വിഴിഞ്ഞം: വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ബാറിലെ തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. തർക്കത്തിനിടെ ബാറിൽ നിന്ന് ഇറങ്ങിയ യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) എന്ന യുവാവണ് കൊല്ലപ്പെട്ടത്.

To advertise here,

വിഷു ആഘോഷവുമായി ബന്ധപ്പെട് ചൊവ്വാഴ്ച രാത്രി 11 ഓടെ ഇവർ ബാറിലെത്തിയതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ പരസ്പരം തർക്കത്തിലേർപ്പെട്ടു. തുടർന്ന് ബാറിന് പുറത്തിറങ്ങിയശേഷം സുമനെ മൂന്നുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് റോഡിൽ അബോധാവസ്ഥയിലായിരുന്ന യുവാവിനെ വിഴിഞ്ഞം പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിക്രൂരമായാണ് യുവാവിനെ സംഘം മർദ്ദിക്കുന്നത്. നെഞ്ചിനും മുഖത്തും ആഞ്ഞ് ചവിട്ടുകയും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തലയ്ക്ക് നിരന്തരം മർദിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിൽ കൂടി കടന്നു പോയ കാറിലെ ആളാണ് വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ മുഖം ചതച്ചരക്കുന്നതിനിടെ 'വീഡിയോ എട്രാ, വീഡിയോ എട്രാ...'എന്ന് മർദിക്കുന്നവരിൽ ഒരാൾ കൂടെ നിൽക്കുന്നവരോട് ആവശ്യപ്പെടുന്നതും കാണാം.

സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അച്ചു എസ്. ബാബു, സൂരജിത്ത്, അനന്ദു കൃഷ്ണപ്രസാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സുമന്റെ മൃതദേഹം ആശുപത്രിയിൽ. ഫോർട്ട് അസി. കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.