മുംബൈ:   മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യമായ രീതിയില്‍ കമന്റുകളിട്ട സ്ത്രീ അറസ്റ്റില്‍. സ്മൃതി പഞ്ചല്‍ എന്ന സ്ത്രീയെയാണ് മഹാരാഷ്ട്ര സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

To advertise here,

ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസിന്റെ ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമ പേജുകളിലാണ് പ്രതി അസഭ്യമായ രീതിയില്‍ കമന്റ് ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് പ്രതി നിരന്തരം കമന്റുകള്‍ ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. 

അറസ്റ്റിലായ സ്മൃതി പഞ്ചല്‍ ഇതുവരെ 53 വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 13 ജിമെയില്‍ അക്കൗണ്ടുകളും ഇവര്‍ക്കുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വ്യാഴാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതി സാമൂഹികമാധ്യമങ്ങളില്‍ ഇത്തരത്തില്‍ പെരുമാറുന്നതിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.