
വെഞ്ഞാറമൂട്: ‘ഉമ്മ ക്ഷമിക്കണമെന്നു പറഞ്ഞ് അഫാൻ കഴുത്തിൽ ഷാൾ കുരുക്കി. പിന്നെ സംഭവിച്ചതൊന്നും എനിക്ക് ഓർമയില്ല. ഞങ്ങളുടെ കുടുംബവും ജീവിതവുമാണ് അവൻ തകർത്തത്. ഒരിക്കലും അഫാനോടു ക്ഷമിക്കില്ല. എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞ അവനെ എനിക്കു കാണേണ്ട’- ദുഃഖവും നിരാശയും കലർന്ന ഭാഷയിൽ ഷെമി കരഞ്ഞുകൊണ്ടാണ് ആ കറുത്ത ദിനത്തിന്റെ ഓർമകൾ മാധ്യമങ്ങളോടു പങ്കുവച്ചത്.
വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമി തിങ്കളാഴ്ച കുറ്റിമൂട്ടിലെ പുനരധിവാസകേന്ദ്രത്തിൽവെച്ചാണ് സംഭവത്തെക്കുറിച്ചു പ്രതികരിച്ചത്. അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ഒന്നര മാസത്തോളം ചികിത്സയിൽക്കഴിഞ്ഞ ഷെമി ഇപ്പോൾ ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയാണ്. ഏറെനാളുകൾക്കു ശേഷമാണ് ഇളയ മകൻ മരിച്ച വിവരവും മൂത്ത മകന്റെ ക്രൂരതകളും ബന്ധുക്കൾ ഷെമിയെ അറിയിച്ചത്. കുറ്റിമൂട് സ്നേഹസ്പർശം സൈക്കോ സോഷ്യൽ റീഹാബിലിറ്റിഷൻ സെന്ററിലാണ് ഷെമി കഴിയുന്നത്.
ഫെബ്രുവരി 24-നാണ് ദുരന്തമുണ്ടാകുന്നത്. അന്ന് മൂന്നുപേർക്ക് കടം വാങ്ങിയ പണം തിരികെക്കൊടുക്കണമായിരുന്നു. അഫാൻ ലോൺ ആപ്പിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കേണ്ട ദിവസവുമായിരുന്നു. കൂടാതെ ബന്ധുവായ സ്ത്രീക്ക് രണ്ടു ലക്ഷവും ജപ്തിയൊഴിവാക്കാൻ വെഞ്ഞാറമൂട് സെൻട്രൽ ബാങ്കിൽ വായ്പ തിരിച്ചടയ്ക്കേണ്ടതും അന്നായിരുന്നു. സംഭവം നടന്നതിന്റെ തലേദിവസവും അന്നും അഫാന് തുടർച്ചയായി ഫോൺ കോളുകൾ വന്നിരുന്നു. രണ്ടു ദിവസവും അഫാൻ അസ്വസ്ഥനായാണ് പെരുമാറിയതെന്നും ഷെമി പറയുന്നു.
സംഭവം നടക്കുന്ന ദിവസം വെഞ്ഞാറമൂട് സെൻട്രൽ ബാങ്കിൽനിന്ന് മാനേജർ വന്നിരുന്നു. വായ്പ തിരികെയടച്ചില്ലെങ്കിൽ എല്ലാവരെയും ഒരുമിച്ചുനിർത്തി ഫോട്ടോയെടുക്കുമെന്നും വീട് ജപ്തിചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനേജരോടു കയർത്തുസംസാരിച്ച അഫാൻ അവരെ മർദിക്കാനും തുനിഞ്ഞു. എന്നാൽ, താൻ തടഞ്ഞതുകൊണ്ടാണ് സംഘർഷമൊഴിവായത്. കുടുംബത്തിന് 25 ലക്ഷം രൂപയുടെ കടമുണ്ട്. ലോൺ എടുത്തതും പലരിൽനിന്നു പലിശയ്ക്കു വാങ്ങിയതുമാണ്.
സാമ്പത്തികബാധ്യത വന്നപ്പോഴും കൂട്ടത്തോടെ ആത്മഹത്യചെയ്യണമെന്ന് മക്കളോടു പറഞ്ഞിരുന്നില്ല. വസ്തുക്കൾ വിറ്റ് കടം തീർക്കാമെന്ന് അഫാനോടു പറയുമായിരുന്നു. വീടു വിറ്റാൽ തീരുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഷെമി പറഞ്ഞു.
അഫാനാണ് ഈ കൊലപാതകങ്ങളൊക്കെ ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എനിക്ക് ഓർമയില്ലാതെപോയതുകൊണ്ടാണ് അന്ന് അങ്ങനെയെല്ലാം നടന്നത്. ബോധം ലഭിച്ചപ്പോൾ പോലീസുകാർ വാതിൽ അടയ്ക്കുന്നതാണ് കാണുന്നത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയമുണ്ട്. ഫർസാനയുമായി രണ്ടു വർഷമായി അടുപ്പമായിരുന്നതായി അഫാൻ പറഞ്ഞിട്ടുണ്ടെന്നും ഷെമി പറഞ്ഞു.
Content Highlights: venjaramoodu mass murder afan mother shemi talking
Published: 08 Apr 2025, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented