പീരുമേട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രിൻസിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഗ്ലെൻമേരി എസ്റ്റേറ്റിൽ പ്രിൻസിന്റെ വെട്ടേറ്റ് ഭാര്യ പ്രിയങ്ക (35), പ്രിയങ്കയുടെ അമ്മ നേസം (62) എന്നിവരാണ് മരിച്ചത്. ഭാര്യാ പിതാവ് ഇസ്രവേൽ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

To advertise here,

വ്യാഴാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചത്. ഇതിനുശേഷം പ്രതി പ്രിൻസിനെ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് നടുവിലൂടെയാണ് പോലീസ് ഇയാളെ സംഭവസ്ഥലത്തെത്തിച്ചത്. കൃത്യത്തിനുപയോഗിച്ച കത്തിയും ഇയാൾ ഉപയോഗിച്ചിരുന്ന ചെരുപ്പും തുണികളും പോലീസ് ശേഖരിച്ചു. വിരലടയാളവിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

പ്രിൻസിന്റെയും പ്രിയങ്കയുടെയും പ്രണയവിവാഹമായിരുന്നു. വിദേശത്ത് ജോലിചെയ്തുവരുകയായിരുന്ന പ്രിയങ്ക മൂന്നുമാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് പാമ്പനാറിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തുവരുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പ്രിയങ്കയെ ഭർത്താവ് പ്രിൻസ് പാഞ്ഞടുത്തെത്തി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ബഹളംകേട്ട് അടുത്തെത്തിയ ഭാര്യാമാതാവ് നേസത്തിനെയും പ്രിൻസ് വെട്ടി. ഇതുകണ്ട് തടസ്സം പിടിക്കാനെത്തിയ ഭാര്യാപിതാവിനും വെട്ടേറ്റു. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻമേരിയിൽ അങ്കണവാടിയോട് ചേർന്നുള്ള തോട്ടംലയത്തിലാണ് സംഭവം. സംഭവശേഷം ലയത്തോട് ചേർന്നുള്ള മുറിയിലേക്ക് പ്രിൻസ് മാറി. ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റുവീണുകിടന്നവരെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും പ്രിയങ്കയും അമ്മ നേസവും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ജീവനുണ്ടായിരുന്ന ഇസ്രവേലിനെ ഉടൻതന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് പോലീസ് സ്ഥലത്തെത്തി പ്രിൻസിനെ കസ്റ്റഡിയിലെടുത്തു. പ്രിൻസ് മദ്യലഹരിയിലായിരുന്നു.

ഇയാളുടെ പേരിൽ പ്രിയങ്കയും കുടുംബാംഗങ്ങളും മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. തങ്ങളെ കൊലപ്പെടുത്തുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നായിരുന്നു പരാതി. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച രാത്രി ഗ്ലെൻ മേരിയിൽ എത്തിച്ച മൃതദേഹങ്ങൾ ഏഴരയോടെ സംസ്കരിച്ചു. മക്കൾ: അക്ഷയാ പ്രതീക, ശ്യാം.