പാലക്കാട്:  നാലുവര്‍ഷം മുന്‍പ് ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണ് വേടന്റെ പാട്ട് സാമൂഹികമാധ്യമങ്ങളിലൂടെ കണ്ടതെന്നും അതിനാലാണ് പ്രതികരിച്ചതെന്നും പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍. അത് കണ്ടയുടനെ പ്രതികരിച്ചു. എങ്ങനെയാണോ പ്രതികരിക്കേണ്ടത് ആ രീതിയില്‍ തന്നെ പ്രതികരിക്കാനുള്ള സംവിധാനംചെയ്തിട്ടുണ്ടെന്നും മിനി കൃഷ്ണകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മിനി കൃഷ്ണകുമാര്‍ റാപ്പര്‍ വേടനെതിരേ എന്‍ഐഎയ്ക്കും കേന്ദ്ര ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അവര്‍ സംഭവത്തില്‍ പ്രതികരണം നടത്തിയത്.  

To advertise here,

''ഒരു കലാകാരന്‍ എന്നുപറഞ്ഞാല്‍ ഒരു സമൂഹത്തെ സ്വാധീനിക്കുന്ന വ്യക്തിയാണ്. അയാള്‍ ഒരു വലിയ ജനസമൂഹത്തിന് മുന്നിലാണ് ഇത് പാടിയിരിക്കുന്നത്. അതുതന്നെയാണ് പ്രധാനപ്പെട്ടകാര്യം. അയാള്‍ അടിമത്ത വ്യവസ്ഥിതി പറയുന്നുണ്ടല്ലോ. ഇപ്പോള്‍ എവിടെയാണ് ഭാരതത്തില്‍ അടിമത്ത വ്യവസ്ഥ നിലനില്‍ക്കുന്നത്. പഴയകാല കാര്യങ്ങള്‍ ആരോപിച്ചുകൊണ്ട് പുതിയകാലഘട്ടത്തിലേക്ക് സംശയത്തിന്റെ വിത്ത് പാകുക എന്നതാണ് വേടന്‍ ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ജാതീയസങ്കല്‍പ്പങ്ങള്‍ പുതിയ രൂപത്തില്‍ ആള്‍ക്കാരിലേക്ക് കുത്തിവെയ്ക്കുന്നതെന്ന് അന്വേഷിക്കേണ്ടത് എന്‍ഐഎയുടെ ചുമതലാണ്. വേടനെതിരേ നിലവിലുള്ള കേസുകളും അന്വേഷിക്കണം. വേടന്റെ പശ്ചാത്തലവും അന്വേഷിക്കണം.

ഞാനൊരു ഇന്ത്യന്‍ പൗരനാണ്. മറ്റൊരു രാജ്യത്തും ഇതൊന്നും അനുവദിക്കില്ല. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത് പറഞ്ഞിട്ട് പരാതിപ്പെടാന്‍ ഇത്ര വൈകിയതെന്ന് അറിയില്ല. ഇത് എന്റെ കണ്ണില്‍പ്പെട്ടയുടനെ ആഭ്യന്തരമന്ത്രാലയത്തിനും എന്‍ഐഎയ്ക്കും പരാതി കൊടുത്തിട്ടുണ്ട്'' മിനി കൃഷ്ണകുമാര്‍ പറഞ്ഞു.