നെയ്യാറ്റിന്‍കര: ഷാരോണ്‍രാജ് വധക്കേസിലെ ശിക്ഷ ഇന്ന് വിധിക്കും. സുഹൃത്തായ ഷാരോണ്‍രാജിനെ ഒന്നാംപ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. രാവിലെ 11-ന് സെഷന്‍സ് കോടതിയാണ് വിധിപറയുക.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വം; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം പ്രോസിക്യൂഷന്റെ വാദം. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ സ്വഭാവമാണ്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. 11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
ഗ്രീഷ്മ മുതലെടുത്തത് ഷാരോണിന്റെ സ്നേഹവും വിശ്വാസവും
2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.
കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.
വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കൊല നടത്താന്‍ സഹായിച്ചുവെന്നാണ് അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായര്‍ക്കെതിരേയുമുള്ള കുറ്റം. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ അമ്മയെ വെറുതെ വിട്ടിരുന്നു.
പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.
നിര്‍ണായകമായത് ഷാരോണിന്റെ സഹോദരന്റെ ഇടപെടല്‍
തിരുവനന്തപുരം: ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ കാമുകിയും ഒന്നാംപ്രതിയുമായ ഗ്രീഷ്മ നടത്തിയത് ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തിയ ഗൂഢാലോചന. കാപ്പിക് ബ്രാന്‍ഡില്‍പെട്ട പാരക്വിറ്റ് വിഷം ഗ്രീഷ്മ ഷാരോണിന് നല്‍കിയത് ഏറെ ദിവസത്തെ പഠനത്തിന് ശേഷമായിരുന്നുവെന്ന് ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിമോണ്‍ രാജ് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. ഷിമോണ്‍ രാജിന്റെ നിര്‍ണായകമായ ഇടപെടലാണ് ഗ്രീഷ്മയുടെ മുഖംമൂടി തുറന്ന് കാട്ടിയത്.
ജ്യൂസില്‍ പാരസറ്റമോള്‍ ഗുളികകള്‍ അമിത അളവില്‍ കലക്കിക്കൊടുത്ത് നേരത്തെ നടത്തിയ കൊലപാതക ശ്രമം പരാജയപ്പെട്ടതോടെയാണ് ഒരു തരത്തിലും അടുത്ത വട്ടം പരാജയപ്പെടരുതെന്ന നിബന്ധബുദ്ധിയോടെയാണ് വിഷത്തേക്കുറിച്ച് പ്രത്യേകം പഠനം നടത്തിയത്. ഇതിനുവേണ്ടി ദിവസങ്ങളോളം ഗൂഗിള്‍ സെര്‍ച്ച് നടത്തി.
വിഷം ഉള്ളില്‍ ചെന്ന് മരണപ്പെട്ടാല്‍ പരിശോധനയില്‍ അത് വ്യക്തമാവുമെന്ന് ഗ്രീഷ്മയ്ക്ക് ധാരണയുണ്ടായിരുന്നു. അതാണ് പാരക്വിറ്റിലേക്ക് ഗ്രീഷ്മയെ എത്തിച്ചത്. പാരക്വിറ്റ് അകത്തുചെന്നാല്‍ 24 മണിക്കൂറിനുള്ളില്‍ അതിന്റെ അംശം ശരീരത്തില്‍നിന്ന് ഇല്ലാതാവുമെന്നും മരണം സാവകാശമായിരിക്കുമെന്നും മനസ്സിലായതോടെയാണ് ഈ വിഷം ഉപയോഗിക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. എന്നാല്‍, പാരക്വിറ്റ് അകത്തുചെന്നാല്‍ ഇത് മറ്റ് അവയവങ്ങള്‍ക്കുണ്ടാക്കുന്ന തകരാറുകളേക്കുറിച്ച് ഗ്രീഷ്മ ബോധവതിയായിരുന്നില്ല. കഷായമാണ് നല്‍കിയതെന്ന ഗ്രീഷ്മയുടെ വാദം പൊളിക്കാനായത് ഇതുകൊണ്ടാണന്ന് സഹോദരന്‍ ഷിമോണ്‍ രാജ് പറയുന്നു.
പാരക്വിറ്റ് അകത്ത് ചെന്നാല്‍ മാത്രമുണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ഷാരോണിനുണ്ടായിരുന്നു. തൊണ്ടമുതല്‍ താഴോട്ട് പൂര്‍ണമായും കരിഞ്ഞപോലെയുള്ള അവസ്ഥയിലായി. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലായതോടെ കുടിച്ചത് വെറും കഷായമല്ലെന്നുറപ്പിക്കുകയായിരുന്നു. 14-ാം തീയതി ഗ്രീഷ്മയുടെ വീട്ടില്‍ പോയശേഷം ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് ശാരീരിക അവശതയുണ്ടെന്ന് പറഞ്ഞ് ഷാരോണ്‍ വീട്ടിലെത്തിയതും മുറിയില്‍ പോയി കിടന്നതും. പക്ഷെ, ഛര്‍ദി തുടര്‍ന്നതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
22-ാം തീയതി രാവിലെയാണ് പപ്പയോട് ഷാരോണ്‍ കാര്യങ്ങളെല്ലാം പറഞ്ഞത്. അപ്പോഴേക്കും അകത്ത് ചെന്ന വിഷത്തിന്റെ അംശം ശരീരത്തില്‍നിന്ന് പോയിരുന്നു. ഇതാണ് വെല്ലുവിളിയായത്. പക്ഷെ, ഇത് സംബന്ധിച്ച് താനും കസിന്‍ സജിനും കൂടെ നിരവധി തവണ ഗ്രീഷ്മയെ വിളിച്ചും വാട്സ്ആപ്പ് ചാറ്റിലൂടെയും കാര്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍, മറുപടിയായി ഗൂഗിളില്‍ നിന്നൊക്കെ പടമെടുത്ത് അയക്കുകയായിരുന്നുവെന്നും ഷിമോണ്‍ പറയുന്നു.
ആദ്യം കോകിലാക്ഷം കഷായമാണ് കൊടുത്തതെന്നാണ് പറഞ്ഞത്. താന്‍ ആയുര്‍വേദ ഡോക്ടറായതുകൊണ്ടുതന്നെ ഈ കഷായത്തിന്റെ കാര്യം ആദ്യം തന്നെ കള്ളമാണെന്ന് മനസ്സിലാക്കാനായി. കഷായം അമിത അളവില്‍ കുടിച്ചാല്‍ പോലും മരണം സംഭവിക്കാന്‍ ഇടയില്ലെന്ന് അറിയാമായിരുന്നു. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. മാത്രമല്ല വിദഗ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തലും ഗുണകരമായി. പാരക്വിറ്റ് വിഷം ശ്വാസകോശത്തെയാണ് ആദ്യം ബാധിക്കുക. ഷാരോണിന്റെ ശ്വാസകോശം പുര്‍ണമായും വിണ്ട് കീറിയ അവസ്ഥയിലായിപ്പോയിരുന്നു. ഒരുതുള്ളി വെള്ളംപോലും ഇറക്കാനുമായിരുന്നില്ല. എന്നാല്‍, ഇതൊന്നും പറയാതെ ഗ്രീഷ്മയുമായി ചാറ്റ് ചെയ്യുകയും കൊടുത്ത മരുന്നില്‍നിന്നാണ് വിഷമേറ്റതെന്ന് വ്യക്തമാവുകയും ചെയ്തെന്നും അതിന്റെ ചാറ്റുകള്‍ കേസിന് ബലമേകിയെന്നും ഷിമോണ്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Capital punishment or life imprisonment; what will be the verdict of sharone murder case, Greeshma
Published: 20 Jan 2025, 06:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented