കൊല്ലം:  ഷാർജയിൽ കൊല്ലം സ്വദേശിനി വിപഞ്ചികയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി  അമ്മ ഷൈലജ. ഭർത്താവ് നിധീഷ് മാത്രമല്ല, അയാളുടെ സഹോദരിയും പിതാവും വിപഞ്ചികയെ ദ്രോഹിച്ചുവെന്നും അമ്മ ഷെെലജ പറഞ്ഞു. നിധീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെങ്കിലും അത് ക്ഷമിക്കാൻ മകൾ തയ്യാറായിരുന്നതായും അമ്മ വെളിപ്പെടുത്തി. മാതൃഭൂമി ന്യൂസിനോടായിരുന്നു അമ്മയുടെ പ്രതികരണം.

To advertise here,

ഭർതൃസഹോദരി കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് വീട്ടിലെ ജോലിക്കാരിയെ പറഞ്ഞുവിട്ട് വീട്ടിലെ ജോലികളെല്ലാം മകളെ കൊണ്ട് ചെയ്യിച്ചുവെന്നും അമ്മ ആരോപിച്ചു. മകൾ സന്തോഷമായി ജീവിക്കുന്നത് ഭർതൃസഹോദരിക്ക് ഇഷ്ടമല്ലായിരുന്നെന്നും മകളെ വിരൂപയാക്കിയതിന് പിന്നിൽ ഭർതൃസഹോദരി ആണെന്നും അവർ പറഞ്ഞു.

ഭർത്താവിന്റെ അവിഹിതബന്ധം വിപഞ്ചിക കണ്ടുപിടിച്ചിരുന്നെന്നും എന്നാൽ അത് ക്ഷമിക്കാൻ മകൾ തയ്യാറായിരുന്നെന്നും അമ്മ കൂട്ടിച്ചേർത്തു. പെട്ടെന്നൊരു ദിവസമാണ് മകളെ വേണ്ടെന്ന നിധീഷ് പറഞ്ഞത്. തുടർന്ന് ഭർത്താവിന്റെ ഫോണിൽ മകൾ നടത്തിയ പരിശോധനയിലാണ് നിധീഷിന്റെ അവിഹിത ബന്ധം കണ്ടുപിടിച്ചത്. അത് സഹിക്കാൻ തയ്യാറായെന്നും ഭർത്താവും മകളുമാണ് തന്റെ ലോകമെന്നും വിപഞ്ചിക നിധീഷിനോട് പറഞ്ഞിരുന്നു. ശമ്പളം സ്വരുകൂട്ടിവെച്ച് സ്വന്തമായൊരു വീട് വാങ്ങി ഭർത്താവിനും മകൾക്കൊപ്പം സന്തോഷമായി ജീവിക്കണമെന്നായിരുന്നു വിപഞ്ചികയുടെ ആഗ്രഹമെന്നും അമ്മ പറഞ്ഞു.

ഭർതൃപിതാവ് മദ്യപാനി ആയിരുന്നെന്നും അവർ പറഞ്ഞു. ഭർതൃപിതാവ് ഒരിക്കൽ മോശമായി പെരുമാറിയിരുന്നു.  മകൾ വൈഭവിയെയും നിധീഷ് നോക്കാൻ തയ്യാറിയിരുന്നില്ല. ഒരു പീഡനവും തന്നോട് മകൾ തുറന്നുപറഞ്ഞിരുന്നില്ല. പീഡനം അറിഞ്ഞിരുന്നെങ്കിൽ മകളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയേനെ. മകളുടെയും ചെറുമകളുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു.

വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കുണ്ടറ പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിപഞ്ചികയ്ക്ക് എതിരായ പീഡനം തുടങ്ങുന്നത് കേരളത്തിൽവെച്ചാണെന്നതിനാൽ പോലീസിന് ഇവിടെ കേസെടുക്കാൻ കഴിയും. ഭർത്താവ് നിധീഷ് ഒന്നാംപ്രതിയും സഹോദരി നീതു രണ്ടാംപ്രതിയുമാകും. വിപഞ്ചികയുടെ അമ്മയായ ഷൈലജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.