തിരുവനന്തപുരം: സഹപ്രവർത്തകയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയുമായ ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു. ഓഗസ്റ്റ് ഏഴുവരെയാണ് റിമാൻഡ്. ഏബലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി പിന്നത്തേയ്ക്ക് മാറ്റി.
രണ്ടാംതവണയാണ് ഏബലിനെ കോടതിയിൽ ഹാജരാക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഏബലിന് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് പ്രതിഷേധം കടുക്കുകയും ഏബലിനെതിരേ കൂടുതൽ പരാതികൾ ലഭിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് ഏബലിനെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്. നിലവിൽ അഞ്ച് എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം നിരവധി പരാതികളിൽ ഒറ്റ കേസായാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. വിദ്യാർഥികളുടെ ഭാഗത്തുനിന്ന് പ്രതിഷേധം കടുത്തതോടെയാണ് കൂടുതൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായത്.
നിരവധി വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിലുണ്ടെന്നാണ് വിവരം. സഹപാഠികൾക്ക് പുറമെ സീനിയർ വിദ്യാർഥികളുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഇയാളുടെ പക്കലുണ്ട്. ടെലഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിച്ചതിനാണ് കേസ്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിച്ചതിൽ ആറുമാസംമുൻപേ ഒരു വിദ്യാർഥി കേസ് നൽകിയിരുന്നു. എന്നാൽ, ഇതിനുപിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാൻ സൈബർ പോലീസിന് സാധിച്ചില്ല. പിന്നീട് വിദ്യാർഥികൾ ടെലഗ്രാം, റെഡ്ഡിറ്റ് മുതലായ സാമൂഹിക മാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത് സഹപാഠിയാണെന്ന് കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാമിൽനിന്ന് ചിത്രങ്ങളെടുത്ത് അവ മോർഫ് ചെയ്ത് അശ്ലീല ചുവയുള്ള തലക്കെട്ടോടെയാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതോടെ ഏബൽ അഗസ്റ്റിനെ മെഡിക്കൽ കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോളേജ് യൂണിയൻ നേതാക്കൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശക്തമായ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയതായി ഇവർ വ്യക്തമാക്കി. ഏബലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കും. ഇയാളുടെ സുഹൃത്തുക്കളുൾപ്പെടെ പോലീസ് നിരീക്ഷണത്തിലാണ്.
Published: 24 Jul 2026, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented