ചോറ്റാനിക്കര: കാൽ നൂറ്റാണ്ടുകാലം ഒരു കുടുംബത്തിന്റെ തണലും തണലേകിയവർക്ക് സ്വന്തം അമ്മയുമായിരുന്ന പായമ്മ (പാർവതി- 88) യാത്രയായി. ചോറ്റാനിക്കര അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ.ജെ. ജേക്കബിന്റെ വീട്ടിലെ സഹായിയായി എത്തിയ പാർവതി, പിന്നീട് ആ വീടിന്റെ കാവലാളും കുടുംബാംഗവുമായി മാറുകയായിരുന്നു.

To advertise here,

കോളേജ് പ്രൊഫസർ കൂടിയായിരുന്ന വൈദികന്റെ ഭാര്യയുടെ വേർപാടിന് ശേഷമാണ്, മകൾ മെറിനെ പരിചരിക്കാനായി 25 വർഷം മുൻപ് പാർവതി ഈ വീട്ടിലെത്തുന്നത്. അടുത്ത ബന്ധുക്കളാരുമില്ലാതിരുന്ന പാർവതിയെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് വൈദികനും മകളും സ്‌നേഹിച്ചതും കരുതിയതും.

വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ചവരെ വീട്ടുകാര്യങ്ങളിൽ സജീവമായിരുന്ന ഇവർ, പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഞായറാഴ്ച രാത്രി ചോറ്റാനിക്കര ടാറ്റാ ആശുപത്രിയിൽവെച്ചാണ് അന്തരിച്ചത്.

മൃതദേഹം രാത്രിതന്നെ ഫാ. ജേക്കബിന്റെ വസതിയിലെത്തിച്ചു. തുടർന്ന് തിങ്കളാഴ്ച ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്‌കാരച്ചടങ്ങുകൾ ഈ വീട്ടിൽ വെച്ചുതന്നെ നടന്നു. വൈദികനും കുടുംബവും ചേർന്നാണ് ചടങ്ങുകൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. പാർവതിയുടെ ബന്ധുവായ സജീവ് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു. ചടങ്ങുകൾക്ക് ശേഷം മൃതദേഹം എരുവേലി ശാന്തിതീരം ശ്മശാനത്തിൽ സംസ്‌കരിച്ചു. മന്ത്രി അനൂപ് ജേക്കബ് ഉൾപ്പെടെയുള്ള നിരവധി പേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.