തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ പാതിവില തട്ടിപ്പില്‍ അന്വേഷണം വിപുലമാക്കും. ഇതുസംബന്ധിച്ച് എ.ഡി.ജി.പി.മാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേസുകളില്‍ ക്രൈംബ്രാഞ്ചിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. 

To advertise here,

ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെ മേല്‍നോട്ടത്തിലായിരിക്കും പുതിയ അന്വേഷണസംഘം രൂപവത്കരിക്കുക. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിലവില്‍ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. 

അതേസമയം, പാതിവിലയ്ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ഉള്‍പ്പെട്ട കെ.എന്‍.ആനന്ദകുമാര്‍ മുങ്ങിയതായും സൂചനയുണ്ട്. സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ആനന്ദകുമാര്‍. ഇയാളുടെ ശാസ്തമംഗലത്തെ വീട് പൂട്ടിയിട്ടനിലയിലാണ്. മൊബൈല്‍ഫോണില്‍ വിളിച്ചാലും പ്രതികരണമില്ല. നേരത്തെ പാതിവില തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദകുമാറിനെ പോലീസ് പ്രതിചേര്‍ത്തിരുന്നു. മൂവാറ്റുപുഴയിലെ കേസിലും ആനന്ദകുമാര്‍ മുഖ്യപ്രതിയാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം. 

ആനന്ദകുമാര്‍ ചെയര്‍മാനായിരുന്ന എന്‍.ജി.ഒ. കോണ്‍ഫെഡറേഷനാണ് അനന്തുകൃഷ്ണനെ സ്‌കൂട്ടര്‍ വിതരണത്തിന്റെ ചുമതല ഏല്‍പ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ആനന്ദകുമാറിന് മാസംതോറും പത്തുലക്ഷം രൂപ നല്‍കിയിരുന്നതായി അനന്തുകൃഷ്ണനും പോലീസിന് മൊഴി നല്‍കിയിരുന്നു.