പത്തനംതിട്ട: ശബരിമലയിൽ ദ്വാരപാലക പാളികളിലെ സ്വർണം കവർന്ന കേസിലും തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ കട്ടിളപ്പാളി കേസിൽ റിമാൻഡിലാണ് കണ്ഠര് രാജീവര്. തന്ത്രിയെ ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകും.

To advertise here,

അതേസമയം സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ റിമാൻഡ് ചെയ്തു. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് റിമാൻഡ് ചെയ്തത്. കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു ശങ്കരദാസ്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു.

സ്വർണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠര് രാജീവര് ആണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴി നൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നു. എന്നാൽ, 1998-ൽ സ്വർണം പൊതിഞ്ഞെന്ന വസ്തുത ഈ കുറിപ്പിലുണ്ടായിരുന്നില്ലെന്ന് എസ്‌ഐടി വിലയിരുത്തിയിരുന്നു. ഈ കുറിപ്പിലാണ് പിന്നീട് മുരാരി ബാബു ചെമ്പുപാളികളെന്ന് മാറ്റിയെഴുതിയത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠര് രാജീവരിൽനിന്ന് എസ്‌ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാൽ, ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നുമായിരുന്നു രാജീവരുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ നേരത്തേ അറസ്റ്റിലായത്.