കൊല്ലം: മോഷണക്കേസ് പ്രതികളായ പിതാവും മകനും കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരാണ് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ടത്. കടയ്ക്കല്‍-അഞ്ചല്‍ റോഡില്‍ ചുണ്ട ചെറുകുളത്തുവെച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഇരുവര്‍ക്കുമായി പോലീസിന്റെ വ്യാപകമായ തിരച്ചില്‍ തുടരുകയാണ്.

To advertise here,

പാലോട് പോലീസ് രജിസ്റ്റര്‍ചെയ്ത മോഷണക്കേസില്‍ കഴിഞ്ഞദിവസം വയനാട്ടില്‍നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പാലോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ചുണ്ടചെറുകുളത്തിന് സമീപംവെച്ച് ഇരുവരും മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ജീപ്പില്‍നിന്ന് മൂത്രമൊഴിക്കാനായി പുറത്തിറക്കിയ രണ്ടുപേരും കൈവിലങ്ങുമായി സമീപത്തെ മലയിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. ഉച്ചയോടെ കോട്ടുക്കല്‍ കൃഷിഫാമിന് സമീപം ഇരുവരെയും കണ്ടതായി ഒരുസ്ത്രീ പോലീസിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഈ മേഖല കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.