
പാട്ന: ബിഹാറിലെ മുംഗറിൽ ദുർഗാപൂജ ആഘോഷങ്ങൾക്കിടെ സംഘർഷം. വിഗ്രഹ നിമജ്ജനത്തിനിടെയാണ് പോലീസും നാട്ടുകാരും ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുംഗർ പോലീസ് സൂപ്രണ്ട് ലിപി സിങ് പറഞ്ഞു.
വിഗ്രഹ നിമജ്ജനത്തിനിടെയാണ് പോലീസും നാട്ടുകാരും തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് അനുരാഗ് പോഡാർ(18) എന്ന യുവാവ് മരിച്ചത്. വെടിയേറ്റ് തല പിളർന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. അതേസമയം. പൂജ ആഘോഷങ്ങൾക്കിടെ ചില സാമൂഹികവിരുദ്ധർ പോലീസിന് നേരേ കല്ലേറ് നടത്തിയെന്നും ഇതോടെയാണ് ലാത്തിവീശിയതെന്നുമാണ് പോലീസ് ഭാഷ്യം. സംഘർഷത്തിനിടെ ജനക്കൂട്ടത്തിനിടയിൽനിന്ന് ആരോ വെടിയുതിർത്തെന്നും പോലീസ് പറയുന്നു. കല്ലേറിൽ 20 പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് ശേഷം പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ സ്ഥിതിഗതികൾ നിലവിൽ സമാധാനപരമാണെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു. പോലീസ് ജനങ്ങളെ മർദിച്ചെന്നത് വ്യാജ പ്രചാരണമാണെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.സംഭവസ്ഥലത്ത് നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതിനിടെ, വിഗ്രഹവുമായി നിൽക്കുന്നവർക്ക് നേരേ പോലീസ് ലാത്തിവീശുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസാണ് വെടിവെപ്പ് നടത്തിയതെന്നും ആരോപണങ്ങളുണ്ട്. ബിഹാർ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ചിരാഗ് പാസ്വാൻ അടക്കമുള്ളവർ സർക്കാരിനെതിരേ രംഗത്തെത്തുകയും ചെയ്തു.
മുംഗർ പോലീസിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എസ്.പി.യെ സസ്പെൻഡ് ചെയ്യണമെന്നും മരിച്ച യുവാവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിതീഷ്കുമാറിന്റെ താലിബാൻ ഭരണത്തിലാണ് ഭക്തർക്ക് നേരേ വെടിവെപ്പുണ്ടായതെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചു. എന്നാൽ മുംഗറിലുണ്ടായ സംഭവം ദൗർഭാഗ്യകരമെന്നായിരുന്നു ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയുടെ പ്രതികരണം. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:clash and firing during durga puja idol immersion in bihar one killed
Published: 27 Oct 2020, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented