ആലത്തൂര്‍: ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ വടക്കഞ്ചേരി കണ്ണമ്പ്രയിലും ചാവക്കാടും കുടുംബവേരുകളുള്ള മലയാളി സ്ത്രീയെ വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് 80 ലക്ഷംരൂപ തട്ടിയെടുത്തു. ചാവക്കാട് സ്വദേശിയായ അന്തരിച്ച പ്രസിദ്ധ ചിത്രകാരന്റെ ഭാര്യയാണ് തട്ടിപ്പിനിരയായത്. ഭര്‍ത്താവിന്റെ പെയിന്റിങ്ങുകള്‍ ലേലത്തില്‍ വിറ്റുകിട്ടിയ പണമാണ് തട്ടിപ്പുസംഘം കവര്‍ന്നത്. ഒക്ടോബര്‍ 20-തിനായിരുന്നു സംഭവം.
റിട്ട. കമ്പനി ഉദ്യോഗസ്ഥയായ ഇവര്‍ പെയിന്റിങ്ങുകള്‍ ലേലത്തില്‍ വെച്ച് വില്‍ക്കാറുണ്ട്. മലേഷ്യയിലേക്ക് കൊറിയറായി അയച്ച പെയിന്റിങ് പായ്ക്കറ്റില്‍ എം.ഡി.എം.എ. കണ്ടെത്തിയെന്നു പറഞ്ഞാണ് സി.ബി.ഐ. സംഘം എന്നപേരില്‍ ഇവരെ വിളിച്ചത്. ഭയന്നുപോയ സ്ത്രീയോട് കോടതിയും ജഡ്ജിയും പോലീസ് ഉദ്യോഗസ്ഥരുമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ കോള്‍ പിന്നാലെയെത്തി. ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു സംസാരം. കേസ് ഒഴിവാക്കാന്‍ ഒരുകോടിരൂപ ആവശ്യപ്പെട്ടു. മറ്റാരേയും വിളിക്കുകയോ കേസിന്റെ കാര്യം പറയുകയോ ചെയ്യരുതെന്ന് സംഘം നിര്‍ദേശിച്ചു.
പെയിന്റിങ്ങുകള്‍ വിറ്റുകിട്ടിയ 80 ലക്ഷം രൂപയേ അക്കൗണ്ടില്‍ ഉള്ളൂയെന്ന് സ്ത്രീ അറിയിച്ചു. ഈ തുക ഓണ്‍ലൈനില്‍ ഗഡുക്കളായി കൈമാറാന്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കി. മുഴുവന്‍ തുകയും കൈമാറിയതോടെ 'അറസ്റ്റ് ഒഴിവാക്കി കേസ് അവസാനിപ്പിച്ചതായി' സംഘം അറിയിച്ചു.
പണം കൈമാറിയശേഷമാണ് തട്ടിപ്പിനിരയായതാണെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടായത്. ഉടന്‍ പോലീസിലും ബാങ്കിലും വിവരം അറിയിച്ചു. പണം കൈമാറിയതിന്റെ വിശദാംശങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആറുലക്ഷംരൂപ തിരികെ കിട്ടി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചതായി ഇവരുടെ കുടുംബം പറഞ്ഞു. ഫോട്ടോഗ്രാഫറായ ഇവരുടെ മകന് സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ല.
പി.എം കിസാന്‍ നിധിയുടെ പേരിലും തട്ടിപ്പ്
വി.യു. മാത്യുക്കുട്ടി
കാസര്‍കോട്: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം. പദ്ധതിയില്‍ ചേരുന്നതിനെന്നപേരില് 'പിഎം കിസാന്‍.എപികെ (PM KISSAN.apk)' എന്ന ഫയലാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നത്. ഇതില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുമ്പോള്‍ നമ്മളറിയാതെ ചില ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാളാകും.
ഇതുപയോഗിച്ച് സൈബര്‍തട്ടിപ്പുകാര്‍ ഫോണിലെ വിവരം ചോര്‍ത്തുകയോ നിയന്ത്രണം സ്വന്തമാക്കുകയോചെയ്യും. തുടര്‍ന്ന്, ബാങ്ക് അക്കൗണ്ടുകളിലും മറ്റും കടന്നുകയറി പണം തട്ടും.
സാമൂഹികമാധ്യമങ്ങള്വഴിയോ ഇ-മെയില്‍ വഴിയോ ഇത്തരം ഫയലുകള്‍ കിട്ടിയാല്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി. ഇങ്ങനെ ലഭിക്കുന്ന .എപികെ(.apk) ഫയലുകള്‍ പലപ്പോഴും അപകടകാരികളാണ്.
പി.എം. കിസാന്‍ സമ്മാന്‍ നിധി
ചെറുകിടകൃഷിക്കാര്‍ക്ക് വരുമാനപിന്തുണ ഉറപ്പാക്കുകയാണ് പി.എം. കിസാന്‍ സമ്മാന്‍നിധിയുടെ ലക്ഷ്യം. pmkisan.gov.in എന്ന വെബ്സൈറ്റില്‍ പോയി ഫാര്‍മേഴ്സ് കോര്‍ണറിലെ ന്യൂ ഫാര്‍മര്‍ രജിസ്ട്രേഷന് ലിങ്ക് ക്ലിക്ക് ചെയ്താണ് പദ്ധതിയില്‍ ചേരേണ്ടത്.
എന്താണ് 'എപികെ ഫയല്‍'
ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ കൈമാറ്റം ചെയ്യാനുമുള്ളതാണ് ആന്‍ഡ്രോയ്ഡ് പാക്കേജ് ഫയല്‍(എപികെ.). ആന്‍ഡ്രോയ്ഡ് കോഡ്, ചിത്രങ്ങള്‍, മാനിഫെസ്റ്റ് ഫയല്‍, ഐക്കണ്‍, ലേബലുകള്‍ തുടങ്ങിയവ അടങ്ങിയതാണിത്.
ആപ്ലിക്കേഷനാവശ്യമായ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതിനാല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ചെയ്യുന്ന ഉപകരണത്തിലേക്ക് മാല്‍വേറുകളും വൈറസുകളുമെല്ലാം കടത്തിവിടാന്‍ എപികെ ഫയല്‍വഴി സാധിക്കും.
മുന്‍ പ്രവാസിക്ക് നഷ്ടമായത് ആറുകോടി
തിരുവനന്തപുരം: സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്തിരുന്നയാളെ പ്രമുഖ മൊബൈല്‍ ആപ്പുകളുടെ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ആറുകോടി തട്ടിയെടുത്തു. പട്ടം സ്വദേശിയായ മുന്‍ പ്രവാസിയാണ് തട്ടിപ്പിനിരയായത്. വിദേശത്തുനിന്നു തിരിച്ചെത്തി മൂന്നുവര്‍ഷമായി ഇദ്ദേഹം സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ് നടത്തുകയായിരുന്നു.
ഓഹരിവിപണിയിലെ ഇടനിലക്കാരായ സെറോദ, വിജയ് ബജാജ് കോണ്ടെസ്റ്റ് എന്നിവയുടെ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് പണം തട്ടിയത്. ട്രേഡിങ്ങിനു വേണ്ടിയുള്ള വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ത്ത് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചും വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യിപ്പിച്ചും ട്രേഡിങ്ങിനായി വിവിധ പേരിലുള്ള അക്കൗണ്ടുകളിലേക്കു ലക്ഷക്കണക്കിനു രൂപ ഡിപ്പോസിറ്റ് ചെയ്യിപ്പിച്ചു. തുടര്‍ന്ന് വന്‍ തുകകള്‍ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചു.
രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. സംശയംതോന്നി പരാതിക്കാരന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ഒരുമാസക്കാലയളവില്‍ ആറു കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ തട്ടിച്ചെടുത്തത്.
വില്ലന്‍ വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷന്‍
പ്ലേസ്റ്റോറില്‍നിന്ന് അല്ലാതെ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി കിട്ടുന്ന വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ 1930 എന്ന ഫോണ്‍നമ്പരിലോ www.cybercrime.gov.inലോ പരാതി രജിസ്റ്റര്‍ ചെയ്യണം.
Content Highlights: virtual arrest scam bengaluru woman losses 80 lakhs
Published: 31 Oct 2024, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented