ന്യൂഡല്‍ഹി:  വിമാനയാത്രയ്ക്കിടെ 65-കാരനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. കൊല്‍ക്കത്ത സ്വദേശിനിയായ 28-കാരിക്കാണ് കൊല്‍ക്കത്തയില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദുരനുഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് യുവതി സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കൊല്‍ക്കത്ത പോലീസിന് രേഖാമൂലം പരാതി നല്‍കിയതായും യുവതി പറഞ്ഞു. 

To advertise here,

കൊല്‍ക്കത്തയില്‍നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലായിരുന്നു യുവതിയുടെ യാത്ര. യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന ദിനേശ് സരോഗി എന്ന 65-കാരനാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് യുവതി ആരോപിക്കുന്നത്. ഫോണില്‍ അശ്ലീലവീഡിയോ കാണിച്ചതായും ശരീരത്തില്‍ കയറിപിടിച്ചതായും യുവതി ആരോപിച്ചു. ഇയാൾ ജിൻഡാൽ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്നാണ് യുവതി നേരത്തെ ആരോപിച്ചിരുന്നത്. ഇതോടെ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ നവീൻ ജിൻഡാലും പ്രതികരിച്ചിരുന്നു. അതേസമയം, ഇയാൾ ഒരുവർഷം മുൻപ് സ്ഥാപനം വിട്ടയാളാണെന്നും നിലവിൽ ഒമാനിലെ മറ്റൊരു കമ്പനിയിലാണ് ജോലിചെയ്യുന്നതും ജിൻഡാൽ ഗ്രൂപ്പ് പിന്നീട് പ്രസ്താവനയിൽ അറിയിച്ചു. 

യുവതിയുടെ പരാതി....

അബുദാബി വഴി ബോസ്റ്റണിലേക്ക് പോവുകയായിരുന്നു യുവതി. കൊല്‍ക്കത്തയില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനം യാത്ര പുറപ്പെട്ടത്തിന് പിന്നാലെ തൊട്ടടുത്ത സീറ്റിലിരുന്ന ദിനേശ് സംഭാഷണം ആരംഭിച്ചു. ജിന്‍ഡാല്‍ ഗ്രൂപ്പിലെ സീനിയര്‍ എക്‌സിക്യുട്ടീവ് ആണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ ഒമാനിലാണ് താമസമെന്നും പതിവായി വിമാനയാത്ര ചെയ്യാറുണ്ടെന്നും പറഞ്ഞു. രാജസ്ഥാനിലെ ചുരുവാണ് സ്വദേശമെന്നും രണ്ടുമക്കളുണ്ടെന്നും ഇവര്‍ യു.എസിലാണെന്നും വിശദീകരിച്ചു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് തന്റെ ഹോബി എന്താണെന്ന് ഇയാള്‍ തിരക്കിയത്. വായനയും എഴുത്തുമാണെന്ന് മറുപടി നല്‍കിയതിന് പിന്നാലെ സിനിമ കാണാന്‍ ഇഷ്ടമാണോയെന്ന് ചോദിച്ചു. സിനിമ കാണാറുണ്ടെന്ന് പറഞ്ഞപ്പോള്‍ 65-കാരന്‍ ഇയര്‍ഫോണ്‍ പുറത്തെടുത്ത് തനിക്ക് നേരേ നല്‍കി. ചില ക്ലിപ്പുകള്‍ താന്‍ കാണിച്ചുനല്‍കാമെന്നും പറഞ്ഞു. അതുവരെയും ഇയാളെക്കുറിച്ച് യാതൊരു സംശയവും തോന്നാത്തതിനാല്‍ താന്‍ ഇയര്‍ഫോണ്‍ ചെവിയില്‍വെച്ച് അയാളുടെ ഫോണില്‍നോക്കി. പക്ഷേ, തൊട്ടുപിന്നാലെ പ്രതി ഫോണില്‍ അശ്ലീലവീഡിയോകളാണ് കാണിച്ചതെന്നും താന്‍ നടുങ്ങിപ്പോയെന്നും യുവതി പറഞ്ഞു. 

ഇതിനുശേഷം പ്രതി തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചു. ഇതോടെ താന്‍ സീറ്റില്‍നിന്ന് ശൗചാലയത്തിന്റെ ഭാഗത്തേക്ക് ഇറങ്ങിയോടി. കാബിന്‍ക്രൂവിനെ വിവരമറയിച്ചു. എയര്‍ഹോസ്റ്റസിനോട് കാര്യം പറഞ്ഞതോടെ അവര്‍ അവരുടെ സീറ്റ് നല്‍കി തന്നോട് അവിടെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. വളരെനല്ലരീതിയിലായിരുന്നു ജീവനക്കാരുടെ ഇടപെടല്‍. എന്നാല്‍, താന്‍ സീറ്റില്‍നിന്ന് പോയതിന് ശേഷം പ്രതി തന്നെക്കുറിച്ച് കാബിന്‍ക്രൂവിനോട് തിരക്കിയിരുന്നു. എന്നാല്‍, അത് താങ്കളോട് പറയേണ്ട ആവശ്യമില്ലെന്നായിരുന്നു എയര്‍ഹോസ്റ്റസ് അയാള്‍ക്ക് നല്‍കിയ മറുപടി. ഇതിനിടെ കാബിന്‍ക്രൂ വിവരം അബുദാബി പോലീസില്‍ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ രണ്ട് പോലീസുകാരും റണ്‍വേയിലെത്തി. പക്ഷേ, ബോസ്റ്റണിലേക്കുള്ള കണക്ഷന്‍ വിമാനം നഷ്ടപ്പെടുമെന്നതിനാല്‍ അബുദാബി പോലീസില്‍ രേഖാമൂലം പരാതി നല്‍കാന്‍ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു. 

സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് 65-കാരന്‍ പറഞ്ഞിരുന്നു. പിന്നീടാണ് സാമൂഹികമാധ്യമത്തില്‍ ഇതേക്കുറിച്ച് പോസ്റ്റിട്ടത്. വിഷയത്തില്‍ കൊല്‍ക്കത്ത പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. 

അതിനിടെ, വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ജിന്‍ഡാന്‍ സ്റ്റീല്‍ ചെയര്‍പേഴ്‌സണും ബി.ജെ.പി. എം.പി.യുമായ നവീന്‍ ജിന്‍ഡാല്‍ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ യുവതിയെ അഭിനന്ദിച്ച അദ്ദേഹം, വിഷയത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. ഇത്തരം സംഭവങ്ങളില്‍ സഹിഷ്ണുതയില്ലെന്നും അന്വേഷണം നടത്താനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

ആരോപണവിധേയന്‍ ഒരുവര്‍ഷം മുമ്പ് സ്ഥാപനം വിട്ടയാളെന്ന് ജിന്‍ഡാൽ ഗ്രൂപ്പ്...

വിമാനയാത്രയ്ക്കിടെ യുവതിയെ കടന്നുപിടിച്ചെന്ന കേസില്‍ ആരോപണവിധേയനായ ദിനേശ് കുമാര്‍ സരോഗി നിലവില്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നില്ലെന്ന് ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സ്ഥിരീകരണം. ഒരുവര്‍ഷം മുന്‍പ് ഇയാള്‍ കമ്പനി വിട്ടതാണ്. ആരോപണവിധേയന്‍ നിലവില്‍ ഒമാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്റ്റീല്‍ കമ്പനിയുടെ സി.ഇ.ഒ.യാണെന്നും ഇയാള്‍ക്ക് ജിന്‍ഡാല്‍ സ്റ്റീല്‍ കമ്പനിയുമായി യാതൊരു ബന്ധമില്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.