തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. സഹോദരങ്ങളായ അച്ചുവും അനന്തവും മറ്റു രണ്ടുപേരും ചേർന്നാണ് കോളിയൂർ സ്വദേശിയായ സുമനെ (38) അതിക്രൂരമായി മർദിച്ച് കൊന്നത്. സുമനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

To advertise here,

ബുധനാഴ്ച അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിൽവെച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാൻ എന്ന ഫോട്ടോഗ്രാഫറുമായി അച്ചുവും അനന്തവും ബാറിൽ വെച്ച് തർക്കമുണ്ടായി. സംഭവത്തിൽ സുമൻ ഇടപെട്ടതോടെ സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു.

തർക്കം രൂക്ഷമായതോടെ ബാറിൽ നിന്നും ഇറങ്ങിയോടിയ സുമനെ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സുമന്റെ ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ ആക്രമണം തടയാൻ ഇവർ മുതിർന്നില്ല. അവശനിലയിലായതിന് ശേഷവും സംഘം യുവാവിനെ വീണ്ടും ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

സുമൻ അവശനിലയിൽ റോഡിൽ കിടക്കുന്നത് കണ്ട് അതുവഴി വന്ന കാർയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അച്ചു എസ്. ബാബു, അനന്തു എസ്. ബാബു, സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.