ബെംഗളൂരു: പോലീസ് ഇന്‍സ്‌പെക്ടറെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ആത്മഹത്യാഭീഷണി മുഴക്കി പ്രണയിക്കാന്‍ നിര്‍ബന്ധിക്കുകയുംചെയ്തതിന് യുവതിക്കെതിരേ കേസെടുത്തു. ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ താമസിക്കുന്ന സഞ്ജന എന്ന വനജയ്‌ക്കെതിരേയാണ് ബെംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
രാമമൂര്‍ത്തി നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായ ജി.ജെ. സതീഷിനെയാണ് യുവതി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 മുതലാണ് യുവതി ഇന്‍സ്‌പെക്ടറുടെ പിറകെ കൂടിയത്. വാട്‌സാപ്പിലൂടെ പോലീസുകാരനെ വിളിച്ച യുവതി, സഞ്ജന എന്നാണ് പേരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. തുടര്‍ന്നാണ് ഇന്‍സ്‌പെക്ടറോട് പ്രണയമാണെന്നും മറുപടി കിട്ടണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍, ആരോ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതി പോലീസുകാരന്‍ ഇത് ഗൗനിച്ചില്ല. പക്ഷേ, യുവതി വീണ്ടും ഫോണ്‍വിളി തുടര്‍ന്നു. ഇന്‍സ്‌പെക്ടര്‍ ഫോണ്‍കോളുകള്‍ അവഗണിച്ചതോടെ മറ്റുനമ്പറുകളില്‍നിന്നായി യുവതിയുടെ വിളി. ഈ നമ്പറുകളും ഇന്‍സ്‌പെക്ടര്‍ ബ്ലോക്ക്‌ചെയ്തു. ഇതോടെയാണ് പുതിയ നമ്പറില്‍നിന്ന് വിളിച്ച് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും അടുത്തബന്ധമുണ്ടെന്നും യുവതി അവകാശപ്പെട്ടത്. ഇതിന് തെളിവായി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ അടക്കമുള്ള ചില നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അയച്ചുനല്‍കി.
ഇതിനു തൊട്ടുപിന്നാലെ ഇന്‍സ്‌പെക്ടര്‍ക്ക് ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്ന് ഫോണ്‍വിളിയെത്തി. ഒരു യുവതി പരാതിയുമായെത്തിയിട്ട് എന്തുകൊണ്ടാണ് അത് പരിഗണിക്കാത്തത് എന്നായിരുന്നു മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ചോദ്യം. എന്നാല്‍, യുവതി ഇതുവരെ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി വന്നിട്ടില്ലെന്നും ഫോണില്‍ വിളിച്ച് പരസ്പരവിരുദ്ധമായി സംസാരിക്കുകയാണുണ്ടായതെന്നും ഇന്‍സ്‌പെക്ടര്‍ മറുപടി നല്‍കി. ഈ സംഭവത്തിന് പിന്നാലെ യുവതി പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി. ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനില്‍ ഇല്ലാത്ത സമയത്താണ് യുവതി വന്നത്. ഇന്‍സ്‌പെക്ടറുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി പൂച്ചെണ്ടും ഒരു പെട്ടി മിഠായിയും യുവതി സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇതോടെ ഇന്‍സ്‌പെക്ടര്‍ യുവതിയെ ഫോണില്‍ വിളിച്ച് ശാസിച്ചെങ്കിലും ശല്യംചെയ്യുന്നത് തുടരുകയായിരുന്നു.
നവംബര്‍ 27-ന് ഒരു കവറുമായാണ് യുവതി പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ അതിക്രമിച്ചുകയറി ഈ കവര്‍ കൈമാറി. കവര്‍ പൊട്ടിച്ചപ്പോള്‍ മൂന്ന് കത്തുകളും 20 ഉറക്കഗുളികകളും കണ്ടെത്തി. തന്റെ പ്രണയാഭ്യര്‍ഥന സ്വീകരിച്ചില്ലെങ്കില്‍ ഗുളിക കഴിച്ച് ജീവനൊടുക്കുമെന്നാണ് ഒരു കത്തിലുണ്ടായിരുന്നത്. മറ്റൊരു കത്തില്‍ ചോരകൊണ്ട് 'ഐ ലവ് യൂ ചിന്നി, യൂ ലവ് മീ' എന്നും എഴുതിയിരുന്നു. ഡിസംബര്‍ 12-ന് യുവതി വീണ്ടും സ്റ്റേഷനിലെത്തി ഭീഷണി മുഴക്കി. പ്രണയാഭ്യര്‍ഥന സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നും ഇന്‍സ്‌പെക്ടറുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്നുമായിരുന്നു ഭീഷണി. ഇതോടെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ യുവതിക്കെതിരേ പരാതി നല്‍കിയത്.
അതേസമയം, യുവതി നേരത്തേ മറ്റു ചില പോലീസ് ഉദ്യോഗസ്ഥരെയും ഇത്തരത്തില്‍ ശല്യംചെയ്തിരുന്നതായാണ് പോലീസ് പറയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. യുവതിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇവരും വീട്ടുകാരും സഹകരിച്ചില്ലെന്നും പോലീസ് പറഞ്ഞു.
Content Highlights: A woman has been Charged in Bengaluru for persistently harassing a police inspector, making threats of self-harm, and demanding a romantic relationship. Case registered.
Published: 17 Dec 2025, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented