
അവണൂര്‍: തൃശ്ശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകം. മരിച്ച എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥാണ്(25)ണ് കൊലപാതകത്തിന് പിന്നില്‍. മയൂര്‍നാഥ്, ഓണ്‍ലൈനില്‍ വിഷവസ്തുക്കള്‍ വരുത്തുകയും അത് സ്വന്തംനിലയ്ക്ക് തയ്യാറാക്കിയ ശേഷം കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവം ഭക്ഷ്യവിഷബാധയെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള മരണമല്ലെന്നും വിഷം ഉള്ളില്‍ച്ചെന്നുള്ള മരണമാണെന്നും ശശീന്ദ്രനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച സംസ്‌കാരച്ചടങ്ങുകള്‍ക്ക് പിന്നാലെ മയൂര്‍നാഥിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംസ്‌കാര കര്‍മങ്ങള്‍ നിര്‍വഹിച്ചത് മയൂര്‍നാഥായിരുന്നു. ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ മയൂര്‍നാഥ് തയ്യാറായിരുന്നില്ലെന്നാണ് വിവരം. അച്ഛനോടും രണ്ടാനമ്മ ഗീതയോടുമുള്ള വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷം മുന്‍പ് മയൂര്‍നാഥിന്റെ അമ്മ ആത്മഹത്യ ചെയ്തിരുന്നു.
വിഷവസ്തുക്കള്‍ ഓണ്‍ലൈനില്‍ വരുത്തി, വീടിന് മുകള്‍നിലയില്‍വെച്ച് മയൂര്‍നാഥ് തയ്യാറാക്കുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ മരുന്നുകളും മറ്റും തയ്യാറാക്കാന്‍ മയൂര്‍നാഥ് ഒരു ലാബ് സജ്ജമാക്കിയിരുന്നു. ഇവിടെവെച്ചാണ് വിഷം തയ്യാറാക്കിയത്. തുടര്‍ന്ന് ഇത് കടലക്കറിയില്‍ കലര്‍ത്തി നല്‍കിയെന്നാണ് പോലീസ് പറയുന്നത്.
വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച മറ്റു നാലുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി അമ്മ (95), ശശീന്ദ്രന്റെ രണ്ടാംഭാര്യ ഗീത(42), വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റുത്തൊഴിലാളികള്‍- ചന്ദ്രന്‍(47), ശ്രീരാമചന്ദ്രന്‍ (50)എന്നിവരാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെ മുളങ്കുന്നത്തുകാവ് ആരോഗ്യ സര്‍വകലാശാലയ്ക്ക് സമീപം സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന രീതിയില്‍ കണ്ട ശശീന്ദ്രനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നതിനിടെയാണ് മരിച്ചത്. ഹൃദയാഘാതമെന്ന് കരുതി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ക്കും ഛര്‍ദിയുണ്ടെന്നറിഞ്ഞതോടെ പോലീസുംകൂടി ഇടപെട്ട് ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു.
ശശീന്ദ്രന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ സംസ്‌കാരത്തിന് വീട്ടില്‍ ഒരുക്കം തുടങ്ങിയിരുന്നു. ഇതിനിടെ ഗീതയ്ക്ക് ഛര്‍ദി തുടങ്ങിയതോടെ മൃതദേഹമെത്തിച്ച ആംബുലന്‍സില്‍ത്തന്നെ ഗീതയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിളക്കുവെച്ച് മൃതദേഹം നിലത്ത് കിടത്തിയശേഷമാണ് തിരികെയെത്തിക്കാന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് നിര്‍ദേശം വന്നത്.
വീട്ടിലുണ്ടാക്കിയ ഇഡ്ഡലി, സാമ്പാര്‍, കടലക്കറി എന്നിവ കഴിച്ചശേഷമാണ് എല്ലാവര്‍ക്കും അസ്വസ്ഥത തുടങ്ങിയത്. എല്ലാവരും ചോര ഛര്‍ദിച്ചു. വിറയലും വായില്‍നിന്ന് നുരയും പതയും വരുകയും ചെയ്തിരുന്നു. അതേസമയം മയൂര്‍നാഥ് ഭക്ഷണം കഴിച്ചിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ഭക്ഷമം കഴിക്കാതിരുന്നത് എന്നായിരുന്നു മയൂര്‍നാഥ് പോലീസിനോടു പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക്, വിരലടയാളവിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തിരുന്നു.
Content Highlights: son poisons father and family members through food in thrissur avanoor
Published: 03 Apr 2023, 10:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented