
കോവളം: ബെംഗളൂരുവിൽനിന്ന് കോവളത്തെ സ്പാകളിലെത്തിച്ച് ആന്ധ്രാ സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിൽ കേസിലെ അഞ്ചാം പ്രതിയുടെ വീട്ടിൽനിന്ന് നിർണായകരേഖകൾ പിടിച്ചെടുത്തു. കോർപ്പറേഷന്റെ ഉള്ളൂർ സോണലിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ പൂവാർ അരുമാനൂരിലെ വീട്ടിൽനിന്നാണ് എസ്.ഐ.ടി. രേഖകൾ പിടിച്ചെടുത്തത്. ഇവിടെനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കോവളം ബീച്ച് റോഡിലുള്ള ഹീലിങ് ഹാൻഡ്‌സ് എന്ന ആയുർവേദ സ്പായിലും ഇയാൾ പങ്കാളിയാണെന്നും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽനിന്ന് സെർച്ച് വാറണ്ട് വാങ്ങിയാണ് സർക്കിൾ ഇൻസ്‌പെക്ടർ പ്രതീഷ്, എസ്.ഐ.മാരായ വിൽബർരാജ്, ലത, സൈബർ പോലീസിലെ അഖിൽ എന്നിവർ വീട്ടുടമയെ വിളിച്ചുവരുത്തി ഹീലിങ് ഹാൻഡ്‌സിൽ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ ഏഴാം പ്രതിയും നഗരൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്ന വെങ്ങാനൂർ കക്കാക്കുഴി സ്വദേശി വി.സി. മായയും ഹീലിങ് ഹാൻഡ്‌സിൽ പങ്കാളിയാണെന്നും ഇവിടെനിന്ന് ലഭിച്ച രേഖകളിൽനിന്ന് വ്യക്തമായിട്ടുണ്ട്. മായയുടെയും അനുരൂപിന്റെയും ഹീലിങ് ഹാൻഡ്സ് പാർട്ണർ വ്യവസ്ഥയിൽ നടത്തുന്ന മറ്റ് മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ, ഗൂഗിൾ പേ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവ പരിശോധിക്കും. ഇരുനിലക്കെട്ടിടത്തിന് ഉടമയ്ക്ക് പ്രതിമാസം 40,000 രൂപയാണ് വാടകയിനത്തിൽ നൽകുന്നത്. മാസം ലക്ഷങ്ങളുടെ വരുമാനമാണ് ഇവിടെ ലഭിച്ചിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം വീണ്ടും നടത്തുമെന്ന് അന്വേഷണോദ്യോഗസ്ഥനായ അസി. കമ്മീഷണർ എസ്. ചന്ദ്രകുമാർ പ്രതികരിച്ചു.
കോവളത്തുള്ള ഡ്രീംസ് എന്ന സ്പാ വഴിയും കോവളം ബീച്ച് റോഡിലുള്ള ഹീലിങ് ഹാൻഡ്‌സ് സ്പാ വഴിയും ലക്ഷങ്ങളുടെ വരുമാനമാണ് പ്രതികൾ നേടിയിട്ടുള്ളതെന്നും വലിയൊരു വിഹിതം അനുരൂപിന്റെ അക്കൗണ്ടുകളിലാണ് എത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരേ പോക്‌സോയ്ക്കും മനുഷ്യക്കടത്തിനുമാണ് കോവളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രതികളെ തിങ്കളാഴ്ച തെളിവെടുപ്പിനെത്തിക്കും
അട്ടക്കുളങ്ങര ജയിലിലുള്ള കേസിലെ ഒന്നാം പ്രതി ആന്ധ്രയിലെ പാലസമുദ്രം സ്വദേശിനി, അഞ്ചാം പ്രതി നെയ്യാറ്റിൻകര ജയിലിലുള്ള പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് എന്നിവരെ എസ്.ഐ.ടി. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി കോവളത്തെ സ്പാകളിലെത്തിച്ച് തെളിവെടുക്കും. ഇവർക്കുശേഷം മറ്റു പ്രതികളായ ഹെൽത്ത് ഇൻസ്‌പെക്ടർ വി.സി. മായ, സ്പാ നടത്തിപ്പുകാരായ നിഷാന്ത്, സജിത്ത് എന്നിവരെ തെളിവെടുപ്പിനെത്തിക്കും. രണ്ടാംപ്രതിയും ഒന്നാംപ്രതിയുടെ ഭർത്താവുമായ തെലങ്കാന സ്വദേശി ജെല്ലാ ഗോപിയെ (47) ചോദ്യം ചെയ്തതിൽനിന്ന് കുട്ടിയെ പീഡിപ്പിച്ചുവെന്ന സംശയത്തിലാണ് പോലീസ്.
Content Highlights: SIT recovered crucial documents from the 5th accused Anuroop's house., Investigation revealed partnership links to Healing Hands Ayurveda Spa in Kovalam., Financial transactions and mobile phones of the accused are under scrutiny., Accused will be brought for evidence collection on Monday.
Published: 01 Nov 2026, 08:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented