പനജി: മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബെംഗളൂരുവിലെ വനിതാ സി.ഇ.ഒ. ഭര്‍ത്താവുമായി പിരിഞ്ഞുതാമസിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തിലിരിക്കെയാണ് യുവതി മകനെ കൊലപ്പെടുത്തിയതെന്നാണ് ഗോവ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവാഹമോചനവും ഭര്‍ത്താവുമായി വേര്‍പിരിയുന്നതുമാണ് അതിദാരുണമായ കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മൈന്‍ഡ്ഫുള്‍ എ.ഐ. ലാബ്' എന്ന സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമായ സുചന സേതി(39)നെയാണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതിയെ പോലീസ് തന്ത്രപൂര്‍വം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതി സഞ്ചരിച്ച ടാക്‌സി കാറില്‍നിന്ന് കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു.
Also Read
ബംഗാള്‍ സ്വദേശിയായ സുചന സേതും ഭര്‍ത്താവ് വെങ്കിട്ടരാമനും ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ദമ്പതിമാരുടെ വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തിലായിരുന്നു. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെ സുചനയ്ക്ക് പ്രതികൂലമായ ചില കോടതിവിധികളുണ്ടായി. ഇതേത്തുടര്‍ന്ന് യുവതി കടുത്ത നിരാശയിലായിരുന്നുവെന്നും ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക സൂചന. അതേസമയം, ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരികയാണെന്നും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
സുചനയുടെ ഭര്‍ത്താവ് വെങ്കിട്ടരാമന്‍ മലയാളിയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹം ബിസിനസുകാരനാണെന്നും എ.ഐ. ഡെവലപ്പറായി ജോലിചെയ്യുകയാണെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്‍ഡൊനീഷ്യയിലായിരുന്ന ഭര്‍ത്താവിനെ കഴിഞ്ഞദിവസം പോലീസ് നാട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇദ്ദേഹത്തില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയതായാണ് സൂചന.
നാലുവയസ്സുള്ള മകനുമായി ശനിയാഴ്ചയാണ് സുചന ഗോവയില്‍ എത്തിയത്. നോര്‍ത്ത് ഗോവയിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് യുവതിയും മകനും താമസിച്ചിരുന്നത്. ശനിയാഴ്ച അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്ത യുവതി തിങ്കളാഴ്ച രാവിലെയോടെ മുറി വിട്ടു.
അപ്പാര്‍ട്ട്മെന്റില്‍നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് മുന്‍പ് ഗോവയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകാനായി ഒരു ടാക്സി വേണമെന്ന് സുചന ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ടാക്സിയെക്കാള്‍ കുറഞ്ഞനിരക്കില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും യുവതി ടാക്സിക്കായി നിര്‍ബന്ധം പിടിച്ചു. ഇതോടെ അപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ തന്നെ ബെംഗളൂരുവിലേക്ക് ടാക്സി ഏര്‍പ്പാടാക്കി നല്‍കി.
സുചന മുറിയൊഴിഞ്ഞതിന് പിന്നാലെ ശുചീകരണത്തൊഴിലാളി മുറി വൃത്തിയാക്കാനെത്തിയിരുന്നു. ഇതിനിടെയാണ് യുവതി താമസിച്ചിരുന്ന മുറിയിലെ ചോരപ്പാടുകള്‍ ജീവനക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജീവനക്കാരി മറ്റുള്ളവരെ വിവരമറിയിച്ചു. പിന്നാലെ പോലീസിനും വിവരം കൈമാറി.
മുറിയില്‍ ചോരക്കറ കണ്ടതും മകനുമായി വന്ന യുവതി ഒറ്റയ്ക്ക് മടങ്ങിയതും പോലീസിനും സംശയത്തിനിടയാക്കി. അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം, യുവതി മടങ്ങിയത് തനിച്ചാണെന്ന് സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ യുവതി ബെംഗളൂരുവിലേക്ക് യാത്രതിരിച്ച ടാക്സി ഡ്രൈവറെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ യുവതിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ മകനെക്കുറിച്ചാണ് ആദ്യം തിരക്കിയത്. എന്നാല്‍, മകനെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഏല്‍പ്പിച്ചെന്നായിരുന്നു സുചനയുടെ മറുപടി. ഗോവയിലെ ഫതോര്‍ദയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് മകനുള്ളതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ സുഹൃത്തിന്റെ വിലാസം നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. യുവതി അയച്ചുനല്‍കിയ വിലാസം പോലീസ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യക്തമായി.
സുഹൃത്തിന്റെ വിലാസം വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഇന്‍സ്പെക്ടര്‍ പരേഷ് നായിക് ടാക്സി ഡ്രൈവറെ വീണ്ടും ഫോണില്‍വിളിച്ചു. കാറിലുണ്ടായിരുന്ന സുചനയ്ക്ക് സംശയം തോന്നാതിരിക്കാന്‍ ഇത്തവണ കൊങ്കിണി ഭാഷയിലാണ് ഇന്‍സ്പെക്ടര്‍ ഡ്രൈവറുമായി ഫോണില്‍ സംസാരിച്ചത്. കാറിലുള്ള സുചനയ്ക്ക് സംശയം തോന്നാത്തരീതിയില്‍ വാഹനം എത്രയുംവേഗം സമീപത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിടണമെന്നായിരുന്നു ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ക്ക് നല്‍കിയ നിര്‍ദേശം. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഗോവ പോലീസില്‍നിന്ന് ടാക്സി ഡ്രൈവര്‍ക്ക് ഈ നിര്‍ദേശം ലഭിച്ചത്. ഇതോടെ ടാക്സി ഡ്രൈവര്‍ ഏറ്റവും അടുത്തുള്ള ഐമംഗല പോലീസ് സ്റ്റേഷനിലേക്ക് വാഹനം തിരിച്ചുവിട്ടു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കാറില്‍നിന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് ബാഗില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മൈന്‍ഡ്ഫുള്‍ എ.ഐ. ലാബ്' എന്ന എ.ഐ. സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമാണ് സുചന സേത്. ഡാറ്റ സയന്‍സുമായി ബന്ധപ്പെട്ട മേഖലയില്‍ 12 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ടെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ യുവതി അവകാശപ്പെടുന്നത്. ചെന്നൈയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ശേഷം കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ഫിസിക്സില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാര്‍വാഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ റിസര്‍ച്ച് ഫെലോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും യുവതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ അവകാശപ്പെടുന്നുണ്ട്.
Content Highlights: suchana seth an ai startup ceo killed her son in goa arrested by police
Published: 09 Jan 2024, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented