
2024 ഡിസംബര്‍ 18-ന് പുലര്‍ച്ചെയോടെ കാസര്‍കോട് പടന്നക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് ഒരു 'ബംഗാളി'യെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസവും തേപ്പുപണിക്ക് പോകുന്ന 'ബംഗാളി'യെ പോലീസ് എന്തിനു കൊണ്ടുപോയെന്നായി ഏവരുടെയും സംശയം. പിന്നാലെ അറസ്റ്റ് ചെയ്ത തേപ്പുപണിക്കാരന്റെ യഥാര്‍ഥചിത്രം പോലീസ് വ്യക്തമാക്കിയപ്പോള്‍ അതു ഞെട്ടലായി മാറി.
തീവ്രവാദസംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷാബ് ഷെയ്ക്കി(32)നെയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 18-ന് അസം പോലീസും ഹൊസ്ദുര്‍ഗ് പോലീസും ചേര്‍ന്ന് പിടികൂടിയത്. അസം പോലീസ് യു.എ.പി.എ. ചുമത്തിയ കൊടുംക്രിമിനലാണ് പടന്നക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നതെന്ന് അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘം കാസര്‍കോട്ട് എത്തിയപ്പോഴാണ് കേരള പോലീസ് പോലും അറിഞ്ഞത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയായ അന്‍സാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവര്‍ത്തകനായിരുന്നു മുഹമ്മദ് ഷാബ് ഷെയ്ക്ക്. ഇയാള്‍ അല്‍ ഖ്വയ്ദയുടെ സ്ലീപ്പര്‍സെല്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിലെ ധരംപൂര്‍ രാജ്ഷാഹി സിറ്റി സ്വദേശിയായ മുഹമ്മദ് ഷാബ് ഷെയ്ക്ക് പശ്ചിമ ബംഗാളിലെത്തി ഇവിടെനിന്ന് വ്യാജവിലാസത്തില്‍ വിവിധ തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഉണ്ടാക്കി. ഈ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് കേരളത്തില്‍ കഴിഞ്ഞിരുന്നത്. അസം പോലീസ് തിരയുന്ന കൊടുംക്രിമിനലും തീവ്രവാദ സംഘടനാ പ്രവര്‍ത്തകനുമായ ഇയാള്‍ കഴിഞ്ഞ നാലുവര്‍ഷമായി കേരളത്തിലുണ്ടായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയെന്ന വ്യാജേന കാസര്‍കോട് ജില്ലയുടെ വിവിധയിടങ്ങളില്‍ ഇത്രയുംകാലം താമസിച്ചിട്ടും ഇയാള്‍ കേരള പോലീസിന്റെ കണ്ണില്‍പെട്ടില്ല. ഒടുവില്‍ പ്രതിയെ തേടി അസം പോലീസ് എത്തിയപ്പോഴാണ് ബംഗ്ലാദേശി ക്രിമിനലിനെക്കുറിച്ച് നമ്മുടെ പോലീസ് അറിഞ്ഞത്.
കാസര്‍കോട്ടെ ചെര്‍ക്കള, ചട്ടഞ്ചാല്‍, ഉദുമ എന്നിവിടങ്ങളിലായിരുന്നു മുഹമ്മദ് ഷാബ് ഷെയ്ക്ക് നേരത്തെ താമസിച്ചിരുന്നത്. നാലുമാസം മുന്‍പാണ് പടന്നക്കാട്ടെ ക്വാര്‍ട്ടേഴ്സിലെത്തിയത്. ഇവിടെ നാലു താമസക്കാരുണ്ടായിരുന്നു. അതേസമയം, ക്വാര്‍ട്ടേഴ്സ് ഉടമ പോലീസില്‍ നല്‍കിയ താമസക്കാരുടെ പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നില്ല. ഇതും പ്രതിയുടെ ഒളിവുജീവിതത്തിന് സഹായകമായി.
ഒപ്പം താമസിക്കുന്നവര്‍ക്കോ ജോലിചെയ്യുന്നവര്‍ക്കോ മുഹമ്മദ് ഷാബ് ഷെയ്ക്കിന്റെ പ്രവൃത്തികളില്‍ സംശയവും ഉണ്ടായിരുന്നില്ല. ബംഗാള്‍ സ്വദേശിയാണെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി കെട്ടിടനിര്‍മാണ തൊഴിലാളിയായി കാസര്‍കോട്ടെ വിവിധയിടങ്ങളില്‍ ജോലിചെയ്തുവരികയായിരുന്നു.

വ്യാജവിലാസത്തില്‍ സംഘടിപ്പിച്ച ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ മുഹമ്മദ് ഷാബിന്റെ കൈവശമുണ്ടായിരുന്നു. എല്ലാം അടിമുടി വ്യാജം. മാത്രമല്ല, അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ സ്മാര്‍ട്ഫോണ്‍ ഉപയോഗത്തില്‍ അഗ്രഗണ്യനുമായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസ് കണ്ടെടുത്തു. രാത്രി ഏറെ വൈകിയും ഇയാള്‍ ഫോണില്‍ സംസാരിക്കാറുണ്ടെന്നാണ് ഒപ്പം താമസിച്ചിരുന്നവര്‍ പോലീസിനോട് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വിളിക്കുകയാണെന്നായിരുന്നു ഇവരുടെ വിചാരം. എന്നാല്‍, ഈ ഫോണ്‍വിളികളെല്ലാം ദുരൂഹത നിറഞ്ഞതാണെന്നായിരുന്നു അസം പോലീസ് നല്‍കിയ സൂചനകള്‍.
ബംഗ്ലാദേശികളുടെ അനധികൃത താമസം
പല തവണകളായി ഇതിന് മുന്‍പും അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ കേരളത്തില്‍നിന്ന് പിടികൂടിയിരുന്നു. ഇവരില്‍ പലരും വ്യാജരേഖകളടക്കം നിര്‍മിച്ചാണ് കേരളത്തില്‍ കഴിഞ്ഞുവന്നിരുന്നത്. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ തൊഴിലെടുക്കാനെത്തുന്നവരുടെ എണ്ണം നിരവധിയാണ്. ഇതിന്റെ മറവിലാണ് വ്യാജരേഖകളുമായി ബംഗ്ലാദേശില്‍നിന്നുള്ള ക്രിമിനലുകളും കേരളത്തിലെത്തുന്നത്. മറ്റു സംസ്ഥാന തൊഴിലാളികളുടെ പേരുവിവരങ്ങളെല്ലാം സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ ശേഖരിക്കണമെന്നാണ് നിയമം. എന്നാല്‍, ഈ വിവരശേഖരണമൊന്നും പലപ്പോഴും നടക്കാറില്ല. തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന ലേബര്‍ കോണ്‍ട്രാക്ടര്‍മാരും ഇതൊന്നും മിക്കപ്പോഴും ഗൗനിക്കാറില്ല. ഇത്തരം പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് ക്രിമിനലുകളടക്കമുള്ളവര്‍ പലയിടത്തും വ്യാജരേഖകള്‍ ഉപയോഗിച്ച് താമസിക്കുന്നത്.
അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതായി 2021-ല്‍ കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 57 പേരെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തിയതായും സംസ്ഥാനം സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട കേസില്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടിലാണ് കേരളം ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നത്. തൊഴില്‍തേടി നിരവധിപേര്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്നും ഇതില്‍ ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടന്നവരുണ്ടോയെന്ന് കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തുന്നുണ്ടെന്നും അന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
മറക്കില്ല വെണ്‍മണിയിലെ ക്രൂരത, കൊന്നുതള്ളിയത് ദമ്പതിമാരെ
2019-ല്‍ ആലപ്പുഴ വെണ്‍മണിയില്‍ വയോധിക ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. 2019 നവംബര്‍ 11-നായിരുന്നു നാടിനെ നടുക്കിയ ആ കൊടുംക്രൂരത. വീട്ടില്‍ പുറംപണിക്കെത്തിയ രണ്ട് ബംഗ്ലാദേശികളാണ് വെണ്‍മണി സ്വദേശികളായ കെ.പി. ചെറിയാനെ(75)യും ഭാര്യ ലില്ലി(68)യെയും കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപ്പെട്ട ലബ്ലു ഹസ്സന്‍, ജുവല്‍ ഹസ്സന്‍ എന്നിവരെ 24 മണിക്കൂറിനുള്ളില്‍ പോലീസ് വിശാഖപട്ടണത്തുനിന്നും പിടികൂടി. മോഷണമുതലുമായി രക്ഷപ്പെടുന്നതിനിടെ തീവണ്ടിയില്‍വെച്ചാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.
നവംബര്‍ 11-ന് വൈകിട്ടാണ് ചെറിയാനെയും ഭാര്യയെയും പ്രതികള്‍ കൊലപ്പെടുത്തിയതെങ്കിലും പിറ്റേദിവസം രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. നവംബര്‍ 11-ന് ഉച്ചവരെ ഇരുവരും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, അതിനുശേഷം ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല. അന്നേദിവസം ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാല്‍ ഇതുകാരണമായിരിക്കാം ഇരുവരെയും ഫോണില്‍ കിട്ടാതിരുന്നതെന്ന് ബന്ധുക്കള്‍ കരുതി. നവംബര്‍ 12-ന് ചെറിയാനും ഭാര്യയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആലപ്പുഴയില്‍ കായല്‍സവാരി പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 12-ാം തീയതി രാവിലെ യാത്ര പുറപ്പെടേണ്ട സമയമായിട്ടും ഇവരെ കണ്ടില്ല. ഫോണില്‍വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ സുഹൃത്തുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ദമ്പതിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ പിറകുഭാഗത്തെ വാതില്‍ ചാരിയ നിലയിലായിരുന്നു. വാതില്‍ തുറന്നതോടെയാണ് അടുക്കളയില്‍ ചോരയില്‍കുളിച്ച് കിടക്കുന്നനിലയില്‍ ലില്ലിയുടെ മൃതദേഹം കണ്ടത്. ഇതോടെ സുഹൃത്തുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. പരിശോധനയില്‍ സ്റ്റോര്‍ മുറിയില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ ചെറിയാന്റെ മൃതദേഹവും കണ്ടെത്തി. പാരയും മണ്‍വെട്ടിയും ഉപയോഗിച്ച് അടിച്ചും വെട്ടിയുമാണ് പ്രതികള്‍ ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കൃത്യം നടത്താന്‍ ഉപയോഗിച്ച കമ്പിപ്പാരയും മണ്‍വെട്ടിയും മൃതദേഹങ്ങള്‍ക്ക് സമീപമുണ്ടായിരുന്നു. മണ്‍വെട്ടി ഒടിഞ്ഞുപോയ നിലയിലാണ് കണ്ടെത്തിയത്.
സംഭവദിവസം രണ്ടു പേര്‍ ചെറിയാന്റെ വീട്ടില്‍ പണിക്കു വന്നിരുന്നതായി സ്ഥിരീകരിച്ചതോടെ ഇവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. പ്രതികള്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. അന്വേഷണത്തില്‍ ചെറിയാന്റെ വീട്ടില്‍നിന്ന് താമസിക്കുന്ന വാടകവീട്ടിലെത്തിയ ലബ്ലു ഹസ്സനും ജുവല്‍ ഹസ്സനും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതായി വ്യക്തമായി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സംഭവദിവസം ചെന്നൈയിലേക്കുള്ള ട്രെയിനില്‍ ഇരുവരും യാത്രതിരിച്ചതായും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കണ്ടെത്തി. ഇതോടെ പോലീസ് സംഘം ചെന്നൈയിലേക്ക് വിവരം കൈമാറി. ചെന്നൈ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍നിന്ന് പ്രതികളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചെന്നൈയില്‍നിന്ന് കോറമാന്‍ഡല്‍ എക്സ്പ്രസില്‍ ഇരുവരും യാത്രതിരിച്ചതായും വ്യക്തമായി. ഇതോടെ പ്രതികള്‍ കൊല്‍ക്കത്തയില്‍ എത്തുന്നതിന് മുന്‍പ് അന്വേഷണസംഘം കൊല്‍ക്കത്തയിലെത്തണമെന്ന് തീരുമാനിച്ചു. ആലപ്പുഴ മാന്നാര്‍ സി.ഐ. ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിമാനമാര്‍ഗം കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു.

പ്രതികള്‍ ട്രെയിനില്‍ കൊല്‍ക്കത്തയില്‍ എത്തുമ്പോള്‍ അവിടെവെച്ച് ഇരുവരെയും പിടികൂടാനായിരുന്നു പോലീസിന്റെ ആദ്യതീരുമാനം. എന്നാല്‍, ഇതിനിടയില്‍ പ്രതികള്‍ മറ്റെവിടെയെങ്കിലും ഇറങ്ങി രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ടായി. ഇതോടെ ആര്‍.പി.എഫിന് വിവരം കൈമാറി. തുടര്‍ന്ന് ആര്‍.പി.എഫ്. സംഘം മഫ്തിയില്‍ കോറമാന്‍ഡല്‍ എക്സ്പ്രസില്‍ തിരച്ചില്‍ ആരംഭിച്ചു. ആദ്യം ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നാലെ സ്ലീപ്പര്‍ കോച്ചുകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചു. ഈ പരിശോധനയിലാണ് പ്രതികളായ രണ്ടുപേരെയും ആര്‍.പി.എഫ്. സംഘം കൈയോടെ പിടികൂടിയത്. ചെറിയാന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച തൊണ്ടിമുതലുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. വൈകാതെ ആലപ്പുഴയില്‍നിന്നുള്ള പോലീസ് സംഘം വിശാഖപട്ടണത്തെത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. തിരികെ വിമാനത്തിലാണ് ഇവരുമായി പോലീസ് സംഘം കേരളത്തിലെത്തിയത്.
ബംഗാള്‍ സ്വദേശികളെന്ന വ്യാജേന വ്യാജരേഖകള്‍ ഉപയോഗിച്ചാണ് പ്രതികളായ ബംഗ്ലാദേശ് പൗരന്മാര്‍ കേരളത്തില്‍ താമസിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ദമ്പതിമാരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയശേഷം കൊല്‍ക്കത്തയിലെത്തി തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, പോലീസിന്റെയും ആര്‍.പി.എഫിന്റെയും ജാഗ്രതയും ഊര്‍ജിതമായ അന്വേഷണവും രാജ്യം കടക്കുംമുന്‍പേ പ്രതികളെ വലയിലാക്കാന്‍ സഹായിച്ചു.
വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ 85 ദിവസത്തിനകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2021 നവംബറില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 2022 മാര്‍ച്ചില്‍ രണ്ടു പ്രതികളെയും കോടതി ശിക്ഷിച്ചു. കേസിലെ ഒന്നാം പ്രതി ലബ്ലു ഹസ്സന് വധശിക്ഷയും രണ്ടാം പ്രതി ജുവല്‍ ഹസ്സന് ജീവപര്യന്തം തടവുമാണ് മാവേലിക്കര അഡീ. സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്.
ഞെട്ടിച്ച കവര്‍ച്ച
കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. വിനോദ്ചന്ദ്രനെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവവും കേരളത്തെ ഞെട്ടിച്ച കുറ്റകൃത്യമായിരുന്നു. ബംഗ്ലാ ഗ്യാങ് എന്ന പേരിലറിയപ്പെടുന്ന ബംഗ്ലാദേശികളുടെ സംഘമായിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍.
2018 സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വിനോദ്ചന്ദ്രന്റെ വീട്ടില്‍ക്കയറി ബംഗ്ലാദേശ് സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. വിനോദ്ചന്ദ്രനെയും ഭാര്യയെും ക്രൂരമായി മര്‍ദിച്ച് കെട്ടിയിട്ടശേഷം വീട്ടിലെ പണവും സ്വര്‍ണവും മൊബൈല്‍ഫോണുകളുമെല്ലാം സംഘം കൊള്ളയടിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട സംഘത്തിലെ പ്രതികളെ പിന്നീട് മാസങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. സമാനരീതിയില്‍ കൊച്ചിയിലും ബംഗ്ലാദേശികള്‍ ഉള്‍പ്പെട്ട സംഘം കവര്‍ച്ച നടത്തിയിരുന്നു. ക്രൂരമായി ആക്രമിച്ചും ഭയപ്പെടുത്തിയും വീട് കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതി. കൂട്ടത്തോടെയെത്തിയായിരിക്കും മിക്കയിടത്തും ഇവര്‍ കവര്‍ച്ച നടത്താറുള്ളതെന്നും പോലീസ് നേരത്തെ പറഞ്ഞിരുന്നു.
Content Highlights: bangladesh citizen linked to terrorist organization arrested from kasargod and venmony murder case
Published: 03 Jan 2025, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented