വിഴിഞ്ഞം (തിരുവനന്തപുരം): പെൺസുഹൃത്തിൽനിന്ന് കടമായി വാങ്ങിയ പണം തിരികെ നൽകാത്തതിന് യുവാവിനെ തിരഞ്ഞെത്തിയ പത്തംഗസംഘം അച്ഛനെ ക്രൂരമായി മർദിച്ചു. കോട്ടുകാൽ വട്ടവിള സ്വദേശി ബിനുവിനെ(48) ആണ് യുവാക്കളുടെ സംഘം കരിങ്കല്ലും തടിയും കമ്പിയും അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ബിനുവിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ്‌ചെയ്തു. ബാക്കി നാലുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

To advertise here,

കൊല്ലയിൽ മഞ്ചവിളാകം സ്വദേശി സ്റ്റാലിൻ(18), പരശുവയ്ക്കൽ നെടിയംകോട് ജോഫി ഭവനിൽ അഫിൻ(18), കുന്നത്തുകാൽ എളളുവിള സ്വദേശി സനോജ്(18), കാരക്കോണം വണ്ടിത്തടം പ്ലാങ്ങല ജിനോ ഭവനിൽ ജിനോ എന്ന രജികുമാർ(20), തമിഴ്നാട് കരുമാനൂർ അമ്പലച്ചിറ പുത്തൻവീട്ടിൽ ശ്രീഹരി(18), മാറന്നല്ലൂർ പെരുമ്പഴൂതൂർ പദ്മവിലാസത്തിൽ ഭരത്ശങ്കർ(18) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു പത്തംഗസംഘം ബിനുവിന്റെ വീട്ടിലെത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ബിനുവിന്റെ മകനായ അഭിനവ് തന്റെ പെൺസുഹൃത്തിൽനിന്ന് 65,000 രൂപ കടമായി വാങ്ങിയിരുന്നു. ഇത് സമയബന്ധിതമായി തിരികെ നൽകിയിരുന്നില്ല. ഇതുസംബന്ധിച്ച് പെൺസുഹൃത്തും അഭിനവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പണം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന് പെൺകുട്ടി തന്റെ മറ്റൊരു ആൺസുഹൃത്തും കേസിലെ രണ്ടാംപ്രതിയുമായ അഫിനോട് പരാതിയുന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് അഫിൻ തന്റെ സുഹ്യത്തുക്കളായി അഭിനവിന്റെ വീട്ടിലെത്തിയത്. അഭിവനവിനെ കാണാത്തത്തിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന അഭിനവിന്റെ അച്ഛൻ ബിനുവിനെ കല്ലും തടിയും കമ്പിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും എസ്‌ഐ വിജിത് കുമാർ പറഞ്ഞു.

സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളിൽ ആറുപേരാണ് പിടിയിലായിട്ടുള്ളത്. എസ്.എച്ച്.ഒ. സുനിൽ ഗോപി, രാജേഷ്, പ്രസന്നകുമാർ, എ.എസ്.ഐ. രജിതാ മിനി, സീനിയർ സി.പി.ഒ.മാരായ വിനയകുമാർ, സാബു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.