ന്യൂഡല്‍ഹി: ടെന്നീസ് താരം രാധികാ യാദവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ പിതാവ് ദീപക് യാദവ്  രാധികയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. ഹരിയാണ ഗുരുഗ്രാമിലെ സെക്ടര്‍ 57-ല്‍ വ്യാഴാഴ്ചയാണ് സംസ്ഥാന ടെന്നീസ് താരമായ രാധികയെ പിതാവ് ദീപക് വെടിവെച്ച് കൊന്നത്. 

To advertise here,

മകളെ കൊലപ്പെടുത്തുന്നതിന് മുമ്പ് ദീപക് ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. സംഭവദിവസം ദീപക്കും രാധികയും തമ്മിൽ നടന്ന സംഭാഷണത്തിൽ കൂടുതൽ വ്യക്തത വരുത്താനൊരുങ്ങുകയാണ് പോലീസ്. താന്‍ മകളുടെ വരുമാനത്തെ ആശ്രയിക്കുന്നതായി ചൂണ്ടിക്കാട്ടി വസീറാബാദിലെ നാട്ടുകാര്‍ നിരന്തരം പരിഹസിച്ചിരുന്നതായും, മകള്‍ നടത്തിയിരുന്ന ടെന്നീസ് അക്കാദമി നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നതായുമാണ് ദീപക് പറയുന്നത്. മകളുടെ വരുമാനം കൊണ്ട് ജീവിക്കുന്നുവെന്ന് പറഞ്ഞ് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നെന്നും തന്റെ അഭിമാനത്തെ അത് മുറിവേല്‍പ്പിച്ചുവെന്നും ദീപക് യാദവ് പോലീസിനോട് പറഞ്ഞു.

സ്വന്തം തോക്കുപയോഗിച്ച് അഞ്ചുതവണയാണ് ദീപക്, രാധികയ്ക്കുനേരെ വെടിയുതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം രാധികയുടെ ശരീരത്തില്‍ തുളച്ചുകയറി. രാധിക സ്വന്തമായി നടത്തുന്ന ടെന്നീസ് അക്കാദമിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സ്വയം വരുമാനം കണ്ടെത്തുന്നതിനായാണ് രാധിക ടെന്നീസ് അക്കാദമി തുടങ്ങിയത്. ഇത് സംബന്ധിച്ച് മാസങ്ങളായി കുടുംബത്തില്‍ തര്‍ക്കമുണ്ടായിരുന്നു. അക്കാദമിയുടെ പ്രമോഷനായി രാധിക തയ്യാറാക്കിയ ഇന്‍സ്റ്റഗ്രാം റീലുകളും പിതാവിനെ അസ്വസ്ഥനാക്കിയിരുന്നു. 

മകൾ സ്വതന്ത്രമായി പണം സമ്പാദിക്കുന്നതിലും മറ്റും ദീപക്കിന് അസംതൃപ്തി ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നതെന്നും പോലീസ് വ്യക്തമാക്കി. ഗുരുഗ്രാമിലെ സെക്ടര്‍ 57-ല്‍ ഇരുനില വീട്ടിലാണ് രാധിക തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്. അമ്മാവൻ കുല്‍ദീപ് യാദവും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വീടിന്റെ താഴത്തെ നിലയിലും താമസിച്ചിരുന്നു. 

സംഭവദിവസം, കുല്‍ദീപ് വലിയ ശബ്ദം കേട്ടാണ് ഒന്നാം നിലയിലേക്ക് ഓടിച്ചെന്നത്. അവിടെ, അടുക്കളയില്‍ രാധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് പറയപ്പെടുന്ന തോക്ക് സ്വീകരണമുറിയിലും ഉണ്ടായിരുന്നു. കുല്‍ദീപും മകന്‍ പിയൂഷും ഉടന്‍ രാധികയെ അവരുടെ വാഹനത്തില്‍ കയറ്റി സെക്ടര്‍ 56-ലെ ഏഷ്യ മാറിംഗോ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിച്ചു. കുറ്റകൃത്യം നടക്കുമ്പോള്‍ രാധിക, ദീപക്, ഭാര്യ മഞ്ജു എന്നിവര്‍ മാത്രമേ ഒന്നാം നിലയിൽ ഉണ്ടായിരുന്നുള്ളൂവെന്ന് കുല്‍ദീപ് മൊഴി നല്‍കി.