തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കഫറ്റീരിയയില്‍നിന്ന് 4.25 ലക്ഷം രൂപ കവര്‍ന്നു. കെട്ടിടത്തിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ത്ത് അകത്തുകയറി ഓഫീസിന്റെ വാതില്‍ തുറന്നാണ് മോഷണം. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് മോഷണവിവരം അറിയുന്നത്.
കഫറ്റീരിയയെക്കുറിച്ച് അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ സിസിടിവി ക്യാമറകള്‍ മുകളിലേക്ക് ഉയര്‍ത്തിവെച്ച നിലയിലാണ്. ഭക്ഷണശാലയിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുമില്ല. വെള്ളിയാഴ്ച മുതലുള്ള മൂന്നു ദിവസത്തെ പണമാണ് മോഷണംപോയത്.
വെള്ളിയാഴ്ച അവധിയായതിനാല്‍ ബാങ്കില്‍ പണം അടച്ചിരുന്നില്ല. ആഴ്ചാവസാനമായതിനാല്‍ കൂടുതല്‍ പണം ഭക്ഷണശാലയില്‍ സൂക്ഷിച്ചിരിക്കും എന്നറിയാവുന്നയാളാണ് മോഷണത്തിനു പിന്നിലെന്നാണു കരുതുന്നത്. വിരലടയാളവിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ജയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തടവുകാരും താത്കാലിക ജീവനക്കാരും കഫറ്റീരിയയില്‍ ജോലിചെയ്യുന്നുണ്ട്. ഭക്ഷണശാലയ്ക്ക് പിന്നിലായി മറ്റൊരു മുറിയുണ്ട്. ഭക്ഷണശാല പൂട്ടിയ ശേഷം താക്കോല്‍ ഒരു സ്ഥലത്തു വെച്ചിരുന്നു. ചില്ലുകള്‍ തകര്‍ത്ത് താക്കോലെടുത്ത് പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളില്‍നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മേശയുടെയും അലമാരയുടെയും പൂട്ട് തല്ലിത്തകര്‍ത്തിരുന്നു.
നേരത്തേ കഫറ്റീരിയയില്‍ ജോലിചെയ്തിട്ട് പുറത്തു പോയ തടവുകാരടക്കമുള്ളവരെ സംശയിക്കുന്നുണ്ട്. നിലവിലുള്ള തടവുകാരുടെ സഹായത്തോടെ മറ്റാരെങ്കിലും മോഷണം നടത്തിയിട്ടുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. പൂജപ്പുര പോലീസ് കേസെടുത്തു.
Content Highlights: theft at poojapura central jail canteen thief knows the place well says police thiruvananthapuram
Published: 19 Aug 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented