
കാൺപുർ: ഉത്തർപ്രദേശിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായി വിനീത് മിനോച്ച കൊല്ലപ്പെട്ട സംഭവത്തിൽ മൗനംവെടിഞ്ഞ് മരുമകൾ ഷാലു. കേസുമായി ബന്ധപ്പെട്ട് പോലീസ്, വിനീതിന്റെ മകൻ സുബ്രത് മനോച്ചയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഷാലു പുറത്തിറങ്ങിയത്.
ഭർത്താവ് അദ്ദേഹത്തിന്റെ പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് ഷാലു പറഞ്ഞു. വിനീത് മിനോച്ച കൊല്ലപ്പെട്ട ദിവസം ഭർത്താവ് സുബ്രത് മിനോച്ചയ്‌ക്കൊപ്പം ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ഷാലു പറഞ്ഞു.
'എന്റെ ഭർത്താവ് ഇത്തരമൊരു കാര്യം ആസൂത്രണം ചെയ്തിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് ഒരുവിധത്തിലും അറിവുണ്ടായിരുന്നില്ല.' ഷാലു ദേശീയ മാധ്യമത്തോട് പറഞ്ഞു. വിനീത് മിനോച്ചയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ഷാലു അറസ്റ്റിലായിരുന്നു. രണ്ട് വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർതൃപിതാവിനെ കൊല്ലാൻ ഷാലു ഗൂഢാലോചന നടത്തിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക സംശയം.
എന്നാൽ, പിന്നീട് അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടാവുകയും പിതാവിന്റെ കൊലപാതകത്തിന് ശാലുവിന്റെ ഭർത്താവ് സുബ്രതിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിടിയിലായ വാടകക്കൊലയാളികളെക്കൊണ്ട് ഷാലുവിന്റെ പേര് പറയിപ്പിച്ച്, കൊലപാതകക്കുറ്റം ശാലുവിന്റെ തലയിൽ കെട്ടിവെക്കാനാണ് സുബ്രത് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. ആരോപിക്കപ്പെടുന്ന ഗൂഢാലോചനയുമായി ഷാലുവിനെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ഷാലുവിനെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. വിളിപ്പിക്കുമ്പോൾ കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലോ ഹാജരകണം എന്ന നിബന്ധനയുണ്ട്.
'കാര്യങ്ങൾ ഇത്രത്തോളം എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല'
സെപ്റ്റംബർ അഞ്ചിനാണ് കാൺപുരിലെ ഇന്ദിരാനഗറിലുള്ള സ്വന്തം ഫ്‌ളാറ്റിനുള്ളിൽ വിനീതിനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സുബ്രതും പിതാവും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല എന്ന് ഷാലു പറയുന്നു. എന്നാൽ, അത് ഒരു കൊലപാതകത്തിൽ കലാശിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും അവർ പറഞ്ഞു. 'സുബ്രത് കാര്യങ്ങളെല്ലാം രഹസ്യമായി വയ്ക്കുന്ന സ്വഭാവക്കാരനായിരുന്നു. അദ്ദേഹവും പിതാവും തമ്മിൽ ഒത്തുപോയിരുന്നില്ല, എങ്കിലും കാര്യങ്ങൾ ഇത്തരമൊരു ഘട്ടത്തിലേക്ക് എത്തുമെന്നോ ഇങ്ങനെ സംഭവിക്കുമെന്നോ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല', അവർ പറഞ്ഞു.
ചോദ്യംചെയ്യലിനിടെ പോലീസ് തങ്ങളെ മുഖാമുഖം ഇരുത്തിയപ്പോഴും താൻ സുബ്രതിനോട് സംസാരിച്ചിരുന്നില്ലെന്ന് ഷാലു പറഞ്ഞു. തന്നെ കേസിലേക്ക് വലിച്ചിഴക്കാൻ ആരെങ്കിലും ഗൂഢാലോചന നടത്തുന്നതായി തനിക്ക് അറിയില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി. സുബ്രതിനോട് ക്ഷമിക്കാനോ ബന്ധം തുടരാനോ കഴിയുമോ എന്ന ചോദ്യത്തിന്, അതിനെക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കാൻപോലും കഴിയില്ലെന്നും അവർ മറുപടി നൽകി. 'സംഭവിച്ച കാര്യങ്ങളെയെല്ലാം ഉൾക്കൊള്ളാൻ എനിക്ക് കുറച്ച് സമയം വേണം.' അവർ പറഞ്ഞു.
തന്റെ ആറുവയസുള്ള കുഞ്ഞിനെക്കുറിച്ചാണ് നിലവിൽ ഏറ്റവും വലിയ ആശങ്കയെന്നും അവർ കൂട്ടിച്ചേർത്തു. 'ഇതിനെക്കുറിച്ചൊന്നും അവൻ അറിയരുതെന്ന് എനിക്കുണ്ട്. അവന്റ അടുത്തേക്ക് പോയി അവനോടൊപ്പം ആയിരിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.' കൊലപാതകം നടത്താൻ ഏൽപിച്ച വാടകക്കൊലയാളികളിലൊരാളും മുൻ ജീവനക്കാരനുമായ വിശാൽ ഗൗതമുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും ഷാലു തള്ളി. രംഗോലി ഉണ്ടാക്കാൻ പൂക്കൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണ് പാർട്ടി നടന്ന ദിവസം താൻ വിശാലിനോട് സംസാരിച്ചതെന്ന് അവർ പറഞ്ഞു.
പോലീസിന്റെ നിഗമനങ്ങളിൽ ട്വിസ്റ്റ്
ഷാലുവിനെതിരെ മുമ്പ് നൽകിയ തെളിവുകളെ ചോദ്യംചെയ്തുകൊണ്ട് കാൺപുർ പോലീസ് സമർപ്പിച്ച നാല് പോയിന്റുകൾ അടങ്ങിയ മറുപടിയെ തുടർന്നാണ് ഷാലുവിന്റെ മോചനം സാധ്യമായത്. കൊലപാതകത്തിന്റെ കുറ്റം ഷാലുവിന്റെ മേൽ ചുമത്താൻ സുബ്രത് വിശാലിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്.
വിനീതിനെ കൊല്ലാൻ ശാലുവാണ് ആവശ്യപ്പെട്ടതെന്നും വീടിന്റെ താക്കോൽ നൽകിയെന്നും വിശാൽ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, കാൺപുരിലെ ഗുംതി നമ്പർ-5 പ്രദേശത്തുവെച്ച് വിശാലിന് വീടിന്റെ വ്യാജ താക്കോൽ ഉണ്ടാക്കിക്കൊടുത്തത് സുബ്രതാണ് എന്നാണ് പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.
സാമ്പത്തിക തർക്കങ്ങളെയും പിതാവ് വിനീതിന്റെ പരസ്ത്രീബന്ധങ്ങളും കാരണമാണ് താൻ അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സുബ്രത് സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാസങ്ങൾക്ക് മുമ്പേതന്നെ താൻ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നും സുബ്രത് വെളിപ്പെടുത്തിയിട്ടുണ്ട്.
ഫോൺ കോൾ റെക്കോർഡുകൾ, സിസിടിവി ദൃശ്യങ്ങൾ, കൊലപാതകം നടന്ന ദിവസത്തെ നീക്കങ്ങൾ എന്നിവയുമായി കേസിൽ ഉൾപ്പെട്ടവരുടെ മൊഴികൾ പോലീസ് ഒത്തുനോക്കി വരികയാണ്.
Content Highlights: Shalu, daughter-in-law of slain pharmaceutical businessman Vineet Manocha, broke her silence after being released from jail. Her husband, Subrat Manocha, was arrested for Vineet's murder. Shalu claimed ignorance of her husband's alleged plan to kill his father. Initially suspected of conspiring with hired killers, Shalu was released on a bond due to lack of evidence.
Published: 29 Sept 2026, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented