
കണ്ണൂര്‍: രാത്രി 11.30. വീടിന്റെ ജനലില്‍ ആരോ ശക്തിയായി അടിക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ അകമ്പടിയായി ഹലോ വിളികളും. വീട്ടുകാര്‍ പേടിച്ചുവിറച്ച് പരിഭ്രാന്തരാകുന്നു. ഏതെങ്കിലും കുറ്റാന്വേഷണ സിനിമയിലെ രംഗമാണെന്ന് ധരിച്ചെങ്കില്‍, തെറ്റി. ചെറുപുഴ തിരുമേനി മലങ്കരപ്പള്ളിക്ക് സമീപത്തെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രിയില്‍ അജ്ഞാതന്‍ കാട്ടിക്കൂട്ടിയ വേലകളാണിത്.
ഒരിടവേളയ്ക്കുശേഷം രാത്രിയില്‍ കറങ്ങിനടന്ന് പരാക്രമം കാണിക്കുന്ന 'അജ്ഞാത'രുടെ ശല്യം വീണ്ടും തുടങ്ങി. ജൂലായ് രണ്ടാംവാരത്തോടെയാണ് ആലക്കോട് പഞ്ചായത്തിലെ രയരോത്ത് അജ്ഞാതന്റെ ശല്യം ആരംഭിച്ചത്. വാതിലിലും ജനലിലും തട്ടിവിളിക്കുക, ഭിത്തികളില്‍ കരിഓയില്‍ തേച്ച കൈപ്പത്തി പതിപ്പിക്കുക, ജനല്‍പ്പാളികള്‍ കുത്തിത്തുറക്കുക, ബള്‍ബുകള്‍ ഊരിമാറ്റുക തുടങ്ങിയ വിക്രിയകളാണ് ഇയാളുടെ പക്കലുള്ളത്.
രണ്ടാഴ്ച മുന്‍പ് രയരോം കോടോപ്പള്ളി, കുണ്ടേരി, പെരുവട്ടം എന്നിവിടങ്ങളിലെല്ലാം പരാക്രമങ്ങള്‍ കാണിച്ചശേഷം ചെറുപുഴ പ്രാപ്പൊയില്‍ ഭാഗത്താണ് ഇയാള്‍ വിലസുന്നത്. എയ്യന്‍കല്ല്, പ്രാപ്പൊയില്‍ വെസ്റ്റ്, കക്കോട്, കന്നിക്കളം ഭാഗങ്ങളിലും മുഖംമൂടി ധരിച്ച അജ്ഞാതന്റെ അതിക്രമം ഉണ്ടായി.
ഇതെന്താ കുമ്പിടിയോ
വാതിലിലും ജനലിലും മുട്ടുന്നതുകേട്ട് വാതില്‍ തുറന്നാല്‍ ആരുടെയും പൊടിപോലും കാണില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തിരച്ചില്‍ തുടങ്ങുമ്പോഴേക്കും അജ്ഞാതന്‍ സ്ഥലംവിടും. പോരാത്തതിന് സമീപത്തുതന്നെയുള്ള മറ്റൊരു വീട്ടില്‍ വാതിലില്‍ മുട്ടല്‍ തുടങ്ങുകയും ചെയ്യും. മിക്കയിടത്തും നാട്ടുകാര്‍ സംഘടിച്ച് അജ്ഞാതനായി വലവീശുന്നുണ്ട്.
പ്രാപ്പൊയില്‍ വെസ്റ്റില്‍ തിരച്ചില്‍ നടത്തുന്നതിനിടെ സമീപത്തെ മരത്തിന് മുകളില്‍നിന്ന് അടിവസ്ത്രം മാത്രമിട്ട ഒരാള്‍ ചാടിയോടുന്നത് കണ്ടതായും നാട്ടുകാര്‍ പറയുന്നു. പ്രാപ്പൊയില്‍ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകളുള്ള വീടുകളില്‍ പിന്‍വശത്തെ വാതിലുകളിലാണ് മുട്ടിയത്. അതിനാല്‍ പ്രദേശത്തെക്കുറിച്ച് അറിവുള്ളവരാകാം പരാക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തി പരിഭ്രാന്തി സൃഷ്ടിച്ച 'ബ്ലാക്ക്മാനെ' നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. നാല്പതുകാരനായ റോയ് എന്നയാളെയാണ് പിടിച്ചത്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ലഹരിക്ക് അടിമയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. ജൂണില്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍, ബീവി റോഡ് പ്രദേശങ്ങളിലും രാത്രിയില്‍ ഇത്തരം പരാക്രമ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, 'ഈ അജ്ഞാതന്‍' കാണാമറയത്താണ്.
മോഷണവും വ്യാപകം
കണ്ണൂര്‍ തളാപ്പില്‍ തുളിച്ചേരി, പള്ളിക്കുന്ന് ഭാഗങ്ങളില്‍ കവര്‍ച്ചകളും വ്യാപകമാകുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി തുളിച്ചേരിയിലെ ഒരു വീട്ടില്‍ കയറിയ മോഷ്ടാവ് രണ്ടുമണിക്കൂറാണ് ചെലവഴിച്ചത്. കൊണ്ടുപോയതാകട്ടെ 4000 രൂപയും. മോഷണം നടത്തുന്ന മുറിയിലെ വെളിച്ചം പുറത്തേക്ക് കടക്കാതിരിക്കാന്‍ വീട്ടില്‍നിന്നുതന്നെ തുണികളെടുത്ത് ജനലുകള്‍ മറച്ചശേഷമാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.
തലയും മൂടി മുഖത്ത് മാസ്‌കുമിട്ട് ഗ്ലൗസിട്ട കൈകളില്‍ കുടയുമെടുത്തുവന്ന ഇയാളുടെ ദൃശ്യം സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Content Highlights: theft and anti social activities in kannur
Published: 26 Jul 2023, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented