ബെംഗളൂരു: ഡിജിറ്റല്‍ അറസ്റ്റിലൂടെ ബെംഗളൂരുവിലെ സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ക്ക് നഷ്ടമായത്‌ 11.8 കോടി രൂപ. സിം കാര്‍ഡ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫോണ്‍ കോളിലൂടെ തട്ടിപ്പ് നടത്തിയത്. 

To advertise here,

39-കാരനായ എൻജിനീയറെ നവംബര്‍ 11-നാണ് തട്ടിപ്പുകാര്‍ വിളിച്ചത്. ട്രായിയിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ എൻജിനീയറെ വിളിച്ചത്. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാര്‍ഡ് നിയമവിരുദ്ധമായ പരസ്യങ്ങള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോഗിച്ചിട്ടുണ്ടെന്ന് തട്ടിപ്പുകാരന്‍ എൻജിനീയറെ ധരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ കൊളാബ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. 

ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരാള്‍ കൂടി എൻജിനീയറെ വിളിച്ചു. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ഇതുവഴി കള്ളപ്പണം കടത്തുന്നുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍  ഭീഷണിപ്പെടുത്തി.

പിന്നാലെ സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞു. വ്യാജ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മുംബൈ പോലീസിന്റെ യൂണിഫോം ധരിച്ച മറ്റൊരാള്‍  സ്‌കൈപ്പ് വഴി വിളിച്ചു. എൻജിനീയറുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഒരു ബിസിനസുകാരന്‍ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയെന്നും ഇതുവഴി ആറ് കോടിയുടെ ഇടപാടുകള്‍ നടത്തിയെന്നും ഇയാള്‍ എൻജിനീയറെ ധരിപ്പിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്ധരിച്ച് ചില അക്കൗണ്ടുകളിലേക്ക് വെരിഫിക്കേഷനായി പണം അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സഹകരിച്ചില്ലെങ്കില്‍ വീട്ടിലെത്തി എൻജിനീയറേയും കുടുംബാംഗങ്ങളേയും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. 

ഇതോടെയാണ് എൻജിനീയര്‍ 11.8 കോടി രൂപ നല്‍കിയത്. എന്നാല്‍ പണം ലഭിച്ചിട്ടും തട്ടിപ്പുകാര്‍ ഭീഷണി തുടര്‍ന്നതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി എൻജിനീയര്‍ക്ക് മനസിലായത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഐടി  ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.