മകനും മരുമകൾക്കുമിടയിൽ വഴക്ക് ഉണ്ടാക്കുന്ന ഭർതൃമാതാക്കൾക്ക് മൂന്ന് വർഷംവരെ തടവുശിക്ഷ ലഭിക്കും എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിയമത്തിലെ 498A വകുപ്പ് പ്രകാരമാണ് ഇതെന്നാണ് പോസ്റ്ററിൽ പറയുന്നത്. എന്നാൽ, ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യഥാർത്ഥത്തിൽ. ഇതിന്‍റെ ശരിക്കുള്ള നിയമവശം എന്താണെന്ന് പരിശോധിക്കാം.
പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നത്, ഐപിസി 498A പ്രകാരം മകനും മരുമകൾക്കും ഇടയിൽ ബോധപൂർവ്വം വഴക്ക് ഉണ്ടാക്കിപ്പിക്കുന്ന ഭർതൃമാതാവ് നിയമ നടപടി നേരിടേണ്ടി വരും എന്നാണ്. എന്നാൽ, ഇന്ത്യൻ പീനൽ കോഡ് അഥവാ ഐപിസി ഇപ്പോൾ രാജ്യത്ത് നിലവിൽ ഇല്ല. ബ്രിട്ടീഷ് ഭരണകാലം മുതൽ നിലവിലുണ്ടായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിന് (IPC ) പകരമായാണ് ഭാരതീയ ന്യായ സംഹിത 2024 ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനോടൊപ്പം തന്നെ പഴയ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിന് (CrPC) പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും (BNSS), ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act) പകരമായി ഭാരതീയ സാക്ഷ്യ അധിനിയവും (BSA) നിലവിൽ വന്നിരുന്നു.
സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചൊരു വിധിയിൽ IPC 498A വകുപ്പ് ഉൾപ്പെട്ടിട്ടിരുന്നു. ലോകേഷ് ബി.എച്ച് വേഴ്സസ് സ്റ്റേറ്റ് ഓഫ് കർണാടക എന്ന കേസിൽ (2016-ലായിരുന്നു ലോകേഷിനെതിരായ ആദ്യ ക്രിമിനൽ കേസ് പരാതിക്കാരി നൽകിയത്) 'ലിവ്-ഇൻ' ബന്ധത്തിൽ കഴിയുന്ന ഒരു പുരുഷനെതിരെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 498A വകുപ്പ് പ്രകാരമോ അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 85 പ്രകാരമോ പീഡനക്കേസ് എടുക്കാമോ എന്നായിരുന്നു അന്ന് സുപ്രീം കോടതി പരിഗണിച്ചത്. “വിവാഹ സ്വഭാവമുള്ള ‘ലിവ്-ഇൻ’ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് പങ്കാളികളിൽനിന്നോ ബന്ധുകളിൽനിന്നോ പീഡനം നേരിടേണ്ടി വന്നാൽ സെക്ഷൻ 498A പ്രകാരം സംരക്ഷണം തേടാൻ അർഹതയുണ്ട്” എന്ന് വിധിക്കുകയും ചെയ്തു.
എന്താണ് 498A വകുപ്പ്?
വിവാഹിതയായ സ്ത്രീയെ അവളുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ക്രൂരതയ്ക്ക് (Cruelty) ഇരയാക്കുന്നത് തടയുന്നതിനായി 1983-ലാണ് ഈ വകുപ്പ് നിയമത്തിൽ ഉൾപ്പെടുത്തിയത്. ശാരീരികമോ മാനസികമോ ആയ പീഡനം, സ്ത്രീധനത്തെ ചൊല്ലിയുള്ള ഉപദ്രവം എന്നിവ ഇതിന്റെ പരിധിയിൽ വരും. മൂന്ന് വർഷം വരെ തടവും പിഴയുമാണ് ഇതിന് ലഭിക്കാവുന്ന ശിക്ഷ.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ മകനും മരുമകളും തമ്മിലുള്ള വഴക്കിന് അമ്മായിയമ്മ കാരണമായാൽ ക്രിമിനൽ കുറ്റമാണ് എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഭർതൃമാതാവിന്റെ പ്രവൃത്തികൾ മരുമകളെ ആത്മഹത്യയുടെ വക്കിലെത്തിക്കുകയോ, അതീവമായ മാനസിക പീഡനത്തിന് ഇരയാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ അത് കുറ്റകരമാകൂ. ഇത് കോടതിയിൽ തെളിയിക്കാനും കഴിയണം. തെളിയിക്കപ്പെട്ടാൽ പരമാവധി 3 വർഷം വരെ തടവ് ലഭിക്കാം. അതേസമയം രണ്ടുപേർക്കിടയിൽ വഴക്കുണ്ടാക്കുന്ന തരത്തിൽ ബോധപൂർവ്വം പ്രവർത്തിച്ചു എന്നതിനാൽ തടവ് ശിക്ഷ ലഭിക്കും എന്ന വാദം അടിസ്ഥാനരഹിതമാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ സാധാരണ കുടുംബവഴക്കുകൾക്കോ അഭിപ്രായ വ്യത്യാസങ്ങൾക്കോ ഈ വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയില്ല. ഒരു സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കത്തതോ, അവരുടെ ആരോഗ്യത്തിനോ ജീവനോ അവയവങ്ങൾക്കോ ഹാനികരമായേക്കാവുന്ന തരത്തിലുള്ളതോ ആയ അതിക്രൂരമായ പെരുമാറ്റങ്ങളെ മാത്രമേ ഗാർഹീക പീഡനമായി കണക്കാകുകയുള്ളൂ.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ഭർതൃമാതാവ് മരുമകളെ ക്രൂരമായി പീഡിപ്പിച്ചതായി കോടതിയിൽ തെളിഞ്ഞാൽ തീർച്ചയായും ശിക്ഷ ലഭിക്കും. ഇതല്ലാതെ പങ്കാളികൾ തമ്മിൽ വഴക്കിന് അമ്മായിയമ്മ കാരണമായി എന്നതുകൊണ്ട് മാത്രം തടവുശിക്ഷ ലഭിക്കില്ല.
Content Highlights: Clarifies that causing minor family disputes is not a criminal offense for mothers-in-law., Explains the transition from IPC to Bharatiya Nyaya Sanhita (BNS) as of July 1, 2024., Details that 498A/BNS Section 85 applies only to cases of severe cruelty or harassment leading to life-threatening situations., Debunks the viral social media claim regarding automatic imprisonment for marital interference.
Published: 06 Aug 2026, 05:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented