അന്നൊരു ഞായറാഴ്ചയായിരുന്നു, സ്വാധീനമില്ലാത്ത കാലുകള്‍വെച്ച് വീടിന് സമീപത്തെ ബൂത്തില്‍നിന്ന് പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൂരജ്. പെട്ടെന്നാണ് ഓട്ടോറിക്ഷയില്‍ ഒരു സംഘം മുന്നിലേക്ക് വന്നിറങ്ങുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുംമുമ്പേ സൂരജ് അക്രമികളുടെ ആയുധങ്ങള്‍ക്കിരയായി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി തിങ്കളാഴ്ച പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ സഹോദരന്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.
ഒരാള്‍ മഴുകൊണ്ട്, ഒരാള്‍ വാളുകൊണ്ട്, മറ്റൊരാള്‍ കൊടുവാള്‍കൊണ്ട്, അഞ്ചുപേര്‍ ചേര്‍ന്ന് കൈകളിലുണ്ടായിരുന്ന ആയുധങ്ങള്‍ മാറിമാറി ഉപയോഗിച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. മുഴുപ്പിലങ്ങാട് എഫ്‌സിഐ ഗോഡൗണിന് സമീപം നടുറോഡിലിട്ടായിരുന്നു കൊലപാതകം അരങ്ങേറിയത്. ഒരു വര്‍ഷം മുമ്പ് സമാനമായ ഒരു ആക്രണം സൂരജ് നേരിട്ടതായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന സൂരജിനെ ഓട്ടംവിളിച്ച് കൊണ്ടുപോയി കാലുകള്‍ക്ക് വെട്ടിപരിക്കേല്‍പ്പിച്ചു. 2004- ജൂലായിലായിരുന്നു ഈ സംഭവം. മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന സൂരജ് ഒരുവിധം അതിജീവിച്ചു. കാലിന് സ്വാധീനക്കുറവുമുണ്ടായി.
ചികിത്സയ്ക്ക് ശേഷം ജോലി സംബന്ധമായി ബെംഗളൂരുവിലായിരുന്ന സൂരജ് അവിടെനിന്ന് മടങ്ങിയെത്തി തൊട്ടടുത്ത ദിവസമാണ് അക്രമത്തിനിരയായത്. ആദ്യ ആക്രമണം നടന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ജീവനെടുത്ത രണ്ടാമത്തെ ആക്രമണമുണ്ടായത്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു ഇത്. നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന സൂരജ് പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. സിപിഎം വിട്ടതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് ശേഷവും സൂരജിനോടുള്ള പക മാറിയില്ല. സൂരജിന്റെ ശവകുടീരം രണ്ടുതവണ ആക്രമിച്ചതായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.പ്രേമരാജന്‍ പറഞ്ഞു.
സൂരജ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കേസിലെ ഏഴാം പ്രതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് 2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ടി.പി.കേസ് വഴിത്തിരിവായി
സൂരജ് വധക്കേസില്‍ തുടക്കത്തില്‍ 10 പ്രതികളാണുണ്ടായിരുന്നത്. കുറ്റപത്രം നല്‍കുമ്പോള്‍ രണ്ട്, അഞ്ച് പ്രതികളെ കണ്ടുകിട്ടാനുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ രണ്ടുപേരെയും കണ്ടെത്താനായില്ല. 2012-ല്‍ ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ അറസ്റ്റിലായ ടി.കെ. രജീഷ് നല്‍കിയ കുറ്റസമ്മതമൊഴി പ്രകാരം രജീഷിനെയും പി.എം. മനോരാജിനേയും കേസില്‍ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നല്‍കി. സാക്ഷികള്‍ പ്രതികളെ കണ്ട് തിരിച്ചറിഞ്ഞു. താനും മനോരാജും കൊലപാതകസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നതായി രജീഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി സിഐ ആയിരുന്ന ടി.കെ. രത്‌നകുമാറാണ് തുടരന്വേഷണം നടത്തിയത്.
കണ്ണൂര്‍ സിറ്റി സിഐ ആയിരുന്ന എം. ദാമോദരനാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. 2010-ല്‍ കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല. സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു.
8 പേര്‍ക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് 3 വര്‍ഷം തടവ്
സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷത്തെ ശിക്ഷ നൽകി. രണ്ട് മുതൽ ഒമ്പത് വരേയുള്ള പ്രതികൾക്കാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. ഒന്നാംപ്രതി കേസിന്റെ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു.
2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുൻപ് സൂരജിനെ വധിക്കാൻ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു. സി.പി.എം. പ്രവർത്തകനായ സൂരജ് ബി.ജെ.പിയിൽ ചേർന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.
28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികൾ സംഭവശേഷം മരിച്ചു. തുടക്കത്തിൽ 10 പേർക്കെതിരെയായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ. രജീഷ് നൽകിയ കുറ്റസമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കൂടി കേസിൽ ഉൾപ്പെടുത്തി. രജീഷ്, മനോരാജ് എന്നിവരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകി.
സി.പി.എം. പ്രവർത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസിൽ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസിൽ എൻ.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട ഹൗസിൽ പ്രഭാകരൻ (65), പുതുശ്ശേരി ഹൗസിൽ കെ.വി. പദ്മനാഭൻ (67), പുതിയപുരയില്‍ പ്രദീപന്‍ (58) , മനോമ്പേത്ത് രാധാകൃഷ്ണൻ (60) എന്നിവരാണ് കേസിലെ പ്രതികൾ. പത്താം പ്രതി എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശനെ വെറുതെവിട്ടു.
ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കൽ ഹൗസിൽ പി.കെ. ഷംസുദ്ദീൻ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രൻ എന്നിവർ വിചാരണവേളയിൽ മരിച്ചു.
Content Highlights: Suraj murder case-first his legs were cut off, then a year later he was hacked to death
Published: 24 Mar 2025, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented