തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ കഴിഞ്ഞദിവസം മർദിച്ച ഒന്നാംവർഷ വിദ്യാർഥി കാട്ടാക്കട സ്വദേശിയായ അബ്ദുള്ള, ഒരുമാസം മുൻപ് മർദനമേറ്റ ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിന്റെ ബന്ധു. ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിനെ എസ്.എഫ്.ഐ. നേതാക്കൾ മർദിക്കുകയും ഇത് കേസായപ്പോൾ അനസിന്റെ സുഹൃത്തിനെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വെച്ച് വീണ്ടും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് അബ്ദുള്ളയ്ക്കും മർദനമേറ്റതെന്നാണ് ആരോപണം.
അബ്ദുള്ള കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫരിഷ്തയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായുള്ള പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, താനും അനസും നൽകിയ പരാതികൾ പിൻവലിച്ചാൽ തങ്ങൾക്കെതിരേയുള്ള പരാതികളും പിൻവലിക്കാമെന്ന് എസ്.എഫ്.ഐ.ക്കാർ പറഞ്ഞുവെന്ന് അബ്ദുള്ള പറയുന്നു. അനസിനെതിരേയും ചില വിദ്യാർഥികൾ പോലീസിൽ പരാതി നൽകിയിരുന്നു.
അനസിനെ മർദിച്ച കേസിലെ പ്രതികളിലൊരാളായ മിഥുന്റെ നേതൃത്വത്തിലാണ് അബ്ദുള്ളയെയും മർദിച്ചത്. ആദ്യത്തെ കേസിൽ കോടതിയിൽനിന്നു ജാമ്യമെടുത്താണ് എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗമായ മിഥുൻ വീണ്ടും കോളേജിലെത്തുന്നത്. അനസിനെ മർദിച്ചത് വിവാദമായതോടെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി സി.പി.എം. ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. എന്നാൽ, അന്നത്തെ യൂണിറ്റ് കമ്മിറ്റി നേതാക്കൾതന്നെയാണ് ഇപ്പോഴും കോളേജിലെ യൂണിറ്റിനു നേതൃത്വം നൽകുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.
രക്തം ദാനംചെയ്യാൻ ആവശ്യപ്പെട്ട് എസ്.എഫ്.ഐ.ക്കാർ സമീപിച്ചപ്പോൾ രണ്ടു മാസം മുൻപ് രക്തം നൽകിയതിനാൽ താൻ വിസമ്മതിച്ചെന്നും തുടർന്ന് മിഥുന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നും അബ്ദുള്ള പറയുന്നു. പിന്നീട് യൂണിയൻ മുറിയിലേക്കു വിളിച്ചുവരുത്തിയും ഭീഷണിപ്പെടുത്തി. വൈകീട്ട് വീട്ടിലേക്കു പോകുമ്പോഴായിരുന്നു തടഞ്ഞുനിർത്തി മർദിച്ചത്. ഇത് ഗേറ്റിനു പുറത്തുനിന്ന പോലീസുകാർ കണ്ടു. അവരാണ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തന്നെ മർദിച്ച നേതാക്കൾ തനിക്കെതിരേ പരാതി നൽകാൻ സ്റ്റേഷനിൽ നിൽക്കുന്നതാണ് കണ്ടതെന്നും അബ്ദുള്ള പറഞ്ഞു.
Content Highlights: student attacked in thiruvananthapuram university college
Published: 24 Jan 2025, 07:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented