ന്യൂഡൽഹി: മുൻ സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ നിർമ്മിക്കുകയും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കി ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത 22 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹിയിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപിക നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ആരോ തൻ്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുകയും അശ്ലീലകരവും മോർഫ് ചെയ്തതുമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തുവെന്നായിരുന്നു അധ്യാപികയുടെ പരാതി. ഐപി ലോഗുകൾ, രജിസ്റ്റർ ചെയ്ത ഇമെയിലുകൾ, മൊബൈൽ നമ്പറുകൾ എന്നിവ വിശകലനം ചെയ്ത പോലീസ് സംഘം, മുൻപ് സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ സംസ്കൃത അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതിയാണ് പ്രതിയെന്ന് തിരിച്ചറിയുകയായിരുന്നു.
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച്, പ്രതി പരാതിക്കാരിയുടെ വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും ഫോളോ അഭ്യർത്ഥനകൾ അയച്ചു. പരാതിക്കാരിയും ഒരു പുരുഷനുമായുള്ള ബന്ധം തെറ്റായി ചിത്രീകരിക്കുന്ന എഐ ചിത്രങ്ങളും ഇവർ നിർമ്മിച്ചു. ഇതുകൂടാതെ പ്രതി ദുർമന്ത്രവാദവും ചെയ്തിരുന്നതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇവരുടെ പക്കൽ നിന്ന് വിചിത്രമായ ചിഹ്നങ്ങളും സംഖ്യാശ്രേണികളും അടങ്ങിയ മൂന്ന് കൈയെഴുത്ത് കുറിപ്പുകൾ കണ്ടെടുത്തു. ഈ കുറിപ്പുകളിൽ പ്രതിയുടെയും സ്കൂൾ പ്രിൻസിപ്പലിന്റെയും പേരുകൾ ഉണ്ടായിരുന്നു.
സ്കൂൾ പ്രിൻസിപ്പലിനോട് പ്രതിയായ യുവതിയ്ക്ക് കടുത്ത അഭിനിവേശമുണ്ടായിരുന്നതായും പ്രിൻസിപ്പലുമായി അടുപ്പമുണ്ടെന്ന് സംശയിച്ച പരാതിക്കാരിയോടുണ്ടായ വൈരത്തിൽ എഐ ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമികമായ അന്വേഷണത്തിൽ വ്യക്തമായത്. താൻ ഒരു കാൻസർ രോഗിയാണെന്ന് ചിത്രീകരിക്കുന്ന വ്യാജ വീഡിയോകൾ നിർമ്മിച്ചും താൻ മരണപ്പെട്ടതായി കള്ളം പറഞ്ഞും ശ്രദ്ധ നേടാനുള്ള ശ്രമങ്ങൾ ഇവർ നടത്തി പരാജയപ്പെട്ടതായും പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: Former contract teacher arrested for creating & spreading AI morphed images of a colleague in Delhi.
Published: 12 Sept 2025, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented