തൃശ്ശൂര്‍: ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. തലയ്ക്കേറ്റ ക്ഷതമാണ് ടി.ടി.ഇ. വിനോദ് കണ്ണന്റെ(48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ദേഹത്ത് ആഴത്തിലുള്ള ഒന്‍പത് മുറിവുകളുണ്ടായിരുന്നതായും രണ്ടുകാലുകളും അറ്റുപോയിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രെയിനില്‍നിന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടെ ഇതേ ട്രാക്കില്‍വന്ന മറ്റൊരു ട്രെയിന്‍ കയറിയിറങ്ങിയെന്നാണ് നിഗമനം. ഇതാണ് കാലുകള്‍ അറ്റുപോകാനിടയായതെന്ന് കരുതുന്നു. മുറിവുകളില്‍നിന്ന് രക്തംവാര്‍ന്നിരുന്നതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ട്രെയിനില്‍നിന്ന് തള്ളിയിട്ടപ്പോഴാകാം തലയ്ക്ക് ക്ഷതമേറ്റതെന്നാണ് പ്രാഥമിക നിഗമനം.
Also Read
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിനോദിന്റെ മൃതദേഹം കൊച്ചി മഞ്ഞുമ്മലിലെ വീട്ടിലേക്ക് കൊണ്ടുപോയി. അതേസമയം, നേരത്തെ എറണാകുളത്തെ റെയില്‍വേസ്റ്റേഷനില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയതിനാല്‍ ഇതൊഴിവാക്കിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു.
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം വെളപ്പായയില്‍വെച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടി.ടി.ഇ.യെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. 22643-എറണാകുളം-പട്ന സൂപ്പര്‍ ഫാസ്റ്റില്‍ എസ്-11 കോച്ചില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പ്രതി ടി.ടി.ഇ.യെ പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവം അറിയാതെ ട്രെയിന്‍ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് മറ്റ് ടി.ടി.ഇ.മാരെത്തി പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പാലക്കാട്ട് റെയില്‍വേ പോലീസ് ഇയാളെ പിടികൂടി. സംഭവശേഷം ഇയാള്‍ യാത്രക്കാരോടും തട്ടിക്കയറിയിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു.
ഈ വണ്ടിയിലെ റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില അതിഥിതൊഴിലാളികള്‍ യാത്രചെയ്തിരുന്നു. പ്രതിക്ക് ജനറല്‍ ടിക്കറ്റാണുണ്ടായിരുന്നത്. ഇത് ചോദ്യംചെയ്തതാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കത്തിനുശേഷം വാതിലിനടുത്തുനിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ ഇയാള്‍ വിനോദിനെ പുറത്തേക്ക് തള്ളുകയായിരുന്നു.
Content Highlights: thrissur train tte murder case postmortem report
Published: 03 Apr 2024, 04:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented