ഫയൽചിത്രം | മാതൃഭൂമി
ക്രൈംബ്രാഞ്ചും സി.ബി.ഐ.യും അന്വേഷിച്ചിട്ടും അപകടമരണമാണെന്ന കണ്ടെത്തല്‍. ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബവും കലാഭവന്‍ സോബി ജോര്‍ജും. ഒരിടവേളയ്ക്ക് ശേഷം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ബാലഭാസ്കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയും കലാഭവന്‍ സോബി ജോര്‍ജും സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം സി.ജെ.എം. കോടതി ജൂലായ് 22 വെള്ളിയാഴ്ചയാണ് വിധി പറയുന്നത്. കേസില്‍ അടിമുടി പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. നേരത്തെ ഉന്നയിച്ച ചിലവാദങ്ങളില്നിന്ന് സി.ബി.ഐ. പിന്നോട്ടുപോവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബാലഭാസ്കറിന്റെ മരണത്തില്‍ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുമോയെന്ന് ഉറ്റുനോക്കുകയാണ് ഏവരും.
അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടാകുമെന്നാണ് ഹര്‍ജിക്കാരില്‍ ഒരാളായ കലാഭാവന്‍ സോബി ജോര്‍ജിന്റെ പ്രതികരണം. സി.ബി.ഐ. അന്വേഷിക്കാതിരുന്നതും കണ്ടെത്താതിരുന്നതുമായ കാര്യങ്ങളില്‍ ശക്തമായ തെളിവുകളും രേഖകളും സഹിതമാണ് അഭിഭാഷകനായ രാമന് കര്‍ത്ത കോടതിയില്‍ വാദമുന്നയിച്ചതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
'ബാലുവിന്റെ മൊബൈല്‍ഫോണുകള്‍ പരിശോധിച്ചെന്ന് ആദ്യം പറഞ്ഞ സി.ബി.ഐ.ക്ക് അത് പരിശോധിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസം കോടതിയില്‍ സമ്മതിക്കേണ്ടിവന്നു. ഞാന്‍ പറഞ്ഞത് നുണയാണെന്ന് ആദ്യം പറഞ്ഞ സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്റെ നുണപരിശോധന നടത്താനായിട്ടില്ലെന്നാണ്. ഇത് 43-ാം തവണയാണ് ഈ കേസിന് വേണ്ടി ഞാന്‍ കോതമംഗലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നത്. ബാലുവിന്റെ ആത്മാവിന് നാളെ നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം'- കലാഭവന്‍ സോബി ജോര്‍ജ് പറഞ്ഞു.
ബാലഭാസ്കര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്.നായര്‍ തന്നെ വിളിച്ചിരുന്നതായും എന്നാല്‍ താന്‍ ഫോണെടുത്തില്ലെന്നും സോബി ജോര്‍ജ് വെളിപ്പെടുത്തി. രണ്ടുതവണയാണ് ആ നമ്പറില്‍നിന്ന് ഫോണ്‍വന്നത്. ട്രൂകോളറില് സരിത എന്ന പേര് കണ്ടതിനാല്‍ എടുത്തില്ല. പത്തുമിനിറ്റിന് ശേഷം ബാലഭാസ്കറിന്റെ പിതാവ് എന്നെ വിളിച്ചു. കേസുമായി ബന്ധപ്പെട്ട് സരിത എന്നൊരു സ്ത്രീ വിളിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ അഭിഭാഷകരെ വിവരമറിയിച്ചു. അഭിഭാഷകര്‍ ആ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണ്‍ വിളിച്ച കാര്യം സരിത സമ്മതിച്ചതായും ഈ കേസില്‍ അവരുടെ ഇടപെടല്‍ എന്താണെന്നറിയില്ലെന്നും സോബി ജോര്‍ജ് പറഞ്ഞു.

ബാലഭാസ്കര്‍ കേസില്‍ എവിടെനോക്കിയാലും ദുരൂഹതയാണ്. അതെല്ലാം എത്തിനില്‍ക്കുന്നത് സ്വര്‍ണക്കടത്തിലും. എന്നാല്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ കസ്റ്റംസും ഡി.ആര്.ഐ.യും ഉണ്ടെന്നും ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ടെന്നുമായിരുന്നു സി.ബി.ഐ. കോടതിയില്‍ പറഞ്ഞത്. ഇതോടെ സി.ബി.ഐ. പിന്നെ എന്താണ് അന്വേഷിച്ചതെന്നായിരുന്നു തങ്ങളുടെ അഭിഭാഷകനായ രാമന് കര്‍ത്തയുടെ ചോദ്യം. രണ്ടുതവണ താന്‍ നുണപരിശോധനയ്ക്ക് ഹാജരായപ്പോഴും നുണപരിശോധന നടത്തിയെന്ന് പറഞ്ഞ് സി.ബി.ഐ. സംഘം തന്നില്‍നിന്ന് ഒപ്പിട്ട് വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് കേള്‍ക്കുന്നത് സോബി പറഞ്ഞത് നുണയാണെന്നും സോബിക്കെതിരേ കേസെടുക്കുമെന്ന വാര്‍ത്തയുമാണ്. ഒടുവില്‍ കോടതിയില്‍ സി.ബി.ഐ.യുടെ റിപ്പോര്‍ട്ട് എത്തിയപ്പോള്‍ തന്റെ നുണപരിശോധന നടത്തിയിട്ടില്ലെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. നട്ടെല്ലിന് നടത്തിയ ഒരു ശസ്ത്രക്രിയ കാരണം തന്റെ നുണപരിശോധന വിജയകരമായി നടത്താനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ നുണപരിശോധനയ്ക്ക് ഹാജരായ സമയം ഇതേക്കുറിച്ചൊന്നും സി.ബി.ഐ സംഘം ചോദിച്ചിരുന്നില്ല. മാത്രമല്ല, മൂന്നുവര്‍ഷം മുമ്പാണ് ഈ ശസ്ത്രക്രിയ നടന്നതെന്നും സോബി ജോര്‍ജ് പറഞ്ഞു.

'ബാലഭാസ്കറിന്റെ ഫോണുകള്‍ സി.ബി.ഐ. സംഘം പരിശോധിച്ചിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. ഇതുസംബന്ധിച്ച് വിശദീകരണം നല്കാന് സി.ബി.ഐ. കൂടുതല്‍സമയം ചോദിച്ചു. ഡി.ആര്.ഐ.യുടെ കൈവശമുണ്ടായിരുന്ന കോള്‍ ഡീറ്റെയില്‍സ് അടക്കമുള്ള വിവരങ്ങള്‍ രണ്ടുദിവസം മുമ്പ് മാത്രമാണ് സി.ബി.ഐ. ശേഖരിച്ചത്. കഴിഞ്ഞദിവസം സി.ബി.ഐ.ക്ക് ഇത് കോടതിയില്‍ സമ്മതിക്കേണ്ടി വന്നു. നേരത്തെ എനിക്കെതിരേ കേസെടുക്കുമെന്ന് പറഞ്ഞ സി.ബി.ഐ. ഇതുവരെ ഒരു കേസ് പോലും എടുത്തിട്ടില്ല. ചില ഫോട്ടോകള്‍ കാണിച്ചാല്‍ സംശയമുള്ളവരെ ഞാന്‍ കാണിച്ചുതരാമെന്ന് ആവര്‍ത്തിച്ചുപറഞ്ഞതാണ്. എന്നാല്‍ സോബിയെ വിളിക്കാം എന്നുമാത്രമായിരുന്നു അവരുടെ മറുപടി. ഇത് ജയിലില്‍ കിടക്കുന്ന ഒരാളെ വെറുതെവിടാന്‍ ആവശ്യപ്പെട്ടുള്ള ഹര്ജിയല്ലെന്നാണ് അഭിഭാഷകനായ രാമന് കര്‍ത്ത കഴിഞ്ഞദിവസം കോടതിയില്‍ പറഞ്ഞത്. പിന്നെ എന്തിനാണ് പുനരന്വേഷിക്കാന്‍ സി.ബി.ഐ വിമുഖത കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു'- സോബി വിശദീകരിച്ചു.
2018 സെപ്റ്റംബര്‍ 25, ഒരു ഫ്ളാഷ് ബാക്ക്...
2018 സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്ജുന് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടാം തീയതിയും മരണത്തിന് കീഴടങ്ങി.

ബാലഭാസ്കറിന്റെ മരണത്തിന് പിന്നാലെ അപകടം സംബന്ധിച്ച് അടിമുടി ദുരൂഹതകളുണ്ടായിരുന്നു. വാഹനമോടിച്ചിരുന്നത് ആരാണെന്ന് സംബന്ധിച്ചായിരുന്നു ആദ്യമുയര്‍ന്ന സംശയം. പരസ്പരവിരുദ്ധമായ മൊഴികള്‍ ദുരൂഹതയ്ക്ക് ആക്കംകൂട്ടി. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. ഇതിനിടെയാണ് ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും മരത്തിലിടിക്കുന്നതിന് മുമ്പ് ബാലുവിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നതായും ആരോപിച്ച് കലാഭവന്‍ സോബി ജോര്‍ജ് രംഗത്തെത്തിയത്. ഇതിന് താന്‍ ദൃക്സാക്ഷിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ ബാലുവിന്റെ മുന്‍ മാനേജരായ പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായി. ഡി.ആര്.ഐ. സംഘമാണ് ഇവരെ പിടികൂടിയത്. ഇതോടെയാണ് ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സംശയങ്ങളും സ്വര്‍ണക്കടത്തിലേക്കും നീണ്ടത്.
അപകടമരണമെന്ന് അന്വേഷണവിധി, ഒഴിയാതെ ദുരൂഹത...
ബാലഭാസ്കറിന്റേത് അപകടമരണമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ മകന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്നാണ് കേസ് സി.ബി.ഐ.ക്ക് വിടാന്‍ തീരുമാനമായത്. സി.ബി.ഐ അന്വേഷണത്തോടെ കേസിലെ ദുരൂഹതകള്‍ നീങ്ങുമെന്നായിരുന്നു ബാലുവിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. പക്ഷേ, സി.ബി.ഐ.യും സംഭവം അപകടമരണമാണെന്ന് വിധിയെഴുതി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സി.ബി.ഐ. അന്വേഷണം പോലും നടത്തിയിട്ടില്ലെന്നാണ് ബാലുവിന്റെ പിതാവിന്റെയും കലാഭാവന്‍ സോബി ജോര്‍ജിന്റെയും ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഒടുവില്‍ കേസ് കോടതി പരിഗണിച്ചപ്പോള്‍ സി.ബി.ഐ. നല്കിയ റിപ്പോര്‍ട്ടിലെ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
വ്യക്തതയില്ലാതെ പലകാര്യങ്ങള്‍...
ബാലഭാസ്കര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മൂന്നു ഫോണുകള്‍, മാനേജര്‍ പ്രകാശന് തമ്പി മംഗലപുരം പോലീസിന്റെ കൈയില്‍നിന്ന് ഏറ്റുവാങ്ങിയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇയാളെ ഡി.ആര്.ഐ. ചോദ്യംചെയ്തപ്പോള്‍ ഈ ഫോണുകള്‍ ഡി.ആര്.ഐ. സംഘം പിടിച്ചെടുക്കുകയും സി-ഡാക്കില്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഈ പരിശോധനാഫലം സി.ബി.ഐ. സംഘം അന്വേഷണത്തിന്റെ ഭാഗമായി ഡി.ആര്.ഐ. സംഘത്തില്‍നിന്നു വാങ്ങിയിരുന്നില്ല.
ഫോണുകള്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചില്ലെന്ന ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു സി.ബി.ഐ. അന്വേഷണസംഘത്തിന്റെ നടപടികള്‍. ഫോണിലെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചുവെന്ന് കോടതിയില്‍ പറഞ്ഞ സി.ബി.ഐ. സംഘം ഇക്കാര്യം അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബാലഭാസ്കറിന്റെ മരണം നടന്ന അന്നു മുതല്‍ മൂന്നു ഫോണുകളും കൈവശം സൂക്ഷിച്ച പ്രകാശന് തമ്പി, ഇതിലെ വിവരങ്ങള്‍ നശിപ്പിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനാവിഷയം ആക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ബാലഭാസ്കറിന്റേത് അപകടമരണമാണോ കൊലപാതകമാണോ എന്ന കാര്യം മാത്രമേ സി.ബി.ഐ. അന്വേഷിച്ചിട്ടുള്ളൂവെന്ന് അന്വേഷണോദ്യോഗസ്ഥന് കോടതിയെ അറിയിച്ചു. മരണത്തിന് സ്വര്‍ണ്ണക്കടത്തുമായി ഏതെങ്കിലും ബന്ധമുണ്ടോയെന്ന് ഒരു ഘട്ടത്തിലും അന്വേഷിച്ചില്ലെന്നും അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഡി.ആര്.ഐ.യാണ് അന്വേഷിക്കേണ്ടതെന്നാണ് സി.ബി.ഐ.യുടെ വാദം.
കലാഭവന്‍ സോബി ജോര്‍ജ്ജ് സംഭവസ്ഥലത്ത് കണ്ടുവെന്നാരോപിക്കുന്ന ഒരാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍, അയാള്‍ സംഭവസമയം ബെംഗളൂരുവിലായിരുന്നുവെന്ന് ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നു എന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. എന്നാല്‍, ഇയാള്‍ക്ക് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഡി.ആര്.ഐ. റിപ്പോര്‍ട്ട് സി.ബി.ഐ. സംഘം പരിഗണിച്ചിട്ടില്ല.
കേസില്‍ അര്ജ്ജുന് നാരായണന്, വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി എന്നിവരുടെ നുണപരിശോധന മാത്രമേ നടത്തിയിട്ടുള്ളൂവെന്നും സോബി ജോര്‍ജ്ജിന്റെ നുണപരിശോധന നടത്തിയിട്ടില്ലെന്നും സി.ബി.ഐ.ക്ക് സമ്മതിക്കേണ്ടിവന്നു. സി.ബി.ഐ.യുടെ ആദ്യ റിപ്പോര്‍ട്ടില്‍ സോബി ജോര്‍ജ്ജിന്റെ പോളിഗ്രാഫ് നടത്തിയെന്നും അയാള്‍ കള്ളം പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനാല്‍ അയാള്‍ക്കെതിരേ കേസെടുക്കണമെന്നും സി.ബി.ഐ. സംഘം കോടതിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ പരസ്പരവിരുദ്ധമായ കാര്യങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ ഉടനീളം. ഇതില്‍ വ്യക്തത വേണമെന്നാണ് ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ബാലഭാസ്കറിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന ആരോപണത്തില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് സി.ബി.ഐ സംഘം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് സി.ജെ.എം. കോടതി ഈ ആവശ്യം തള്ളിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..