
തിരുവനന്തപുരം: 'അവൻ തെറ്റൊന്നും ചെയ്തില്ലല്ലോ.. പിന്നെന്തിന് അവനോടിത് ചെയ്തു...' ശ്രീകാര്യത്തുള്ള വാടകവീട്ടിലേക്ക് അഭിരാമിന്റെ മൃതദേഹം കൊണ്ടുവരുമ്പോൾ നിലവിളികൾക്കൊപ്പം ഉയർന്നുകേട്ട വിലാപം.. നാട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു അച്ചു എന്ന് വിളിച്ചിരുന്ന അഭിരാം. അവനെ അവസാനമായി ഒരു നോക്ക് കാണുവാനായി അവന്റെ പ്രിയപ്പെട്ടവരെല്ലാം ഒരിക്കൽക്കൂടി ആ കൊച്ചുവീട്ടിലെത്തി.
പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട പ്ലസ് വൺ വിദ്യാർഥി അഭിരാമിന് നാട് വിങ്ങലോടെയാണ് വിടനൽകിയത്. രാവിലെ പത്ത് മണിയോടെയാണ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചത്. അവസാനമായി ആ മുഖത്തേക്ക് നോക്കിയവരെല്ലാം വലിയവായിൽ നിലവിളിച്ചു. കൂട്ടുകാർ അവനെ നെഞ്ചുപൊട്ടി തിരികെവിളിക്കുന്നത് കണ്ടുനിന്നവരുടെയും നെഞ്ചുലച്ചു.
കൂട്ടുകാരെ കാണാനെന്ന് പറഞ്ഞ് ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അഭിരാം വീട്ടിൽനിന്നും ഇറങ്ങിയത്. ആ വാടകവീട്ടിലേക്ക് അവൻ ഒരിക്കൽക്കൂടി തിരികെവന്നു, ചേതനയറ്റ ശരീരമായി. കൂട്ടുകാരനുവേണ്ടി ഒരുക്കിയ കെണിയിൽ അകപ്പെട്ട് അഭിരാം ജീവൻവെടിഞ്ഞത് ഇപ്പോഴും അവനെ അറിയുന്ന ആർക്കും ഉൾക്കൊള്ളാനായിട്ടില്ല.
വിദേശത്തുള്ള സഹോദരി എത്തിയശേഷമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. പാങ്ങപ്പാറയിലെ വാടകവീട്ടിലെ പൊതുദർശനത്തിനുശേഷം മൃതദേഹം കഴക്കൂട്ടം ശാന്തിതീരത്ത് സംസ്‌കരിച്ചു. വകവരുത്താൻ പദ്ധതിയിട്ട് പ്രതികൾ വിളിച്ചപ്പോൾ, അപകടത്തിലേക്കാണ് എന്നറിയാതെ അഭിരാം വീട്ടിൽനിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മകന് നീതി ലഭിക്കുന്നതിനായി നിയമപരമായി മുന്നോട്ടുപോകാനാണ് മാതാപിതാക്കളുടെയും കുടുംബത്തിന്റെയും തീരുമാനം. കേസിൽ മൂന്ന് പ്രതികൾ പിടിയിലായെങ്കിലും ദുരൂഹത തുടരുകയാണ്. അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് പല ചാറ്റുകളും അപ്രത്യക്ഷമായിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ട് വിവരങ്ങൾ മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നു എന്നാണ് വിവരം.
ഏത് സാഹചര്യത്തിലാണ് ചാറ്റുകൾ മായ്ച്ചതെന്നാണും പോലീസ് പരിശോധിക്കുന്നുണ്ട്. ഒന്നാംപ്രതിയായ 17-കാരൻ ഇരട്ടക്കൊലപാതകമാണ് ലക്ഷ്യമിട്ടതെന്നും പോലീസ് സൂചിപ്പിക്കുന്നുണ്ട്. നിലവിലെ പെൺസുഹൃത്തുമായി അടുപ്പമുണ്ടായിരുന്ന അഭിരാമിനേയും മുൻ കാമുകിയുടെ ആൺസുഹൃത്തിനേയും അപായപ്പെടുത്താനായിരുന്നു പദ്ധതി.
എന്നാൽ അഭിരാം രണ്ടാമനെ വിളിച്ചുവരുത്താൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചും ബെൽറ്റുകൊണ്ട് കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. കേസിൽ രണ്ടാംപ്രതി ഉമറിന്റെ പെൺസുഹൃത്തിന്റെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: Abhiram, a beloved student from Pangappara, was tragically killed, leaving the community in mourning as his body was brought home for a final farewell. The murder, involving a trap set by friends, has led to the arrest of three suspects, with ongoing investigations into missing Instagram chats and the involvement of a female friend. Abhiram's family is pursuing legal action for justice, while police suspect the primary accused aimed for a double murder, targeting Abhiram and another individual.
Published: 04 Nov 2026, 03:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented