ന്യൂഡല്‍ഹി: സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയിലെ (എസ്എയു) ഹോസ്റ്റല്‍ അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി ബലാത്സംഗത്തിനിരയായ 18-കാരി വിദ്യാര്‍ഥിനി. ബലാത്സംഗത്തിനിരയായ കാര്യം അറിയിച്ചപ്പോള്‍ ഒന്ന് കുളിച്ച് വസ്ത്രം മാറാനാണ് ഹോസ്റ്റല്‍ അധികൃതര്‍ ഉപദേശിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. തന്നെ പൂര്‍ണമായും അവഗണിച്ചെന്നും അടിയന്തര സഹായം നല്‍കാനോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനോ തയ്യാറായില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു. കുടുംബത്തെ അറിയിക്കാനൊരുങ്ങിയപ്പോള്‍ തടഞ്ഞുവെന്നും പെണ്‍കുട്ടി ആരോപിച്ചു. ഞായറാഴ്ച രാത്രിയാണ് സര്‍വകലാശാല കാമ്പസില്‍ അജ്ഞാതരായ നാല് പേര്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്.

To advertise here,

പോലീസിന് നല്‍കിയ മൊഴിയില്‍, സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടി ഉന്നയിച്ചിരിക്കുന്നത്. ഹോസ്റ്റല്‍ ഇന്‍ ചാര്‍ജ് സഹായം വാഗ്ദാനം ചെയ്യുന്നതിനുപകരം ആദ്യം തന്നെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് ധാരാളം ബോയ്ഫ്രണ്ട്‌സ് ഉണ്ടെന്ന് പറഞ്ഞ് പരിഹസിച്ചെന്ന് ഗുരുതര ആരോപണവും പെണ്‍കുട്ടി ഉന്നയിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ അഭാവം കാരണം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെ യഥേഷ്ടം തങ്ങളുടെ മുറികളിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നുണ്ടെന്ന് ഹോസ്റ്റര്‍ അധികൃതര്‍ പറഞ്ഞതായും പെണ്‍കുട്ടി മൊഴി നല്‍കി. വിദ്യാര്‍ഥിക്ക് ഇപ്പോള്‍ കൗണ്‍സിലിങ് സെഷനുകള്‍ നല്‍കി വരികയാണ്.

തന്റെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുന്നതില്‍ ഹോസ്റ്റല്‍ ഇന്‍ ചാര്‍ജ് ഒരു ആശങ്കയും കാണിച്ചില്ലെന്നും, അധികാരികളെ ബന്ധപ്പെടുകയോ അടിയന്തര വൈദ്യസഹായം ഒരുക്കുകയോ ചെയ്യുന്നതിനുപകരം 'കുളിച്ച് വസ്ത്രം മാറാന്‍' ഉപദേശിച്ചതായും പെണ്‍കുട്ടി പറഞ്ഞു.

ഞായറാഴ്ച രാത്രി സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയിലെ കോണ്‍വൊക്കേഷന്‍ സെന്ററിന് സമീപമാണ് ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. കാമ്പസിലെ സുരക്ഷാ ജീവനക്കാരനും നിര്‍മാണ തൊഴിലാളിയും രണ്ട് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ഥിനിയെ ആക്രമിച്ചത്.

സംഭവത്തിനു പിന്നാലെ കാമ്പസില്‍ വന്‍ വിദ്യാര്‍ഥി പ്രതിഷേധമുണ്ടായിരുന്നു. കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ തിങ്കള്‍ രാത്രി സര്‍വകലാശാല അധികൃതരെ തടഞ്ഞുവച്ചു.

സംഭവത്തിന് മുമ്പ്, ലൈംഗിക ബന്ധത്തിനായി ആവശ്യപ്പെട്ട് അജ്ഞാത ഇമെയിലുകളും മറ്റ് സന്ദേശങ്ങളും പെണ്‍കുട്ടിക്ക് ലഭിച്ചിരുന്നുവെന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. എ ഐ ഉപയോഗിച്ച് കുറ്റവാളികള്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതായും ആരോപണമുണ്ട്.