കോഴഞ്ചേരി: മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ളാർക്ക് കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസിന്റെ പിടിയിലായി. അയിരൂർ പഞ്ചായത്തിലെ ഹെഡ് ക്ളാർക്ക് പത്തനംതിട്ട കുലശേഖരപതി സ്വദേശി താജുദ്ദീൻ(50) ആണ് അറസ്റ്റിലായത്. സ്റ്റേജ് ഷോകളിലും മറ്റും സജീവ സാന്നിധ്യമായ ഇയാളുടെ പക്കൽനിന്ന്, കൈക്കൂലിവാങ്ങിയ 5000 രൂപയും കണ്ടെത്തി.

To advertise here,

വെൺമണി സ്വദേശിയായ മത്സ്യവ്യാപാരിയായിരുന്നു പരാതിക്കാരൻ. ഇദ്ദേഹം അയിരൂർ പഞ്ചായത്തിലെ തടിയൂരിൽ മറ്റൊരാൾ നടത്തിയിരുന്ന മത്സ്യവ്യാപാര സ്ഥാപനം ഏറ്റെടുത്തു. പഴയ ആളുടെ പേരിലുള്ള ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റുന്നതിന് പഞ്ചായത്തിൽ അപേക്ഷയും നൽകി. എന്നാൽ, സാങ്കേതിക കാരണം പറഞ്ഞ് ലൈസൻസ് പുതുക്കി നൽകിയില്ല. കഴിഞ്ഞ മാസം ആദ്യം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർ കടയിലെത്തി ലൈസൻസ് ആവശ്യപ്പെടുകയും ചെയ്തു. ലൈസൻസ് മാറ്റിക്കിട്ടാൻ അപേക്ഷ കൊടുത്തിട്ട് ലഭിച്ചില്ലെന്ന്‌ പറഞ്ഞതോടെ പഞ്ചായത്തോഫീസിലെത്താനും ഇവർ പറഞ്ഞു. തുടർന്ന് ഓഫീസിലെത്തിയ വ്യാപാരിയോട് ഹെഡ് ക്ളാർക്ക് താജുദ്ദീൻ 20,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. 8000 രൂപ തന്നാൽ പിഴയിൽനിന്ന്‌ ഒഴിവാക്കി നൽകാമെന്നും പറഞ്ഞു. പിന്നീടത് 5000 രൂപയാക്കി കുറക്കുകയും ചെയ്തു. വ്യാപാരി പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് പരാതി നൽകിയതോടെ ഉദ്യോഗസ്ഥർ കെണിയൊരുക്കി. മഷി പുരട്ടിയ 5000 രൂപ വിജിലൻസ് സംഘം വ്യാപാരിക്ക് നൽകി താജുദ്ദീന് കൈമാറാൻ ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം വ്യാപാരി താജുദ്ദീന് പണം നൽകി. ഇൗ സമയത്ത് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. അറിയപ്പെടുന്ന മിമിക്രി കലാകാരനായ താജുദ്ദീന്റെ പേരിൽ നേരത്തേയും പണപ്പിരിവ് സംബന്ധിച്ച് പരാതികളുള്ളതായി അറിയുന്നു. അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.