠിക്കാനായി' രക്ഷിതാക്കള് ഈ ഗ്രാമങ്ങളിലേക്ക് അയക്കുന്നത്. ഗ്രാമത്തിലെ ഒട്ടേറെ ക്രിമിനല്സംഘങ്ങളുടെ തലവന്മാരെ കണ്ട് ഇവരില് ആരാണ് മികച്ചതെന്ന് മനസിലാക്കിയശേഷമായിരിക്കും 'ഗുരു'വിനെ കണ്ടെത്തുക. രണ്ട് ലക്ഷം മുതല് മൂന്ന് ലക്ഷം വരെ ഫീസ് നല്കിയാണ് കുട്ടികളെ ഇവിടങ്ങളില് പരിശീലനത്തിന് അയക്കുന്നതെന്നും എന്.ഡി.ടി.വി.യുടെ റിപ്പോര്ട്ടില് പറയുന്നു.
'കോഴ്സിന്' ചേര്ന്നാല് പിന്നെ വിവിധതരം മോഷണരീതികളുടെ പരിശീലനമാണ്. പോക്കറ്റടിയില് തുടങ്ങി കൊള്ളയും പിടിച്ചുപറിയുമെല്ലാം ഇതില് ഉള്പ്പെടും. തിരക്കേറിയ സ്ഥലങ്ങളില് എങ്ങനെ കവര്ച്ച നടത്താം, എങ്ങനെ ഓടിരക്ഷപ്പെടാം, പോലീസിനെ കബളിപ്പിച്ച് എങ്ങനെ മുങ്ങാം, പിടിക്കപ്പെടാതിരിക്കാനുള്ള മാര്ഗങ്ങള് എന്തെല്ലാം എന്നിവയെല്ലാം 'സിലബസിലുണ്ട്'.
ക്രിമിനല്സംഘത്തിന് കീഴില് ഒരുവര്ഷം പൂര്ത്തിയാക്കിയാല് കുട്ടിയുടെ കുടുംബത്തിന് പണം കിട്ടിത്തുടങ്ങും. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘങ്ങളുടെ തലവന്മാരാണ് അവരുടെ വിഹിതം കൃത്യമായി വീടുകളിലേക്ക് നല്കുന്നത്. മോഷണസംഘത്തില് ഉള്പ്പെട്ട കുട്ടിക്കള്ളന്മാരുടെ കുടുംബത്തിന് ഇത്തരത്തില് മൂന്ന് ലക്ഷം രൂപ മുതല് അഞ്ചുലക്ഷം രൂപ വരെ വര്ഷത്തില് ലഭിക്കുന്നുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു.
ജയ്പുരിലെ മോഷണം, കവര്ന്നത് ഒന്നരക്കോടിയുടെ ആഭരണങ്ങള്
ഓഗസ്റ്റ് എട്ടാം തീയതി രാജസ്ഥാനിലെ ജയ്പുരിലെ ഹയാത്ത് ഒരു ഗംഭീര വിവാഹചടങ്ങ് നടന്നു. ഹൈദരാബാദിലെ വ്യവസായിയുടെ മകന്റെ ആഡംബരവിവാഹത്തില് പങ്കെടുക്കാനായി ഒട്ടേറെപേരാണ് ഹോട്ടലിലെത്തിയത്. എന്നാല്, വിവാഹചടങ്ങിനിടെ വധുവിന്റെ അമ്മയുടെ ബാഗ് മോഷണംപോയി. ഒന്നരക്കോടി രൂപ വിലവരുന്ന ആഭരണങ്ങളും ഒരുലക്ഷം രൂപയും അടങ്ങിയ ബാഗാണ് വിവാഹചടങ്ങിനിടെ നഷ്ടപ്പെട്ടത്. വധൂവരന്മാരെ അനുഗ്രഹിക്കുന്നതിനിടെ ബാഗ് കുറച്ചുസമയത്തേക്ക് കൈയില്നിന്ന് മാറ്റിവെച്ച നിമിഷം വിവാഹവേദിയിലുണ്ടായിരുന്ന 'കുട്ടിക്കള്ളന്' അത് അടിച്ചുമാറ്റുകയായിരുന്നു.
കവര്ച്ചയ്ക്ക് പിന്നാലെ മോഷ്ടാവും സംഘവും ഒട്ടും സമയം പാഴാക്കിയില്ല. മധ്യപ്രദേശിലെ രാജ്ഗഢിലേക്ക് തിരിച്ചു. സംശയം തോന്നാതിരിക്കാന് കന്വാര് യാത്രയ്ക്ക് പോകുന്നവര്ക്കിടയില് നുഴഞ്ഞുകയറി. പിടിക്കപ്പെടാതിരിക്കാന് മോഷണമുതലുകള് ഒരിടത്ത് ഉപേക്ഷിക്കുകയുംചെയ്തു. എന്നാല്, ജയ്പുര് പോലീസും രാജ്ഗഢ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില് 'കുട്ടിക്കള്ളന്' പിടിയിലായി. മോഷണമുതലും കണ്ടെടുത്തു.
ഇതേ ഗ്രാമത്തില് തന്നെയുള്ള രവീന്ദ്ര സിസോദിയ(24) എന്നയാളും ഗുരുഗ്രാമിലെ ഒരുവിവാഹവേദിയില് നേരത്തെ സമാനരീതിയില് മോഷണം നടത്തിയിരുന്നു. കഴിഞ്ഞ മാര്ച്ചിലായിരുന്നു ഈ സംഭവം. 2023 ഡിസംബറില് ഡല്ഹിയിലെ വിവാഹവേദിയില് മോഷണം നടത്തിയതിന് യാഷ് സിസോദിയ എന്ന 22-കാരനും പിടിയിലായിരുന്നു. ജയ്പുര് പോലീസില്നിന്ന് വിവാഹവേദിയിലെ മോഷണത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ അത് ഈ ഗ്രാമങ്ങളില്നിന്നുള്ള സംഘം തന്നെയാകുമെന്ന് രാജ്ഗഢ് പോലീസ് ഉറപ്പിച്ചിരുന്നു. തുടര്ന്ന് ദ്രുതഗതിയില് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടാനായതെന്നും മധ്യപ്രദേശ് എ.ഡി.ജി.പി. ജയ്ദീപ് പ്രസാദ് വ്യക്തമാക്കി.
മോഷണം, ചൂതാട്ടം, മദ്യവില്പ്പന...
മോഷണം മാത്രമല്ല, ചൂതാട്ടത്തിലും അനധികൃത മദ്യവില്പ്പനയിലുമെല്ലാം കുട്ടികള്ക്ക് ഇവിടങ്ങളില് പരിശീലനം നല്കുന്നുണ്ടെന്നാണ് എ.ഡി.ജി.പി. തന്നെ പറയുന്നത്. പിടിക്കപ്പെടുമെന്നോ ശിക്ഷിക്കപ്പെടുമെന്നോ ഭയമില്ലാതെയാണ് ഇവര് മോഷണത്തിനിറങ്ങുന്നത്. ഒരു ജൂവലറിയില്പോകാതെ തന്നെ മോഷ്ടിച്ച ആഭരണങ്ങളുടെ മതിപ്പ് മനസിലാക്കാനുള്ള കഴിവ് ഇവര്ക്കുണ്ടെന്നും എ.ഡി.ജി.പി. പറഞ്ഞു.
ഈ ഗ്രാമങ്ങളില് പോയി പ്രതിയെ പിടികൂടുകയെന്നത് പോലീസിന് പലപ്പോഴും വെല്ലുവിളിയാണെന്നായിരുന്നു പോലീസ് ഇന്സ്പെക്ടറായ രാംകുമാര് ഭഗതിന്റെ പ്രതികരണം. പ്രതിയെ പിടികൂടാന് അവിടേക്ക് പോവുകയാണെങ്കില് മറ്റ് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെ കൂടി ഒപ്പംകൂട്ടം. ബാഗ് കവരാനും ബാങ്കുകള് കൊള്ളയടിക്കാനും വരെ വിദഗ്ധ പരിശീലനം ലഭിച്ചവരാണിവര്. 17 വയസ്സിന് താഴെ പ്രായമുള്ളവരെ ഉപയോഗിച്ചാണ് ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്യുന്നത്. 'സ്കൂള് ഓഫ് ക്രൈം' എന്ന പേരിലാണ് ഈ ഗ്രാമങ്ങള് അറിയപ്പെടുന്നതെന്നും ചെറുപ്രായത്തില് തന്നെ ഇവിടെ പരിശീലനം നേടുന്നവര് പ്രൊഫഷണല് മോഷ്ടാക്കളായി മാറുകയാണെന്നും ഇന്സ്പെക്ടര് പറഞ്ഞു.
പുറത്തുനിന്ന് ആരെങ്കിലും ഗ്രാമത്തില് പ്രവേശിച്ചാല് നാട്ടുകാര് അതീവ ജാഗ്രത പുലര്ത്തും. എല്ലാം അതീവരഹസ്യമാക്കി വെയ്ക്കുന്നതാണ് നാട്ടുകാരുടെ പതിവ്. പുറമേനിന്നുള്ള ആരെയെങ്കിലും കണ്ടാല് സ്ത്രീകള് പോലും ഒന്നും പറയില്ല. എന്തെങ്കിലും ചോദിച്ചാല് കേട്ടഭാവം പോലും നടിക്കില്ല. വരുന്നവരുടെ കൈകളില് മൊബൈല്ഫോണോ ക്യാമറയോ കണ്ടാല് എല്ലാവരും ജാഗ്രത പുലര്ത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന് പറയുന്നു.
നിരവധി കുട്ടികള്....
വിവിധ സംസ്ഥാനങ്ങളിലെ വിവാഹവേദികള് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരില് ഈ ഗ്രാമങ്ങളില്നിന്നുള്ള 300-ലേറെ കുട്ടികളും ഉള്പ്പെടുന്നതായാണ് പോലീസ് നല്കുന്നവിവരം. അത്രയും സംഘടിതമായാണ് ഇവരുടെ പ്രവര്ത്തനം. മോഷണത്തിനായി നൂതനമായ തന്ത്രങ്ങള് വരെ അവര് സ്വീകരിക്കുന്നു. ഗ്രാമങ്ങളിലെ സമ്പന്നരായ ചിലര് പാവപ്പെട്ട കുട്ടികളെ വാടകയ്ക്കെടുത്ത് അവരുടെ ചെലവില് മോഷണം പഠിക്കാനയക്കും. ഇരുപതുലക്ഷം രൂപയ്ക്ക് വരെ ലേലമുറപ്പിച്ചാണ് പാവപ്പെട്ട കുടുംബങ്ങളില്നിന്ന് കുട്ടികളെ ഇവര് സ്വന്തമാക്കുന്നത്. തുടര്ന്ന് ഈ കുട്ടികളെ പരിശീലനത്ത് അയച്ച് മുടക്കിയ തുകയുടെ അഞ്ചും ആറും ഇരട്ടിയാണ് ഇവര് കൈക്കലാക്കുന്നതെന്നും റിപ്പോര്ട്ടില് പറയുന്നു.
Content Highlights: criminal gangs in madhya pradesh villages giving training to minors for theft and snatching
Published: 20 Aug 2024, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented