കോട്ടയം: മണ്ണുമാഫിയകളിൽനിന്നും വിവിധ കേസുകളിലെ പ്രതികളിൽനിന്നും യുപിഐ ഇടപാടിലൂടെ കൈക്കൂലി വാങ്ങിയതിന് സസ്പെൻഷനിലായ വൈക്കം പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. മുണ്ടക്കയം വിളനിലം സ്വദേശി പി.എ. ഷമീർഖാനെ(52)യാണ് ബുധനാഴ്ച വിജിലൻസ് അറസ്റ്റുചെയ്തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
ബുധനാഴ്ച കോട്ടയം വിജിലൻസ് ആസ്ഥാനത്തെത്തിയ ഷമീർഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണസംഘം, കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി അഞ്ചുദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ അപേക്ഷയിൽ വ്യാഴാഴ്ച കോടതി വിധിപറയും.
വൈക്കം സർക്കിൾ ഇൻസ്പെക്ടറായി ചുമതലയേറ്റ ഇൻസ്പെക്ടർ ഷമീർഖാൻ, അസം സ്വദേശിയുടെപേരിൽ കനറാ ബാങ്കിന്റെ വൈക്കം ബ്രാഞ്ചിൽ വൈക്കം സ്വദേശിയായ മറ്റൊരാളുടെ പേരിലുള്ള മൊബൈൽ നമ്പർ നൽകി പുതുതായി ബാങ്ക് അക്കൗണ്ട് തുറന്നു.
അക്കൗണ്ടിന്റെ എ.ടി.എം. കാർഡും, കോൺടാക്ട് നമ്പരായി കൊടുത്തിരുന്ന മൊബൈൽ സിം കാർഡും പ്രതി ഇൻസ്പെക്ടർ ഷമീർഖാൻ കൈവശംെവച്ചു. അക്കൗണ്ടിലൂടെ മണ്ണുമാഫിയകളിൽപ്പെട്ടവർ, ടിപ്പർ, ടോറസ് ലോറിക്കാർ, വിവിധ കേസുകളിലെ പ്രതികൾ എന്നിവരിൽനിന്ന് കഴിഞ്ഞ സെപ്‌റ്റംമ്പർ അഞ്ചാംതീയതി മുതൽ ഒക്ടോബർ 16-ാംതീയതിവരെയുള്ള കാലയളവിൽ രണ്ടേകാൽ ലക്ഷത്തിലേറെ രൂപ കൈക്കൂലിയായി വാങ്ങിയെടുത്തു.
അക്കൗണ്ടിലെത്തുന്ന കൈക്കൂലിപ്പണം വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലുള്ള വിവിധ എ.ടി.എമ്മുകളിൽനിന്ന് പലപ്പോഴായി പിൻവലിച്ചെടുത്തു.
രഹസ്യവിവരത്തെത്തുടർന്ന് വിജിലൻസ് വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ നടത്തിയ മിന്നൽപ്പരിശോധനയിൽ, അസം സ്വദേശിയുടെപേരിലുള്ള കനറാബാങ്ക് അക്കൗണ്ടിന്റെ എ.ടി.എം. കാർഡും, കോൺടാക്ട് നമ്പരായി കൊടുത്തിരുന്ന മറ്റൊരാളുടെ പേരിലെടുത്ത സിം കാർഡും ഇൻസ്പെക്ടർ ഷമീർഖാന്റെ കൈയിൽനിന്ന് പിടിച്ചെടുത്തിരുന്നു. വിജിലൻസ് കണ്ടെത്തലുകളെത്തുടർന്നാണ് ഷമീർഖാനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
Content Highlights: Vaikom Police Circle Inspector P.A. Shameerkhan was arrested by Vigilance for accepting bribes via UPI transactions from sand mafia and other case suspects. Shameerkhan opened a bank account using an Assam resident's name and withdrew over 2.5 lakh rupees in bribes from various ATMs between September 5 and October 16. Following a secret tip-off, Vigilance conducted a raid and seized the ATM card and SIM card linked to the fraudulent account, leading to Shameerkhan's suspension.
Published: 12 Nov 2026, 07:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented